ഉണക്കിയെടുക്കാം...ഗുണംപോകാതെ

Posted on: 21 Jan 2013


കേരളത്തിന്റെ സ്വന്തം കറുത്ത പൊന്നിനെ പച്ചപ്പൊന്നാക്കി എളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍. നിറവും മണവുമൊന്നും പോകാതെ കുരുമുളകും ഏലയ്ക്കായും പാവയ്ക്കയുമൊക്കെ ഉണക്കി സൂക്ഷിക്കാനുള്ള 'സോളാര്‍ ഡ്രയര്‍' (ഉണക്കല്‍) ഉപകരണവുമായി എളമക്കര ഭവന്‍സിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ അഖിലേന്ത്യ പ്രശസ്തിയിലേക്ക് എത്തിയിരിക്കുകയാണ്. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ നവനീതും മുഹമ്മദ് സഹലുമാണ് ന്യൂഡല്‍ഹിയില്‍ നടന്ന അഖിലേന്ത്യ സി.ബി.എസ്.ഇ. ശാസ്ത്ര പ്രദര്‍ശനത്തിലെ മിന്നും താരങ്ങളായത്.

എന്‍.സി.ഇ.ആര്‍.ടി.യുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഗുജറാത്തിലേക്ക് പ്രശസ്തരായ നിരവധി ശാസ്ത്രജ്ഞരുടെ മുമ്പില്‍ തങ്ങളുടെ ഉപകരണം അവതരിപ്പിക്കാന്‍ ഒരുങ്ങുകയുമാണ് ഇവര്‍. ഇവരുടെ ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് കൂട്ടായി രസതന്ത്രം അദ്ധ്യാപിക രമാദേവിയും.

കുസാറ്റിലെ ഭൗതികശാസ്ത്ര വിഭാഗം പ്രൊഫസറായ ഡോ. വിജയകുമാറിന്റെ ആശയമാണിതിന് പിന്നിലെന്ന് രമാദേവി പറയുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയ ജേക്കബിന്റെ പൂര്‍ണ പിന്തുണയും കൂട്ടിനുണ്ടായിരന്നു. ചെറിയ ഒരു ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിയുടെ വലിപ്പത്തില്‍ ലോഹത്തകിടുകള്‍ ചേര്‍ത്ത് ഉണ്ടാക്കിയെടുത്തതാണിത്.

താഴത്തെ തട്ടില്‍ ചെറു കരിങ്കല്‍ ചീളുകളും അതിന് മുകളില്‍ സുഷിരങ്ങളുള്ള ഇരുമ്പുഷീറ്റ് ട്രേകളും ഗ്ലാസ് ഷീറ്റുകളും കമ്പ്യൂട്ടര്‍ ഫാനും തെര്‍മോകോളും ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. പാചകശേഷം പാഴാകുന്ന എണ്ണ പുരട്ടി സൂര്യതാപത്തില്‍ കരിങ്കല്‍ ചീളുകളെ ചൂടുപിടിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. മഴയത്തും തണുപ്പിലും ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണക്കി സൂക്ഷിക്കാമെന്നതാണ് ഇതിന്റെ ഗുണമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

നാലായിരം രൂപ ചെലവിലാണ് ഇവരിത് നിര്‍മിച്ചത്. വ്യാവസായിക ആവശ്യത്തിനായി വലിയതോതില്‍ നിര്‍മിക്കാനുള്ള പദ്ധതിയും ഇവര്‍ വരച്ചുകഴിഞ്ഞു. രണ്ടുലക്ഷം രൂപയ്ക്ക്, പ്രദേശിക ഉണക്കല്‍ യൂണിറ്റുകള്‍ക്ക് ഇത് നിര്‍മിക്കാനാകുമെന്ന് ഇവര്‍ പറയുന്നു.

പാവയ്ക്ക കൊണ്ടാട്ടം, കുരുമുളക്, ഏലക്കായ, കൊപ്ര, ഇഞ്ചി, പപ്പടം, വെണ്ടയ്ക്ക, പൈനാപ്പിള്‍ തുടങ്ങിയവ ഇവര്‍ ഇതുപയോഗിച്ച്, നിറവും മണവും ചോര്‍ന്നുപോകാതെ ഉണക്കിയെടുത്തു കഴിഞ്ഞു. രണ്ടുദിവസം കൊണ്ട് കൊപ്ര ഉണക്കാനാകുമെന്ന് ഇവര്‍ പറയുന്നു. മെഡിക്കല്‍ മേഖലയില്‍ ബാന്‍ഡേജ് നിര്‍മിക്കാനും ആയുര്‍വേദ മരുന്നുകളുടെ നിര്‍മാണത്തിലും ഇത് ഉപകാരപ്പെടും.

കുടുംബശ്രീ പ്രവര്‍ത്തകര്‍ ഡീസലും വിറകും ചൂട് ബള്‍ബുകളും ഉപയോഗിച്ച് കൃത്രിമ ഉണക്കല്‍ നടത്തുന്ന രീതികള്‍ നിലവിലുണ്ടെങ്കിലും ഇത്തരത്തിലൊന്ന് പുതിയതാണെന്ന് രമാദേവി പറഞ്ഞു. രാസപദാര്‍ത്ഥങ്ങള്‍ ഒന്നും ഉപയോഗിക്കാതെയും നൂറ് ശതമാനം ശുചിത്വം ഉറപ്പു നല്‍കുന്നതുമാണ് ഇതിന്റെ പ്രവര്‍ത്തനം.

നാല്പത് വര്‍ഷത്തെ ചരിത്രമുള്ള സ്‌കൂളിന് ആദ്യമായാണ് ശാസ്ത്ര പ്രദര്‍ശനത്തില്‍ അഖിലേന്ത്യാ പ്രശസ്തി ലഭിച്ചതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ചെന്നൈയില്‍ നടന്ന ആദ്യ പ്രദര്‍ശനത്തില്‍ ദക്ഷിണേന്ത്യയി ലെ നാല് സംസ്ഥാനങ്ങളില്‍ നിന്നായി 258 സ്‌കൂളുകള്‍ പങ്കെടുത്തിരുന്നു. കാര്‍ഷിക-ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ ഇവരുടെ ഉപകരണം ഏറെ ശ്രദ്ധ നേടിയിരുന്നു. അവിടെ നിന്നാണ് അഖിലേന്ത്യാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ന്യൂഡല്‍ഹിയില്‍ രാജ്യത്തെ 360 സ്‌കൂളുകള്‍ മത്സരത്തിന് എത്തിയതില്‍ ഡല്‍ഹി ഐ.ഐ.ടി.യിലും യൂണിവേഴ്‌സിറ്റികളിലും നിന്നുള്ള വിധികര്‍ത്താക്കളുടെ പ്രശംസയും ഇവരുടെ 'സോളാര്‍ ഡ്രയറി'നായിരുന്നു.


Stories in this Section