നെല്ലിനൊപ്പം പച്ചിലവളവും

Posted on: 24 Mar 2013

എം.കെ.പി. മാവിലായി
മേടത്തില്‍ പുതുമഴ ലഭിക്കുന്നതോടെ ഒന്നാംവിള നെല്‍ക്കൃഷിക്ക് പാടമൊരുക്കി വിത്തിടുന്ന രീതിയാണ് നമ്മുടെ നാട്ടില്‍ മിക്ക സ്ഥലങ്ങളിലുമുള്ളത്. ഇത്തരമൊരു രീതിയില്‍ പാടത്ത് പച്ചിലവളം ചേര്‍ത്ത് പരുവപ്പെടുത്തല്‍ പ്രായോഗികമല്ല. നെല്‍കൃഷിക്ക് ഓരോ സീസണിലും രണ്ടു ടണ്‍ ജൈവവളം ചേര്‍ക്കണമെന്നാണ് ശാസ്ത്രീയ ശുപാര്‍ശ.

പച്ചിലവളം ചേര്‍ക്കല്‍ പ്രായോഗികവുമല്ല. കാരണം പച്ചിലവളങ്ങള്‍ നെല്‍വിത്ത് വിതയ്ക്കും മുമ്പ് മണ്ണില്‍ ചേര്‍ത്താല്‍ വേണ്ടത്ര ജലാംശം ഇല്ലാത്തതിനാല്‍ അത് അഴുകി മണ്ണുമായി ചേര്‍ന്ന് കിട്ടില്ല. പാകം വന്ന കംബോസ്റ്റോ, കാലിവളമോ ചാക്കില്‍വരുന്ന മറ്റു ജൈവവളങ്ങളോ ഈയളവില്‍ ലഭ്യമാക്കണമെങ്കില്‍ ഏക്കറിന് പതിനഞ്ചായിരം ഉറുപ്പികയെങ്കിലും ചെലവ് വരും. വര്‍ധിച്ച ഉത്പാദനച്ചെലവുകളുമായി എങ്ങനെ നെല്‍ക്കൃഷി തുടര്‍ന്നുകൊണ്ടുപോകാനാവും.

പയര്‍വര്‍ഗ വിളകളായ മമ്പയര്‍, ചണമ്പ് എന്നിവയിലൊന്ന് നെല്‍വിത്തിനോടൊപ്പം ചേര്‍ത്തിടുകയാണെങ്കില്‍ അനായാസേന ഒന്നാംവിള നെല്‍കൃഷിയില്‍ ജൈവവളം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനാവും. പാടമൊരുക്കി ആദ്യമഴയോടെ നെല്‍വിത്ത് നുരിയിടുന്നതോടൊപ്പം ഏക്കറിന് അഞ്ചുകിലോഗ്രാം എന്ന നിരക്കില്‍ പച്ചില വളമായ ചണമ്പോ, മമ്പയറോ ചേര്‍ത്ത് വിതയ്ക്കണം. ഇത് വിജയപ്രദമാകണമെങ്കില്‍ ആദ്യമഴ ലഭിക്കുന്നതോടെത്തന്നെ വിത്തിടാന്‍ സാധിക്കണം. താമസിച്ച് വിത്തിട്ടാല്‍ മഴയുടെ ആധിക്യം കാരണം പയര്‍ വര്‍ഗച്ചെടികള്‍ വേണ്ടവിധം വളര്‍ന്നു വലുതാകാതെ ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്.

ആദ്യമഴ സമയത്ത് വിത്തിട്ടാല്‍ മണ്ണിലെ നേരിയ ഈര്‍പ്പം കൊണ്ട് നെല്ലും പയറും ഒരുമിച്ച് വളരും. പയര്‍വര്‍ഗ വിളകളുടെ ആദ്യഘട്ട വളര്‍ച്ച നെല്ലിനേക്കാള്‍ വേഗത്തിലായതിനാല്‍ അവ വേഗം വളര്‍ന്ന് പൊങ്ങും. കാലവര്‍ഷം കനക്കുന്നതോടെ പാടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുമ്പോള്‍ പയര്‍ വര്‍ഗച്ചെടികള്‍ക്ക് അതിജീവിക്കാന്‍ കഴിയാതെ അവ താനേ ചീഞ്ഞളിഞ്ഞ് നെല്ലിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കാവശ്യമായ മികച്ച ജൈവ വളമായി മാറും. നെല്ലിന് ശൈശവദശയില്‍ത്തന്നെ ആവശ്യാനുസരണം ജൈവാംശം ലഭ്യമാകുന്നതിന് പുറമെ ഒന്നാംവിള പൊടിവിത കൃഷിയില്‍ അനുഭവപ്പെട്ടു വരുന്ന കളശല്യവും പരമാവധി നിയന്ത്രിക്കാനും ഇതുവഴി സാധിക്കും. ഒരേക്കര്‍ സ്ഥലത്ത് ഇപ്രകാരമുള്ള കൃഷിരീതിയില്‍ പരമാവധി അഞ്ചേകാല്‍ ടണ്‍ പച്ചിലവളം ലഭ്യമായതായി കര്‍ഷകരുടെ അനുഭവങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. ചണമ്പും മമ്പയറുമെല്ലാം പയര്‍വര്‍ഗ ചെടികളായതിനാല്‍ ചെടികളുടെ വേരുകളില്‍ നിവസിക്കുന്ന റൈസോബിയം എന്ന ബാക്ടീരിയകള്‍ അന്തരീക്ഷ നൈട്രജന്‍ ശേഖരിക്കുകയും ചെടികള്‍ അഴുകുമ്പോള്‍ അതുകൂടി നെല്‍ക്കൃഷിക്ക് ലഭ്യമാകുകയും ചെയ്യുന്നു. അതിനാല്‍ നെല്‍ക്കൃഷിക്ക് ഉപയോഗിക്കുന്ന യൂറിയ, ഫാക്ടംഫോസ് മാതിരിയുള്ള രാസവളങ്ങളുടെ അളവിലും ഗണ്യമായ കുറവ് വരുത്താനാവും. സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കര്‍ഷകര്‍ക്ക് അനുകരിക്കാവുന്ന ഈ കൃഷിരീതി വയനാട് ജില്ലയില്‍ നീര്‍ത്തട വികസന പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ പ്രോത്സാഹിപ്പിച്ചു വരുന്നുണ്ട്.
Stories in this Section