മട്ടുപ്പാവിലെ കോഴിക്കൂട് കാണാം; വെറ്ററിനറി കോളേജിലേയ്ക്ക് വരൂ

Posted on: 04 Apr 2013


മട്ടുപ്പാവിലെ മുട്ടക്കോഴി വളര്‍ത്തലിനുതകുന്ന കോഴിക്കൂടുകള്‍ വിതരണത്തിന് തയ്യാറാകുന്നു. മണ്ണുത്തി വെറ്ററിനറി കോളേജിലെ റിവോള്‍വിങ് ഫണ്ട് പൗള്‍ട്രി പ്രോജക്ടാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കൂടുകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്.

ഓട്ടോമാറ്റിക് നിപ്പിള്‍ സംവിധാനം, എഗ്ഗ് ട്രേ, കാഷ്ഠം ശേഖരിക്കുന്നതിനുള്ള ട്രേ തുടങ്ങിയ സൗകര്യങ്ങളോടെ മട്ടുപ്പാവിലും വെയ്ക്കാവുന്ന രീതിയിലുള്ള ഭാരം കുറഞ്ഞ കമ്പിവലക്കൂടുകളില്‍ കോഴി, അലങ്കാരപ്പക്ഷികള്‍, താറാവുകള്‍ തുടങ്ങിയവയെ വളര്‍ത്താനാകും. ഇന്ത്യന്‍ പൗള്‍ട്രി അസോസിയേഷന്‍ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ വെറ്ററിനറി കോളേജില്‍ നടക്കുന്ന വ്യാവസായിക പൗള്‍ട്രി എക്‌സിബിഷനിലാണ് കൂടുകള്‍ പ്രദര്‍ശനത്തിനു ഒരുക്കിയിരിക്കുന്നത്.

ഭാരതത്തിലെ വന്‍കിട ഇന്‍ക്യുബേറ്റര്‍ നിര്‍മാതാക്കളും നാമക്കല്ലിലെ പൗള്‍ട്രി വ്യവസായ സംരംഭകരും മാര്‍ച്ച് 26ന് നടക്കുന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

ഓട്ടോമാറ്റിക് നിപ്പിളുകള്‍, ഡീ ബീക്കറുകള്‍, ഓട്ടോമാറ്റിക് വാക്‌സിനേറ്ററുകള്‍, നൂതന തീറ്റ-വെള്ളം പാത്രങ്ങള്‍ തുടങ്ങി കേരള വിപണിയില്‍ ലഭ്യമല്ലാത്ത പൗള്‍ട്രി ഫാം ഉപകരണങ്ങളുടെ പ്രദര്‍ശനവും വില്പനയും ഇതോടൊപ്പം നടക്കും. മുട്ട വിരിയിക്കുന്നതിനുള്ള വൈദ്യുതിയിലും സൂര്യപ്രകാശത്തിലും പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേറ്ററുകളുടെ വിവിധ ഇനങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും. യൂണിവേഴ്‌സിറ്റി പൗള്‍ട്രി ഫാമിലെ വിവിധയിനം കോഴികളുടെ പ്രദര്‍ശനവും മട്ടുപ്പാവിലെ മുട്ടക്കോഴി വളര്‍ത്തലിനുള്ള ഐശ്വര്യ പദ്ധതിയുടെ രണ്ടാംഘട്ട രജിസ്‌ട്രേഷനും രാവിലെ 9.30 മുതല്‍ 4 മണിവരെ നടക്കുന്ന പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ബി. അജിത്ബാബു, 9446096855.


Stories in this Section