ജവാന്‍ ഓഫ് ചേലേമ്പ്ര

Posted on: 31 Jan 2013കോഴിക്കോട്:വിരമിച്ച പട്ടാളക്കാരെന്നുപറഞ്ഞാല്‍ നാലാള്‍ കൂടുന്നിടത്തൊക്കെ ബഡായി പറഞ്ഞുനില്‍ക്കുന്ന കപ്പടാ മീശക്കാരനെയോ, അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ കാവല്‍പ്പണിയുമായി നെഞ്ചും വിരിച്ചുനില്‍ക്കുന്ന സെക്യൂരിറ്റി ജീവനക്കാരനെയോ ആണ് ആദ്യം ഓര്‍ക്കുക. ചേലേമ്പ്രക്കാരന്‍ നീലമന ശങ്കരന്‍ എമ്പ്രാന്തിരി പട്ടാളത്തില്‍നിന്നു പിരിഞ്ഞപ്പോള്‍ ബഡായി പറഞ്ഞില്ലെങ്കിലും സെക്യൂരിറ്റി ജീവനക്കാരന്റെ ജോലിനോക്കി. പക്ഷേ, ഉള്ളിലെ കര്‍ഷകന്‍ മണ്ണ് തരിശായി കിടക്കുകയാണെന്നോര്‍മിപ്പിച്ചപ്പോള്‍ ജോലി വിട്ടു. ഇപ്പോള്‍ നാട്ടിലെല്ലാവര്‍ക്കും മാതൃകാകര്‍ഷകനാണ് ശങ്കരന്‍ എമ്പ്രാന്തിരി.

കൃഷിയെന്നുപറയുമ്പോള്‍ നെല്ലും വാഴയും കപ്പയും കമുകും ചേനയും ചേമ്പും തുടങ്ങി തീറ്റുപ്പുല്ലുവരെ മാറി മാറി ഇടവിളയായി കൃഷിചെയ്യുന്ന രീതിയാണ് ശങ്കരന്‍ പരീക്ഷിക്കുന്നത്. ഒപ്പം ആടിനെയും പശുവിനെയും വളര്‍ത്തുന്ന ഫാമും. സമ്മിശ്ര കൃഷിരീതി കൊണ്ടുമാത്രമെ ഇന്നത്തെക്കാലത്ത് മുന്നോട്ടുപോകുവാന്‍ സാധിക്കുകയുള്ളൂവെന്ന് ശങ്കരന്‍ പറയുന്നു. ഒരു വിളയില്‍ നിന്ന് നഷ്ടം പറ്റിയാലും മറ്റൊരു വിള തുണയ്‌ക്കെത്തും. അതുകൊണ്ട് സമ്മിശ്ര കൃഷിരീതിയിലേക്ക് എല്ലാവരും തിരിയണമെന്നാണ് ശങ്കരന്റെ അഭിപ്രായം.

ജൈവ കൃഷിരീതിയാണ് ശങ്കരന്‍ പിന്തുടരുന്നത്. ജൈവകൃഷിയ്‌ക്കൊപ്പം മൃഗസംരക്ഷണവും ഫലപ്രദമായി നടപ്പാക്കാനാകും. ഫാമിലെ ചാണകവും കാലിത്തീറ്റയുടെ അവശിഷ്ടങ്ങളുമെല്ലാം കൃഷിക്ക് വളമായി ഉപയോഗിക്കും.

കൃഷിയിടത്തില്‍ നിന്ന് ചെടികളുടെ ഇലയും തണ്ടുമെല്ലാം ഫാമിലെ ആടുകള്‍ക്ക് ഭക്ഷണവുമായി എത്തും. നാലരഏക്കര്‍ സ്ഥലത്താണ് ശങ്കരന്‍ എമ്പ്രാന്തിരിയുടെ കൃഷിയെല്ലാം.

ക്ഷീരവികസനത്തിനും നല്ല ശ്രദ്ധവേണമെന്നാണ് ശങ്കരന്‍ എമ്പ്രാന്തിരിയുടെ പക്ഷം. ശങ്കരന്റെ ഫാമിലുള്ളവരും ചില്ലറക്കാരല്ല. ആടുകളിലാണെങ്കില്‍ മലബാറി, ജമുന തുടങ്ങി രാജസ്ഥാന്‍ ബ്രീഡുകളായ സിരോഹി, കരോളി എന്നിങ്ങനെ ലിസ്റ്റ് നീളും. പശുക്കളില്‍ ഗീര്‍ പശുവിനും ജഴ്‌സിക്കുമാണ് പ്രാമുഖ്യം. എന്നാല്‍ നാടന്‍ ഇനങ്ങളും കൈവശമുണ്ട്.

