ആടുകള്‍ക്ക് പാര്‍ക്കാന്‍ ഹൈടെക് ഷെഡ്‌

Posted on: 21 Jan 2013


തളിപ്പറമ്പ് : ആടുകള്‍ക്ക് പാര്‍ക്കാന്‍ ഹൈടെക്ക് ഷെഡുകള്‍ വരുന്നു. കൂടുതല്‍കാലം ഉപയോഗിക്കാവുന്നതും ഉറപ്പുള്ളതും പരിസരമലിനീ കരണമില്ലാത്തതും ഉള്‍പ്പെടെ ഒട്ടേറെ ഗുണവിശേ ഷണങ്ങളുള്ളതാണ്‌ഹൈടെക് ഗോട്ട്‌ഷെഡ്. കണ്ണൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തിലെ വെറ്ററിനറി സര്‍ജന്‍ ടി.ഗിഗിന്‍ ആണ് ഷെഡിന് രൂപംനല്‍കിയത്. സംസ്ഥാനത്തുതന്നെ ഇത്തരം ഷെഡ് ആദ്യമായാണെന്ന് ഇവര്‍ അവകാശപ്പെടുന്നു.

ഗാല്‍വനൈസ്ഡ് ഇരുമ്പ് ചട്ടക്കൂട്, ഫൈബറിന്റെ റീ-ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് ഇന്റര്‍ ലോക്കബിള്‍ സ്ലാറ്റ് തറ, ഗാല്‍വനൈസ്ഡ് ഇരുമ്പുമേല്‍ക്കൂര എന്നിവയൊക്കെ ഷെഡിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നു. കൂട്ടിനകത്ത് നനവില്ലാതെ ചൂടും തണുപ്പും ബാധിക്കാത്ത രീതിയിലാണ് തറയുടെ നിര്‍മാണം. വൃത്തിയാക്കാനും എളുപ്പമാണ്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൂട് മാറ്റിസ്ഥാപിക്കാനും സൗകര്യപ്രദമായ വിധത്തിലാണ് നിര്‍മാണം.

ഇരുപത് ആടുകള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് ഷെഡ്. ചെറിയ ആടുകള്‍ക്കും വലിയ ആടുകള്‍ക്കും പ്രത്യേകം തീറ്റപ്പാത്രം, സ്ഥിരമായി വെള്ളം ലഭിക്കാവുന്ന ഓട്ടോമാറ്റിക് ഡ്രിങ്കര്‍ സംവിധാനം എന്നിവയുള്ളതിനാല്‍ വേണമെങ്കില്‍ കൂട്ടിനകത്തുതന്നെ വളര്‍ത്താന്‍ കഴിയും. പ്ലാസ്റ്റിക് ഉപയോഗിച്ചള്ള തറയില്‍ കാഷ്ടം, മൂത്രം എന്നിവ പുറത്തേക്ക് പോകാന്‍ ദ്വാരങ്ങളുള്ളതിനാല്‍ ദുര്‍ഗന്ധം ഉണ്ടാവില്ല. വലയുടെ സഹായത്തോടെ കാഷ്ടം ശേഖരിക്കാന്‍ കഴിയും. തറയിലെ ദ്വാരങ്ങള്‍ക്ക് ഒരേ വലുപ്പമുള്ളതിനാല്‍ കുഞ്ഞാടുകളുടെ കാലുകള്‍ കുടുങ്ങി മുറിവുണ്ടാകില്ല.

ഒരു ലക്ഷത്തോളം രൂപ ചെലവിലാണ് ഹൈടെക് ഗോട്ട് ഷെഡ് നിര്‍മിക്കുക. പതിനഞ്ചു വര്‍ഷത്തോളം സുരക്ഷിതമായി ഉപയോഗിക്കാവുന്ന സാമഗ്രികളാണ് കൂടുനിര്‍മാണത്തിനുപയോഗിക്കുന്നത്.

ആടുവളര്‍ത്തുകാര്‍ക്ക് വളരെ അനുഗ്രഹമാണ് ഈ കൂടെന്ന് കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ. കെ.അബ്ദുള്‍കരീം, വെറ്ററിനറി ഡോ. ടി.ഗിഗിന്‍ എന്നിവര്‍ വ്യകതമാക്കി.


Stories in this Section