ശബ്ദമലിനീകരണം തടയാന്‍ കയറില്‍നിന്ന് ഉത്‌പന്നം വികസിപ്പിക്കുമെന്ന് മന്ത്രി

Posted on: 30 Jan 2013


ആലപ്പുഴ: കയറിനും ചകരിനാരിനും ശബ്ദത്തെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഇത് പ്രയോജനപ്പെടുത്തി ശബ്ദമലിനീകരണം തടയാനുള്ള ഉത്പന്നങ്ങള്‍ വികസിപ്പിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദഗ്ധരുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഫിബ്രവരി ഒന്നുമുതല്‍ ആറുവരെ ആലപ്പുഴ ഇ.എം.എസ്. സ്‌റ്റേഡിയത്തില്‍ നടക്കുന്ന കയര്‍ കേരള അന്താരാഷ്ട്ര മേളയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കയര്‍ മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കയര്‍ മേളയില്‍ ഇക്കുറി 200 കോടി രൂപയുടെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. 70 രാജ്യങ്ങളില്‍ നിന്നായി 150 പ്രതിനിധികള്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം 35 രാജ്യങ്ങളിലെ പ്രതിനിധികളാണ് പങ്കെടുത്തിരുന്നത്. ഇക്കുറി സ്റ്റാളുകളുടെയും മറ്റും സൗകര്യം 20 ശതമാനത്തോളം കൂട്ടിയിട്ടുണ്ട്. കയര്‍ മേളയുടെ ഫലമായി സഹകരണ സംഘങ്ങള്‍ക്കും വിദേശത്തുനിന്ന് കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. ഇക്കുറി കൂടുതല്‍ ഓര്‍ഡര്‍ ലഭ്യമാക്കി സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കയര്‍ ഉത്പന്ന നിര്‍മ്മാണത്തിനുള്ള യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. വരുന്ന കാബിനറ്റ് യോഗത്തില്‍ തീരുമാനമുണ്ടാകും. ഫിബ്രവരി ഒന്നിന് വൈകിട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കയര്‍ മേള ഉദ്ഘാടനം ചെയ്യും. കയര്‍ മേളയുടെ നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ ഇക്കുറി ഒന്നരക്കോടി രൂപ സഹായം നല്‍കിയിട്ടുണ്ട്. ഡി.സി.സി. പ്രസിഡന്റ് എ.എ. ഷുക്കൂര്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സി.ആര്‍. ജയപ്രകാശ്, ഫോം മാറ്റിങ്‌സ് എം.ഡി. മുഞ്ഞിനാട്ട് രാമചന്ദ്രന്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ആര്‍. രാജേന്ദ്രപ്രസാദ്, ഡി. സുഗതന്‍, ബാബു ജോര്‍ജ്, സുനില്‍ ജോര്‍ജ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


Stories in this Section