രാമചന്ദ്രന് സുമോമരച്ചീനിയില്‍ 'നൂറ്റിപ്പതിനാറു'മേനി വിളവ്‌

Posted on: 21 Jan 2013


പേയാട്: പത്താംവയസ്സില്‍ അച്ഛന്‍ സമ്മാനിച്ച മണ്‍വെട്ടിയുമായി കൃഷി പരിചയിച്ച പേയാട് വിളപ്പില്‍ ചെറുകോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ കെ.രാമചന്ദ്രനിപ്പോള്‍ വയസ്സ് 64. അമ്പതുവര്‍ഷത്തിലേറെയായി വാഴയും മരച്ചീനിയും പച്ചക്കറി ഇനങ്ങളും മാറിമാറി സ്വന്തംഭൂമിയില്‍ കൃഷിചെയ്യുന്ന ഇദ്ദേഹം തൃശൂരില്‍ നിന്ന് ആയിരംരൂപ ചെലവാക്കി വാങ്ങിക്കൊണ്ടുവന്ന സുമോ മരച്ചീനിയിപ്പോള്‍ വിളവെടുത്തു. രാമചന്ദ്രനെപ്പോലും അതിശയിപ്പിക്കുന്ന വിളവ്. ഒരു ചുവട്ടില്‍ നിന്ന് കിട്ടിയത് 116 കിലോ മരച്ചീനി. 20 കുഴികളൊരുക്കിയാണ് കൂടുതല്‍ വിളവ് ലഭിക്കുന്ന ക്വിന്റല്‍ മരച്ചീനി കൃഷിയാരംഭിച്ചത്. ഇടയ്ക്കുണ്ടായ കാറ്റില്‍ കൊമ്പൊടിഞ്ഞ് ഒരു ചുവട്ടിലെ മരച്ചീനി നശിച്ചു. എട്ടടിവീതിയില്‍ 4.5 അടി ഉയരത്തില്‍ മണ്ണ്കൂനകൂട്ടി ജൈവവളം മാത്രം ഉപയോഗിച്ചാണ് ക്വിന്റല്‍ മരച്ചീനി കൃഷിചെയ്യുന്നത്. കുഴികള്‍ തമ്മില്‍ 17 അടിയുടെ ഇടയുണ്ടാകും.

ഏഴാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തിയ രാമചന്ദ്രന്‍ ഒന്നേകാല്‍ ഏക്കര്‍ ഭൂമിയിലെ കൃഷിയില്‍ നിന്നുള്ള വരുമാനത്തിലാണ് മൂന്ന് മക്കളുള്‍പ്പെടുന്ന കുടുംബത്തെ കരയ്‌ക്കെത്തിച്ചത്. അച്ഛന്‍ പരേതനായ കൊച്ചുമ്മിണി നാടാരാണ് രാമചന്ദ്രന് മാതൃക. എട്ട് ഏക്കര്‍ കൃഷിയിടത്തില്‍ വിയര്‍പ്പൊഴുക്കിയാണ് രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള എട്ട്മക്കളെയും അദ്ദേഹംപോറ്റിയത്. കുടുംബസ്വത്തില്‍ നിന്ന് കിട്ടിയ തെങ്ങിന്‍പുരയിടത്തിലാണ് രാമചന്ദ്രനും കൃഷിയിറക്കിയത്. ഇപ്പോള്‍ വെള്ളത്തിന്റെ കുറവ് കൃഷിയെ നന്നായി അലട്ടുന്നുണ്ട്.


Stories in this Section