പത്ത് സെന്റിലെ ക്ഷീരവിസ്മയം

Posted on: 30 Mar 2013

വീണാറാണി ആര്‍.
ആകെയുള്ള പത്തുസെന്റ് സ്ഥലത്ത് എന്ത് കൃഷി ചെയ്യാനാ എന്ന് ചോദിക്കുന്നവരാണ് നമ്മളിലധികവും. ഭൂമി ചെങ്കല്‍പ്പാറ കൂടിയാണെങ്കിലോ? പിന്നെ ചിന്തിക്കുകയേ വേണ്ട. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ കരിന്തളത്തെ രമണി ജില്ലാതല ക്ഷീര സഹകാരി അവാര്‍ഡും മില്‍മയുടെ ഡിസ്ട്രിക്ട് ഡെയറി ഫാര്‍മര്‍ അവാര്‍ഡും കണ്ണൂര്‍ ആകാശവാണിയുടെ വനിതാ ക്ഷീരകര്‍ഷക അവാര്‍ഡുമെല്ലാം വാരിക്കൂട്ടിയത് പത്ത് സെന്റ് പാറയിലെ ധവളവിപ്ലവത്തിലൂടെയാണെന്ന് പറഞ്ഞാല്‍ അതിശയോക്തി തോന്നാം. അതാണ് പാറയെ പച്ചപിടിപ്പിച്ച യാഥാര്‍ഥ്യം.

വീടിനടുത്തുള്ള തൊഴുത്തില്‍ 15 പശുക്കളാണുള്ളത്. വീട്ടിലെ കാര്യങ്ങളോടൊപ്പം തൊഴുത്തിലേക്കും നല്ല ശ്രദ്ധ നല്‍കാന്‍ ഇതുവഴി സാധിക്കുന്നതായി രമണി പറയുന്നു. സദാസമയവും വെള്ളം കുടിക്കാന്‍ ഓരോ പശുവിന്റെ മുന്നിലും ഒരിക്കലും വറ്റാത്ത പാത്രമുണ്ട്. തൊഴുത്തിനോട് ചേര്‍ന്നുള്ള ടാങ്കില്‍ ജലനിരപ്പില്‍ വ്യതിയാനംവരാതെ സൂക്ഷിക്കുന്ന സംവിധാനമാണ് അക്ഷയപാനപാത്രത്തിനു പിന്നിലെ രഹസ്യം. ഈ ഓട്ടോമാറ്റീക് ബൗള്‍ സിസ്റ്റം വേനലില്‍ പാലുത്പാദനം കുറയാതിരിക്കുവാന്‍ ഏറെ സഹായിക്കുന്നതായി ഈ വീട്ടമ്മ പറയുന്നു.

ചൂട് കൂടിയ അന്തരീക്ഷത്തില്‍ സാധാരണ കുടിക്കുന്ന വെള്ളത്തിന്റെ 100 മുതല്‍ 200 ശതമാനം കൂടുതല്‍ കുടിക്കുകയും അതുവഴി പശുക്കള്‍ അവയുടെ ശരീരത്തിലെ ഉയര്‍ന്നതാപം ക്രമീകരിക്കുകയും ചെയ്യുന്നു. ഇതില്‍ അക്ഷയ പാനപാത്രം വഹിക്കുന്ന പങ്കുവലുതാണ്.

ശുദ്ധജലം നല്‍കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം തീറ്റ നല്‍കുന്നതിലും രമണിക്ക് സ്വന്തം രീതിയുണ്ട്. ധാരാളം മാംസ്യവും ധാതുക്കളുമടങ്ങിയ ബിയര്‍വേസ്റ്റ് കന്നുകാലികള്‍ക്ക് നല്‍കുന്നതിലൂടെ രണ്ട് ലിറ്റര്‍ പാല്‍ അധികം ലഭിക്കുന്നതായി രമണി പറയുന്നു. ബിയര്‍ വേസ്റ്റിലെ ജലാംശം ക്രമപ്പെടുത്തിയാണ് പശുക്കള്‍ക്ക് നല്‍കുന്നത്. കൈയിലെടുത്ത് പിഴിഞ്ഞാല്‍ ജലാംശം വരാത്ത എന്നാല്‍ കട്ടപിടിച്ചിരിക്കാത്ത ബിയര്‍ വേസ്റ്റാണ് നല്ലതെന്ന പക്ഷക്കാരിയാണ് രമണി.

പഴക്കംചെല്ലുന്തോറും ബിയര്‍വേസ്റ്റിലെ ജീവകങ്ങളുടെ അളവ് കുറയുമെന്നതിനാല്‍ പുതുമയോടെ നല്‍കുന്നതും ഏറെ പ്രധാനമാണ്. പൂപ്പല്‍ ബാധയില്ലാത്ത ബിയര്‍വേസ്റ്റാണെന്ന് ഉറപ്പു വരുത്തണം. ബിയര്‍ വേസ്റ്റ് നല്‍കുന്നതോടൊപ്പം വൈക്കോലും അല്പം പിണ്ണാക്കും നല്‍കുന്നതാണ് രമണി സ്റ്റൈല്‍.

മുറ്റത്ത് ഒരുക്കിയ കോവല്‍പന്തല്‍ ഇടയ്ക്ക് കന്നുകാലികള്‍ക്കുള്ളമരുന്നാണ്. പാറപ്പുറത്ത് ഒരുക്കിയ ടാങ്കില്‍ അസോളകൃഷി ചെയ്യുന്നതും പശുക്കള്‍ക്ക് വേണ്ടിതന്നെ. ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് തീറ്റപ്പുല്‍കൃഷി ചെയ്യുന്നതിനാല്‍ തീറ്റച്ചെലവ് കുറയ്ക്കാന്‍ സാധിക്കുന്നതായി രമണി പറയുന്നു. ഹൈബ്രീഡ് നേപ്പിയറാണ് തീറ്റപ്പുല്ലായി തിരഞ്ഞെടുത്തിരിക്കുന്നത്.

ചാണകം ബയോഗ്യാസായി ഉപയോഗിക്കുന്നതിനാല്‍ എല്‍.പി.ജി. സിലിണ്ടറിന്റെ ആവശ്യം തീരെയില്ലെന്നതാണ് രമണിയുടെ അനുഭവം. ബയോഗ്യാസ് സ്ലറി തീറ്റപ്പുല്ലിന് മാത്രമല്ല പാട്ടക്കൃഷിയായി ചെയ്യുന്ന പച്ചക്കറിക്കുമുള്ള വളമാണ്.

യന്ത്രമുപയോഗിച്ചാണ് കറവ. അതുകൊണ്ടുതന്നെ പശുക്കള്‍ക്ക് അകിടുവീക്കം പോലുള്ള രോഗങ്ങള്‍ വരാറില്ല.

ഏറ്റവുംകൂടുതല്‍ പാല്‍ അളക്കുന്ന വനിതാകര്‍ഷകയായ രമണി ക്ഷീരവികസന വകുപ്പിന്റെയും കൃഷി വകുപ്പിന്റേയും പരിശീലന ക്ലാസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്താറുമുണ്ട്. കഠിനാധ്വാനത്തിലൂടെ ചെങ്കല്‍പ്പാറയോട് പടവെട്ടിനേടിയ വിജയത്തിന് പൂര്‍ണ പിന്തുണയേകുന്നത് ഭര്‍ത്താവ് സുരേന്ദ്രനും കുടുംബവും തന്നെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9526295788.
Stories in this Section