പ്രവാസി ജീവിതത്തിനുശേഷം ഹരിതശോഭ

Posted on: 04 Apr 2013


മണ്ണുത്തി: പ്രവാസി ജീവിതത്തില്‍നിന്ന് നാട്ടിലെത്തിയ യുവാവിന് കൃഷിയില്‍ പുതുജീവിതം. ഒന്നര ദശാബ്ദം നീണ്ട പ്രവാസി കാലഘട്ടത്തിനു ശേഷം കൃഷി തൊഴിലാക്കിയ ചേറ്റുവ സെയ്തുമുഹമ്മദ് ആണ് കാര്‍ഷികമേഖലയില്‍ വിജയഗാഥ രചിച്ചത്.

സൗദിയിലും കുവൈറ്റിലും പാചകക്കാരനായും ഡ്രൈവറായും ജോലി ചെയ്തിരുന്നു സെയ്തുമുഹമ്മദ്. 15 വര്‍ഷം ഗള്‍ഫില്‍ ജീവിക്കുമ്പോഴും എപ്പോള്‍ വേണമെങ്കിലും തൊഴില്‍ പോകുമെന്ന സ്ഥിതിയായിരുന്നു.

പിന്നീട് വിസ നഷ്ടപ്പെട്ടപ്പോഴും സെയ്തുമുഹമ്മദ് ദുഃഖിതനായില്ല. മനസ്സില്‍ ഒരു തൊഴില്‍സ്വപ്നമുണ്ടായിരുന്നു. 25 ആടുകള്‍, 30 നാടന്‍ കോഴികള്‍, 15 മുയലുകള്‍, അലങ്കാരമത്സ്യങ്ങള്‍... എല്ലാം ഇപ്പോള്‍ വീട്ടിലുണ്ട്. പച്ചക്കറി കൃഷിയും തുടങ്ങി. ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ച് കോഴിയും കാടയും ടര്‍ക്കിയും വിരിയിക്കുവാന്‍ തുടങ്ങിയതോടെ ബിസിനസ് കൂടുതല്‍ വിജയമായി. ഇതിനിടെ മണ്ണുത്തിയില്‍ 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' എന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

യന്ത്രമുപയോഗിച്ച് തെങ്ങുകയറ്റം, തെങ്ങുകൃഷി പരിപാലനം, വളപ്രയോഗം, കീടരോഗനിയന്ത്രണം, വിത്തുതേങ്ങകള്‍ തിരഞ്ഞെടുക്കല്‍ എന്നിവ പരിശീലിച്ചു. ഇപ്പോള്‍ ഒരു ദിവസം 50ല്‍പരം തെങ്ങ് കയറും. 25 രൂപയാണ് ഒരു തെങ്ങ് കയറാന്‍ വാങ്ങുന്നത്. നാട്ടിലേക്കു തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് നാളികേര വികസന ബോര്‍ഡിന്റെ ധനസഹായം വാങ്ങി കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ പദ്ധതികളില്‍ പങ്കാളിയാകാമെന്ന് സെയ്തുമുഹമ്മദ് പറയുന്നു. നഴ്‌സറി നിര്‍മാണം, ഗ്രാഫ്റ്റിങ്, പച്ചക്കറി കൃഷി, മുയല്‍വളര്‍ത്തല്‍ തുടങ്ങിയ പരിശീലനത്തില്‍ പ്രവാസികള്‍ക്കും നാട്ടിലുള്ള യുവാക്കള്‍ക്കും പങ്കാളിയാകാമെന്ന് കേന്ദ്രം മേധാവി ഡോ. രഞ്ജന്‍ എസ്.കരിപ്പായിയും പറയുന്നു.

സെയ്തുമുഹമ്മദിനെ ഭാര്യ ഷംലയും മക്കളായ സനീയ, നിസ്സാം എന്നിവരും സഹായിക്കുന്നു. 15000 രൂപ കൊടുത്ത് വാങ്ങിയ ഇന്‍ക്യുബേറ്ററില്‍ ഒരു മാസം 100 കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാനാകും. ആറാം ക്ലാസ് വരെ മാത്രമേ ഈ 37 കാരന്‍ പഠിച്ചിട്ടുള്ളു. തെങ്ങ് കയറാന്‍ വിളിച്ചാല്‍ ഓടിയെത്തുമെന്ന് സെയ്തുമുഹമ്മദ് പറയുന്നു. ഫോണ്‍: 9526593486. കൃഷി വിജ്ഞാനകേന്ദ്രം-ഫോണ്‍: 2375855.


Stories in this Section