വെള്ളവുമില്ല, വിലയുമില്ല; വെറ്റിലക്കര്‍ഷകര്‍ പ്രതിസന്ധിയില്‍

Posted on: 04 Apr 2013


എടക്കര: വെള്ളവുമില്ല ലഭിക്കുന്ന വെറ്റിലയ്ക്ക് വിലയുമില്ല, നിലമ്പൂരിലെ വെറ്റിലക്കര്‍ഷകര്‍ പ്രതിസന്ധിയില്‍. പാടങ്ങളിലും പുഴയുടെ ഓരങ്ങളിലുമാണ് ഇവിടെ വെറ്റിലക്കൃഷി ചെയ്യുന്നത്. എന്നാല്‍ ജലസ്രോതസ്സുകള്‍ ഇക്കൊല്ലം ജനവരിയോടെ വറ്റിയതാണ് കര്‍ഷകര്‍ക്ക് ഇരുട്ടടിയായത്. അരണാടംപാടം, പോത്തുകല്ല്, ഉപ്പട, പൂക്കോട്ടുംപാടം, കരുളായി, അകമ്പാടം പ്രദേശങ്ങളിലാണ് ഇപ്പോള്‍ വെറ്റിലക്കൃഷി ചെയ്യുന്നത്.

കുളങ്ങള്‍ ആഴംകൂട്ടിയിട്ടും കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നില്ല.
വെറ്റിലയ്ക്ക് കനത്ത വിലയിടിവാണ് വര്‍ഷങ്ങളായി നിലനില്‍ക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. 80 വെറ്റില ഉള്‍പ്പെടുന്ന ഒരു കെട്ടിന് 20 രൂപ മാത്രമാണ് ഇപ്പോഴത്തെ വില. 15 വര്‍ഷങ്ങള്‍ക്കുമുമ്പും വെറ്റിലയ്ക്ക് ഇതേ വിലയുണ്ടായിരുന്നു.
വളത്തിന്റെ വില, കൂലിച്ചെലവ്, പന്തലിനായി ഉപയോഗിക്കുന്ന മുളയുടെ വില എന്നിവ അനേകം ഇരട്ടി വര്‍ധിച്ചിട്ടുണ്ട്. തോട്ടങ്ങള്‍ സ്ഥിതിചെയ്യുന്നത് വൈദ്യുതി എത്തിച്ചേരാത്ത പ്രദേശങ്ങളിലാണ്. ഇവിടെ ജലസേചനത്തിനായി മണ്ണെണ്ണ മോട്ടോറുകളെയാണ് ആശ്രയിക്കുന്നത്.

പൊതു മാര്‍ക്കറ്റില്‍ മണ്ണെണ്ണയ്ക്ക് 60 രൂപയിലധികമാണ് വില. ലഭിക്കുന്ന സ്ഥലങ്ങളില്‍ പോലും ജലസേചനം സാധ്യമല്ലെന്നും കര്‍ഷകര്‍ പറയുന്നു. ആഴ്ചയിലൊരിക്കലാണ് ഇവിടെ വെറ്റിലയുടെ വിളവെടുപ്പ് നടത്തുന്നത്.
ജീവിതച്ചെലവിന് വകതന്നിരുന്ന കൃഷി വിവിധ കാരണങ്ങളാല്‍ ഒഴിവാക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.


Stories in this Section