കേരളത്തിലൊരു സ്വിസ് ഫാം

Posted on: 27 Jan 2013

ജി.എസ്. ഉണ്ണികൃഷ്ണന്‍നായര്‍

നഗരത്തിരക്കുകളില്‍ നിന്നകന്ന് ഗ്രാമത്തിലെ പച്ചപ്പും സ്വസ്ഥതയും ആസ്വദിച്ച് ഒഴിവുവേളകള്‍ ചെലവിടാന്‍ ആഗ്രഹിക്കാത്തവരില്ല. കൃഷിയിട വിനോദസഞ്ചാരം എന്ന ആശയത്തിന് പ്രചാരമേറിവരുന്ന കാലമാണിത്. ഈ സാഹചര്യത്തില്‍ തൃശ്ശൂരെ അഷ്ടമിച്ചിറയില്‍ ഇത്തരമൊരു സംരംഭം വിജയകരമായി മുന്നേറുന്നു. ഇതിന് പ്രചോദനം സ്വിറ്റ്‌സര്‍ലന്‍ഡാണ്.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലിചെയ്യുകയും കുടുംബമായി കഴിയുകയും ചെയ്യുന്ന സെബി പഴയാറ്റില്‍ എന്ന യുവാവിനെ ഫാം ടൂറിസം എന്ന ആശയത്തോടടുപ്പിച്ചത് രണ്ടു കാര്യങ്ങളാണ്. സ്വന്തം ഗ്രാമമായ അഷ്ടമിച്ചിറയില്‍നിന്ന് കൃഷിയും പച്ചപ്പും ഗ്രാമീണതയും അപ്രത്യക്ഷമാകുന്നുവെന്നത് സെബിയില്‍ ഏറെ നിരാശയുണ്ടാക്കി. അതേസമയം, സ്വിറ്റ്‌സര്‍ലന്‍ഡില്‍ കൃഷിയിടങ്ങളെയും ഗ്രാമങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഗ്രാമീണ ടൂറിസം പച്ചപിടിക്കുന്നത് സെബി നേരിട്ടു കാണുകയും ചെയ്തു. അങ്ങനെയാണ് 'അന്നാസ് സ്വിസ് ഫാം' 2005-ല്‍ നിലവില്‍വരുന്നത്.

17 ഏക്കറുള്ള ഈ കൃഷിത്തോട്ടം കൃഷിക്കൊപ്പം വിനോദസഞ്ചാരമെന്ന ആശയത്തിന് പ്രാധാന്യം നല്‍കുന്നു. സ്വിസ് മാതൃകയിലാണ് തൊഴുത്തുണ്ടാക്കിയിട്ടുള്ളത്. രണ്ടു തട്ടുകളായുണ്ടാക്കിയ ഓല മേഞ്ഞ ഉയരത്തിലുള്ള മേല്‍ക്കൂര തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കുന്നു. മുകളിലെ രണ്ടു തട്ടുകള്‍ക്കിടയിലൂടെയും വശങ്ങളിലൂടെയും കാറ്റുകയറാന്‍ സൗകര്യമുണ്ട്. ഇതുകൂടാതെ റബ്ബര്‍മാറ്റുകള്‍ തറയില്‍ വിരിച്ചും ദിവസവും വെള്ളം ചീറ്റിയും തൊഴുത്ത് ശുചിയായി സൂക്ഷിക്കുന്നു. കറവ പൂര്‍ണമായും യന്ത്രം ഉപയോഗിച്ചാണ്. ഓട്ടോമാറ്റിക്കായി കന്നുകാലികള്‍ക്കുള്ള കുടിവെള്ളം ലഭ്യമാക്കുന്ന സംവിധാനവുമുണ്ട്.

പച്ചപ്പുല്ലാണ് കന്നുകാലികളുടെ തീറ്റയില്‍ ഭൂരിഭാഗവും. പുറമേ ബാര്‍ലി, ഗോതമ്പ്, ചോളം എന്നിവ ചേര്‍ത്തുണ്ടാക്കിയ തീറ്റ നല്‍കുന്നു. ഫാമില്‍ വ്യാപകമായി പുല്‍ക്കൃഷിയുണ്ട്. കോ-3, പാരാഗ്രാസ്, ഓസ്‌ട്രേല്യന്‍ ഗ്രാസ്, തുമ്പുര്‍മുഴി എന്നീ ഇനങ്ങള്‍ കൃഷിചെയ്യുന്നതില്‍ തുമ്പുര്‍മുഴി മെച്ചമാണെന്ന് ഫാമിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബൈജു ജോസ് പറഞ്ഞു. അധികം വണ്ണംവെക്കില്ലെന്നതും കാറ്റടിച്ചു ചരിയില്ലെന്നതുമാണ് ഈയിനത്തിന്റെ സവിശേഷതകള്‍. ചാണകസ്ലറി, ചാണകം, ഗോമൂത്രം എന്നിവയാണ് പുല്ലിന് വളമായി നല്‍കുന്നതെന്നതിനാല്‍ അവ പെട്ടെന്നുതന്നെ വളരുന്നു. ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും പച്ചക്കറിയും കട്ട്ഫ്ലവര്‍ ചെടികളുമൊക്കെ ഫാമിലുണ്ട്, ഉദ്യാനവും. ഫലവൃക്ഷങ്ങളില്‍ മുഖ്യം വിവിധയിനം വാഴകളാണ്. സമ്പൂര്‍ണ ജൈവകൃഷിയാണ് ഇവയ്‌ക്കെല്ലാം അനുവര്‍ത്തിക്കുന്നത്.