ശങ്കരന്റെ ഫാമില്‍ പശുവിനും ആടിനും പ്രത്യേകം ആലകള്‍ കെട്ടിയുണ്ടാക്കിയിട്ടുണ്ട്. കാറ്റും വെളിച്ചവും നന്നായി കടക്കുന്നതിനായി വയലിനോട് ചേര്‍ന്നാണ് ഫാം പണിതത്. ദിവസവും രണ്ടുനേരവും വെള്ളമുപയോഗിച്ച് തൊഴുത്ത് വൃത്തിയാക്കും. പശുക്കളെ കുളിപ്പിക്കും. കൃത്യമായ ഇടവേളകളിലാണ് ഭക്ഷണം കൊടുക്കുന്നത്.

വേവിച്ച ഭക്ഷണം അമിതമായി നല്‍കിയാല്‍ അസിഡിറ്റി വരുമെന്നതിനാല്‍ കന്നുകാലികള്‍ക്ക് ചോറും വീട്ടിലെ ബാക്കിയാകുന്ന മറ്റു ഭക്ഷണവും കൊടുക്കരുത്. പുല്ല്, കാലിത്തീറ്റ, പച്ചക്കപ്പ, തവിട് എന്നിവയാണ് പശുവിന് നല്‍കുന്നത്. ആടിനാണെങ്കില്‍ പുല്ലും മറ്റ് ഇലവര്‍ഗങ്ങളും മാറിമാറി നല്‍കും. കറവമെഷീന്‍ ഉള്‍പ്പടെയുള്ള എല്ലാ ആധുനിക സംവിധാനങ്ങളും ഫാമിലുണ്ട്. എല്ലാത്തിനുമുപരിയായി യഥാസമയങ്ങളില്‍ കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാന്‍ മറക്കരുതെന്നും ശങ്കരന്‍ പറയുന്നു.

ഫാമിലെ പണികള്‍ക്ക് കൈയാളായി നില്‍ക്കുന്നത് അന്യസംസ്ഥാന തൊഴിലാളിയായ ബല്‍വിന്ദ് സിങ്ങാണ്. നാട്ടില്‍ തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് അന്യസംസ്ഥാനതൊഴിലാളിയെ പരീക്ഷിച്ചത്.
സൈന്യത്തിലെ പരിചയം ഭാഷയുടെ കാര്യത്തിലും തുണച്ചു.

കാര്‍ഷിക വകുപ്പ് ശങ്കരന്റെ ഫാമിന് ഫാം സ്‌കൂള്‍ പദവിയും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇവിടെവെച്ച് കൃഷിയില്‍ തല്പരരായവര്‍ക്ക് ബോധവത്കരണ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളും കൃഷിയും കന്നുകാലി വളര്‍ത്തലും കണ്ടുപഠിക്കാനായി ഫാമിലെത്തുന്നു.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സര്‍ക്കാര്‍ സംവിധാനം കുറച്ചുകൂടി കര്‍ഷകസൗഹാര്‍ദ മനോഭാവം കാണിക്കണമെന്നാണ് ശങ്കരന്റെ അഭിപ്രായം. ജൈവ കൃഷിയെ പ്രോത്‌സാഹിപ്പിക്കുമെന്ന് പറയുമല്ലാതെ അതിനുവേണ്ട നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല, ക്ഷീരകര്‍ഷകരുടെ കാര്യത്തിലും സമാനമാണ് അവസ്ഥ. മതിയായ എണ്ണം മൃഗഡോക്ടര്‍മാരോ അനുബന്ധ സംവിധാനമോ സംസ്ഥാനത്തില്ലെന്നും ശങ്കരന്‍ ചൂണ്ടിക്കാട്ടുന്നു. പറയുക മാത്രമല്ല ചേലേമ്പ്ര കണ്ടായിപാടം ക്ഷീരസഹകരണസംഘത്തിന്റെ സ്ഥാപക മെമ്പറും സജീവ ഭാരവാഹിയും കൂടിയാണ് ശങ്കരന്‍.

നീനു മോഹന്‍Stories in this Section