നെല്‍കൃഷിക്ക് ഗുരുനാഥനായി വേലായുധന്‍നായര്‍

Posted on: 30 Jan 2013


തിരുവനന്തപുരം:നഗരത്തിലെ സ്‌കൂളുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ നെല്‍കൃഷിയെക്കുറിച്ച് പഠിക്കാനെത്തുന്നത് പാരമ്പര്യ കര്‍ഷകനായ വേലായുധന്‍നായരുടെ പുല്ലമ്പാറയിലെ പാടശേഖരത്തിലാണ്. നെല്ലിന്റെയും കാര്‍ഷിക സംസ്‌കൃതിയുടെയും അറിവ് പകരാന്‍ ഗുരുനാഥനായി വേലായുധന്‍നായര്‍ അവിടെയുണ്ടാകും.

പുല്ലമ്പാറ കിഴക്കതില്‍ വീട്ടില്‍ 69 കാരനായ വേലായുധന്‍നായര്‍ക്ക് പങ്കുവെക്കാനുള്ളത് 60 വര്‍ഷത്തെ നെല്‍കൃഷിയുടെ അനുഭവങ്ങളാണ്. ജ്യേഷ്ഠന്‍ ബാലകൃഷ്ണപിള്ള വിളയിച്ചെടുത്ത നൂറുമേനി പാടങ്ങളാണ് വേലായുധന്‍നായരെ നെല്‍കൃഷിയുടെ ഉപാസകനാക്കിയത്.

4-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തൂമ്പയുമെടുത്ത് പാടത്തിറങ്ങി. പിന്നെ നെല്‍കൃഷിയുടെ പാഠങ്ങള്‍ ഓരോന്നായി സ്വായത്തമാക്കാന്‍തുടങ്ങി. വിതയ്ക്കാനും കൊയ്യാനും മെതിക്കാനും കലപ്പകൊണ്ട് പൂട്ടാനും മരമടിക്കാനും എല്ലാം പഠിച്ചു. അങ്ങനെ 12-ാം വയസ്സില്‍ പൂര്‍ണ കര്‍ഷകനായി.

ഒപ്പം സ്‌കൂള്‍പഠനവും തുടര്‍ന്നു. ഉഴവ് മൃഗങ്ങള്‍ക്കൊപ്പമുള്ള ഓട്ടം വേലായുധന്‍നായരെ കായിക അഭ്യാസികൂടിയാക്കി. തുടര്‍ന്ന് ശംഖുംമുഖം ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിട്യൂട്ടില്‍ പരിശീലനം നേടി. മാസങ്ങള്‍ക്കകം കായിക അധ്യാപകനായി ജോലിയും കിട്ടി. എങ്കിലും കൃഷിയെ കൈവിടാന്‍ തയ്യാറായില്ല.

ആരെങ്കിലും ജോലിയെന്ത് എന്ന് ചോദിച്ചാല്‍ വേലായുധന്‍നായര്‍ ആദ്യം പറയുന്ന മറുപടി നെല്‍കൃഷിക്കാരന്‍ എന്നാണ്. അത്രയ്ക്ക് ഇഴുകിച്ചേര്‍ന്ന ജീവിതമാണ് നെല്‍കൃഷിയുമായുള്ളത്.

വിരമിച്ചതിനുശേഷം മുഴുവന്‍ സമയവും നെല്‍കൃഷിക്കുവേണ്ടി മാറ്റിവെച്ചു. നാടായ വയലുകളൊക്കെ നാണ്യവിളകള്‍ വച്ചുപിടിപ്പിക്കാനും സൗധങ്ങള്‍ നിര്‍മിക്കാനും മണ്ണിട്ട് നികത്തിയപ്പോള്‍ വേലായുധന്‍നായര്‍ കര്‍ഷകരെ പങ്കെടുപ്പിച്ച് പാടശേഖരസമിതിയുണ്ടാക്കി. വീട്ടുമുന്നിലെ പാടശേഖരങ്ങള്‍ എല്ലാം നഷ്ടം സഹിച്ചും കൃഷിയിറക്കിക്കൊണ്ടിരുന്നു.
ഒരു ഹെക്ടറില്‍ 11.8 ടണ്‍ നെല്‍ വിളയിച്ച് റെക്കോര്‍ഡിട്ടു.

കഴിഞ്ഞ പത്തു വര്‍ഷമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നെല്‍കൃഷിയുടെ റിസോഴ്‌സ് പേഴ്‌സണായി പ്രവര്‍ത്തിക്കുകയാണ്.
ഇവിടെയെത്തുന്നവര്‍ക്ക് അറിവിനൊപ്പം കപ്പയും മുളകും കൂട്ടുചേര്‍ത്ത് അന്നവും നല്‍കുന്നുണ്ട്.
'മാതൃഭൂമി സീഡി'ന്റെ കൃഷി ക്ലാസ് എടുക്കുന്നതും വേലായുധന്‍നായരാണ്.

വീട്ടില്‍ നെല്‍കൃഷിയുടെ ഒരു ചെറു മ്യൂസിയവും ഒരുക്കിക്കൊണ്ടിരിക്കുകയാണ്. പഴയ കലപ്പ, നുകം, മരം, പറ, വിവിധതരം തൂമ്പകള്‍, മരവുരല്‍, പാക്ക്ചാടി...ഇങ്ങനെ കൗതുകമായ പല കാര്‍ഷിക ഉപകരണങ്ങളും ചെറുമ്യൂസിയത്തിലുണ്ട്.
27 മുതല്‍ 30 വരെ കനകക്കുന്നില്‍ നടക്കുന്ന 'നാഷണല്‍ ബയോ ഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്-12' ലേക്ക് നെല്‍കൃഷി അനുഭവങ്ങള്‍ പങ്കുവെക്കാന്‍ കേരളാ സ്റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് വേലായുധന്‍നായരെ ക്ഷണിച്ചിരിക്കുകയാണ്.
ഇതിനകംതന്നെ നിരവധി സംഘടനകളും വേലായുധന്‍നായര്‍ക്ക് പുരസ്‌കാരം നല്‍കിയിട്ടുണ്ട്.

*കെ. പി. സാജിദ്‌


Stories in this Section