കാമ്പ്രത്തെ കുഞ്ഞുകര്‍ഷകനെത്തേടി മന്ത്രിസഭയിലെ 'കര്‍ഷക'നെത്തി

Posted on: 30 Jan 2013കല്പറ്റ: പൊഴുതന കാമ്പ്രത്ത് ഫാമിന്റെ ഉടമയായ കുഞ്ഞുകര്‍ഷകനെത്തേടി സംസ്ഥാന മന്ത്രിസഭയിലെ 'വലിയ കര്‍ഷകന്‍' പി.ജെ. ജോസഫ് എത്തി. തൊടുപുഴ ഗാന്ധിജി സ്റ്റഡിസെന്റര്‍ സംസ്ഥാനത്തെ മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത ഹാഷിഖിനെ തേടിയാണ് മന്ത്രി വന്നത്.

കാമ്പ്രത്ത് മുസ്തഫയുടെയും റുഖിയയുടെയും മകനായ ഹാഷിഖ് കഴിഞ്ഞ അഞ്ചുവര്‍ഷമായി കാര്‍ഷികമേഖലയില്‍ സജീവമാണ്. അവാര്‍ഡ്ദാനച്ചടങ്ങില്‍വെച്ചുതന്നെ ഹാഷിഖിനോട് കൃഷിത്തോട്ടം കാണാന്‍ വരുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഹാഷിഖിന്റെ കാമ്പ്രത്ത് ഫാമില്‍ എത്തിയ മന്ത്രി അരമണിക്കൂര്‍ ചെലവഴിച്ചു. കാബേജ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തശേഷമാണ് മടങ്ങിയത്. കാമ്പ്രത്ത് ഫാം കണ്ട മന്ത്രി അത്ഭുതപ്പെടുകയും ചെയ്തു. പോളിടെക്‌നിക്ക് പഠനം പൂര്‍ത്തീകരിച്ച ഹാഷിഖ് പത്താംക്ലാസ്സ്മുതല്‍ കാര്‍ഷികമേഖലയിലുണ്ട്. ഒന്നര ഏക്കര്‍ സ്ഥലത്താണ് കൃഷി.

കാമ്പ്രത്ത് മൊയ്തീന്‍ഹാജിയുടെ കൊച്ചുമകനായ ഹാഷിഖിന് കൃഷിയില്‍ താത്പര്യം വര്‍ധിപ്പിച്ചത് ഉപ്പൂപ്പയാണ്. കാബേജ്, കോളിഫ്ലവര്‍, എന്നിങ്ങനെ വിവിധ പച്ചക്കറികള്‍, പശു, ആട്, മുയല്‍ എന്നീ മൃഗങ്ങളും ഫാമിലുണ്ട്. വിവിധ കൃഷികള്‍ ഒരുമിച്ചുചെയ്യുന്ന രീതിയാണ് ഹാഷിഖിന്റേത്. ഒരു കൃഷിയില്‍ നഷ്ടമുണ്ടായാല്‍ മറ്റൊന്നില്‍ നികത്താനാകും. കൃഷിക്കുപുറമെ ബയോഗ്യാസ് പ്ലാന്റും ഉണ്ട്. പ്ലാന്റില്‍നിന്നുള്ള സ്‌ലറി വളമായും ഉപയോഗിക്കുന്നു. തുടക്കത്തില്‍ രാസവളങ്ങള്‍ മണ്ണില്‍ പ്രയോഗിച്ചുവെങ്കിലും ഇപ്പോള്‍ പൂര്‍ണമായും ജൈവകൃഷിരീതിയാണ് അവലംബിക്കുന്നത്.

കൃഷിരീതികള്‍ കണ്ട് മന്ത്രി പി.ജെ. ജോസഫ് ഹാഷിഖിനെ പ്രശംസിക്കാനും മറന്നില്ല.


Stories in this Section