കൂട്ടില്‍ കുഞ്ഞുങ്ങളെ വളര്‍ത്തി ഇനി മത്സ്യം കൊയ്യാം

Posted on: 21 Jan 2013


പുന്നയൂര്‍ക്കുളം:ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളുള്ള കൂടുകള്‍ സ്ഥാപിച്ചുള്ള മത്സ്യകൃഷിക്ക് തൃശ്ശൂരിലെ തീരമേഖലയില്‍ വന്‍ സാധ്യത.കേജ് കള്‍ച്ചര്‍ എന്നറിയപ്പെടുന്ന കൂടുമത്സ്യകൃഷിക്ക് പുന്നയൂര്‍ക്കുളം, പുന്നയൂര്‍, ഒരുമനയൂര്‍, കടപ്പുറം, തളിക്കുളം, തൃപ്രയാര്‍, മതിലകം, അഴീക്കോട്, മുല്ലശ്ശേരി, പുഴയ്ക്കല്‍ എന്നീ പ്രദേശങ്ങള്‍ അനുയോജ്യമാണെന്ന് ഈ പഠനം നടത്തിയ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ(സി.എം.എഫ്.ആര്‍.ഐ) ശാസ്ത്രസംഘം കണ്ടെത്തി.

കൂടുമത്സ്യകൃഷി അഞ്ചുവര്‍ഷമായി എറണാകുളം ജില്ലയില്‍ നടത്തിവരുന്നുണ്ട്. അവിടെ ഈ കൃഷി വിജയിച്ചതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലാപഞ്ചായത്തിന്റെ ആവശ്യപ്രകാരമാണ് സാധ്യതാപഠനത്തിന് എത്തിയത്.

കനോലി കനാലും കനാലിനോടു ചേര്‍ന്നുള്ള ചെറു ജലാശയങ്ങളും കുളങ്ങളും ചെറുപാടങ്ങളും ഇതിനു യോജിച്ചതാണെന്ന് സംഘം പറയുന്നു.ലളിതവും ചെലവു കുറഞ്ഞതുമാണ് ഈ പദ്ധതി. നല്ല ലാഭം കിട്ടുകയും ചെയ്യും.

കൂടുകളില്‍ വളര്‍ത്താനുള്ള മത്സ്യക്കുഞ്ഞുങ്ങളെ വലയും തീറ്റയും ഉള്‍പ്പടെ സൗജന്യമായി കര്‍ഷകര്‍ക്കു നല്കും. കരിമീന്‍ കൃഷിയാണ് തൃശ്ശൂരില്‍ വിജയകരമാകുക. തങ്കാളി, ചെമ്പല്ലി എന്നിവയും കൃഷിചെയ്യാം. ഓരോ കൂട്ടിലും ആയിരം മുതല്‍ രണ്ടായിരം വരെ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ആറുമാസംകൊണ്ട് ആയിരത്തഞ്ഞൂറു മുതല്‍ രണ്ടായിരം വരെ മത്സ്യം ലഭിക്കും. കൂടുമത്സ്യകൃഷിയില്‍ മത്സ്യങ്ങളുടെ വിളവെടുപ്പ് വളരെ എളുപ്പമാണ്. കനാലുകളില്‍ കൃഷിചെയ്യാന്‍ തുടങ്ങുമ്പോള്‍ മലിനീകരണത്തോത് കുറഞ്ഞുവരുന്നതായും ശാസ്ത്രസംഘം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം ആര്‍.പി. ബഷീര്‍, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കമറുദ്ദീന്‍, ശാസ്ത്രജ്ഞരായ ഇമല്‍ഡ ജോസഫ്, ഷോജി ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശുഭകുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


Stories in this Section