തറനിരപ്പില്‍നിന്ന് ആറടിയോളം ഉയരത്തില്‍ മുളയുപയോഗിച്ചുണ്ടാക്കിയ ഓലമേഞ്ഞ ഷെഡ്ഡുകളില്‍ നൂറോളം നാടന്‍ ആടുകള്‍ വളരുന്നു. മലബാറി ഇനത്തില്‍പ്പെട്ട ഇവയ്ക്ക് തീറ്റപ്പുല്ലുതന്നെയാണ് നല്‍കുന്നത്. ആടിന്റെ കാഷ്ഠവും മൂത്രവും അഴികള്‍ക്കിടയിലൂടെ താഴെ വീഴുംവിധമാണ് കൂടിന്റെ സംവിധാനം. വായുസഞ്ചാരവും ഉറപ്പുവരുത്തിയിരിക്കുന്നു. ആട്ടിന്‍കാഷ്ഠവും മൂത്രവുമൊക്കെ മണ്ണിരക്കമ്പോസ്റ്റാക്കും. കൂടാതെ, ചാണകവും ആട്ടിന്‍കാഷ്ഠവും ഫാമിലെ തീറ്റ അവശിഷ്ടങ്ങളും ഉപയോഗിച്ച് ജൈവവാതക പ്ലാന്റ് പ്രവര്‍ത്തിപ്പിച്ച് പാചകവാതകം ഉത്പാദിപ്പിക്കുന്നു. ശേഷിക്കുന്ന ചാണകസ്ലറി വിളകള്‍ക്കു വളമായി നല്‍കുന്നുണ്ട്. ഇരുന്നൂറോളം നാടന്‍ കോഴികള്‍ക്കു പുറമേ സന്ദര്‍ശകരെ ആകര്‍ഷിക്കാനായി പലയിനം അലങ്കാരക്കോഴികളെയും ഷെഡുകളില്‍ വളര്‍ത്തുന്നു. നൂറോളം കുട്ടനാടന്‍ താറാവുകള്‍ക്ക് നീന്താന്‍ കുളങ്ങള്‍ സജ്ജമാണ്. മുന്നൂറോളം കാടകളും മുയലുകളുമാണ് ഫാമിലെ മറ്റ് അന്തേവാസികള്‍.

ഫാമിലെത്തുന്നവരെ ഏറ്റവും രസിപ്പിക്കുന്നത് എമു പക്ഷികളാണ്. ഇവയ്ക്ക് തീറ്റ കൊടുക്കാനും ഒപ്പം ഫോട്ടോയെടുക്കാനുമൊക്കെ അവസരമുണ്ട്. എമുകള്‍ക്ക് കൂട്ടായി ഒട്ടകപ്പക്ഷികളും താമസിയാതെ എത്തും.

മത്സ്യകൃഷിയാണ് മറ്റൊരു പ്രധാന സംരംഭം. രോഹു, കട്‌ല, ഗ്രാസ്‌കാര്‍പ്പ്, തിലോപ്പിയ, കരിമീന്‍ എന്നീ മത്സ്യങ്ങളെ വലിയ കുളങ്ങളില്‍ വളര്‍ത്തുന്നു.അന്നാസ് സ്വിസ്ഫാം സന്ദര്‍ശകരില്‍നിന്ന് പ്രവേശനഫീസൊന്നും ഈടാക്കുന്നില്ല. ഫാമിലെ ഉത്പന്നങ്ങളെല്ലാം സെയില്‍സ് കൗണ്ടറിലൂടെ വിറ്റഴിക്കുന്നതാണ് പ്രധാന വരുമാനം. പാല്, നെയ്യ്, വാഴപ്പഴം, കാടമുട്ട തുടങ്ങിയ ജൈവ ഉത്പന്നങ്ങള്‍ കൗണ്ടര്‍ വഴി പെട്ടെന്നുതന്നെ ചെലവാകുന്നു.

ബൈജു ജോസിന്റെ നേതൃത്വത്തിലുള്ള യുവജനങ്ങളുടെ സംഘമാണ് അന്നാസ് സ്വിസ്ഫാമിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അന്നന്നുള്ള വിവരങ്ങള്‍ മെയില്‍ വഴി സെബിയെ അറിയിക്കുന്നു. കൂടാതെ സെബി ഇടയ്ക്കിടെ നാട്ടിലെത്തി ഫാം പ്രവര്‍ത്തനം വിലയിരുത്തുന്നുണ്ട്. പോളിഹൗസിലെ കൃഷിയും മറ്റും ഫാമില്‍ നടപ്പാക്കാനാണ് സെബിയുടെ തീരുമാനം.
Stories in this Section