വരള്‍ച്ച: 65,762 ഏക്കര്‍ നെല്‍കൃഷി നശിച്ചു

Posted on: 23 Jan 2013

പി. സുരേഷ്ബാബുമാങ്കുളം (ഇടുക്കി): കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്ത് 65,762 ഏക്കര്‍ നെല്‍കൃഷി ഉണങ്ങിനശിച്ചു. എട്ട് ജില്ലകളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൃഷിനാശം കണക്കാക്കിയിരിക്കുന്നത്. ഭാഗിക കൃഷിനാശത്തിന്റെ വിവരങ്ങള്‍കൂടി ചേര്‍ത്താല്‍ രണ്ടാം വിള നെല്ലുത്പാദനത്തില്‍ വന്‍ കുറവുണ്ടാകുമെന്ന് കൃഷിവകുപ്പ് സൂചന നല്‍കി.

പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട, മലപ്പുറം, കാസര്‍കോട്, വയനാട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് നെല്‍കൃഷി നശിച്ചത്. ഏറ്റവുമധികം നാശം വയനാട് ജില്ലയിലാണ്- 9254 ഹെക്ടര്‍.

പാലക്കാട്- 7014.5 ഹെക്ടര്‍, തൃശ്ശൂര്‍- 890 ഹെക്ടര്‍, പത്തനംതിട്ട- 1780 ഹെക്ടര്‍, മലപ്പുറം- 2127 ഹെക്ടര്‍, കാസര്‍കോട്- 240 ഹെക്ടര്‍ എന്നിങ്ങനെയാണ് കൃഷി നശിച്ചിരിക്കുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉപ്പുവെള്ളം കയറി 5000 ഹെക്ടറോളം നെല്‍പ്പാടം നശിച്ചു.

50 ശതമാനവും അതില്‍ കൂടുതലും നെല്‍കൃഷി നശിച്ച കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ കൃഷി ഡയറക്ടറേറ്റില്‍ ലഭിച്ചിരിക്കുന്നത്.
നെല്ലിനുപുറമെ പച്ചക്കറികള്‍, നാണ്യവിളകള്‍, തെങ്ങ്, നിലക്കടല, കരിമ്പ് എന്നിങ്ങനെ മറ്റു വിളകള്‍ക്കും വ്യാപക നഷ്ടമുണ്ടായതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രണ്ടാം വിളയ്ക്ക് ഏറ്റവുമധികം നെല്ലിറക്കുന്നത് പാലക്കാട്ടും കുട്ടനാട്ടുമാണ്. പാലക്കാട്ട് അണക്കെട്ടുകളുടെ വാലറ്റപ്രദേശങ്ങളില്‍ ഉണ്ടായ കൃഷിനാശമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ 12000 ഹെക്ടറിനടുത്ത് കൃഷി നശിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
രണ്ടാം വിളയ്ക്ക് ഒരേക്കറിന് രണ്ട് ടണ്‍ നെല്ല് വിളയും. ഇതുപ്രകാരം ഉത്പാദനത്തില്‍ 1,31,524 ടണ്ണിന്റെ കുറവുവരും.


Stories in this Section