വില കുറഞ്ഞു; കൊക്കൊ കര്‍ഷകര്‍ പ്രതിസന്ധിയില്‍

Posted on: 21 Jan 2013


മീനങ്ങാടി: നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കൊക്കൊ കൃഷിചെയ്ത നിരവധി കര്‍ഷകര്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി.

പല സ്ഥലങ്ങളിലും ചെറുകിട കര്‍ഷകരില്‍ നിന്ന് വ്യാപാരികള്‍ കിലോയ്ക്ക് 50 രൂപ നിരക്കിലാണ് ഉണക്കിയ കായ വാങ്ങുന്നത്. കേരളത്തില്‍ കൊക്കൊ തരംഗമുണ്ടായ എണ്‍പതുകളിലെ വിലനിലവാരത്തേക്കാള്‍ മോശമാണ് ഇത്. കൊക്കൊയുടെ കേരളത്തിലെ പ്രധാന വിപണി കൈയ്യാളുന്ന കാഡ്ബറി പോലും കര്‍ഷകര്‍ക്ക് ന്യായവില നല്‍കുന്നില്ലെന്ന് ആക്ഷേപമുണ്ട്. വിവിധ ഏജന്‍സികള്‍ വഴി ഏതാനും ആഴ്ചകള്‍ക്കുമുമ്പുവരെ 16,500 രൂപ നിരക്കില്‍ കൊക്കൊ വാങ്ങിയിരുന്നു. എന്നാല്‍ വിലനിലവാരം പിന്നീട് ഇടിയുകയാണുണ്ടായത്. ഗുണമേന്മക്കുറവിന്റെ പേരിലും കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടുന്നു.

ഒരര്‍ഥത്തില്‍ വിശാലമായ വിപണനത്തിന്റെ അപര്യാപ്തതയാണ് കൊക്കൊയുടെ വിലത്തകര്‍ച്ചയ്ക്ക് കാരണം. കര്‍ഷകര്‍ക്ക് അതതു ഘട്ടങ്ങളില്‍ വിലനിലവാരത്തെക്കുറിച്ച് അറിവുകള്‍ ലഭിക്കാതെ വരുന്നതിനാല്‍ വഴിയോര വ്യാപാരികളുടെ കെണിയില്‍ അകപ്പെടാവുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പല സ്ഥലങ്ങളിലും 50 രൂപയ്ക്ക് കായ വാങ്ങിയ വ്യാപാരികള്‍ ഒടുവില്‍ ഇരട്ടിവിലയ്ക്കാണ് അത് വില്പന നടത്തിയത്.

കൊക്കൊ കൃഷിയെക്കുറിച്ച് കര്‍ഷകര്‍ക്ക് കേട്ടുകേള്‍വിപോലുമില്ലാതിരുന്ന കാലത്ത് വ്യാപകമായ പ്രചാരണങ്ങള്‍ വഴി സകല കൃഷികള്‍ക്കും ഇടവിളയായി നിര്‍ബന്ധിച്ചാണ് എണ്‍പതുകളില്‍ കേരളത്തിലുടനീളം കൊക്കൊ കൃഷി വ്യാപിപ്പിച്ചത്. ചെടികള്‍ വളര്‍ന്നു കായ്ക്കാന്‍ തുടങ്ങിയതോടെ വില തകര്‍ന്നു. വിളവെടുപ്പിനുള്ള കൂലിപോലും കിട്ടാതായതോടെ വളരെ ത്യാഗംസഹിച്ചാണ് കര്‍ഷകര്‍ കൊക്കൊ ചെടികള്‍ കൃഷിയിടങ്ങളില്‍നിന്ന് നീക്കം ചെയ്തത്.

ഈ സാഹചര്യം മറന്നുതുടങ്ങിയ കര്‍ഷകരിലേക്കാണ് വീണ്ടും അത്യുത്പാദന ശേഷിയുള്ള കൊക്കൊ ഇനങ്ങളുമായി സ്വകാര്യകമ്പനിയുടെ പ്രതിനിധികളെത്തുന്നത്. ആദ്യമെല്ലാം മോശമല്ലാത്ത വില നല്കിയതിനുശേഷമാണ് ഇത്തവണ വില കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.


Stories in this Section