അധ്യാപകരില്ല; കാര്‍ഷിക കോളേജില്‍ പഠനം പ്രതിസന്ധിയില്‍

Posted on: 21 Jan 2013


നീലേശ്വരം: അധ്യാപകരില്ലാത്തതിനാല്‍ പടന്നക്കാട് കാര്‍ഷിക കോളേജില്‍ പഠനം പ്രതിസന്ധിയിലാകുന്നു. പല വിഷയങ്ങളും പഠിപ്പിക്കാന്‍ ആവശ്യത്തിന് അധ്യാപകരില്ലാത്തത് വിദ്യാര്‍ഥികളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

33 തസ്തികകളില്‍ അധ്യാപകരെ നിയമിച്ചുകൊണ്ട് തുടങ്ങിയതാണ് കോളേജ്. പിന്നീടത് 60 തസ്തികകളായി ഉയര്‍ത്തി. എന്നാല്‍, ഏറെക്കാലമായി പ്ലാന്റ് പാത്തോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ജനിറ്റിക്‌സ്, അഗ്രോണമി തുടങ്ങിയ വിഭാഗങ്ങളില്‍ ഒന്നോ രണ്ടോ അധ്യാപകര്‍ മാത്രം ഉള്ള സ്ഥിതിയാണ്. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് പ്ലാന്റ് പാത്തോളജി കോഴ്‌സ് കൈകാര്യം ചെയ്യാന്‍ സ്ഥിരം അധ്യാപകരില്ല. പ്രവേശനപ്പരീക്ഷ എഴുതിവരുന്ന വിദ്യാര്‍ഥികള്‍ കൃത്യമായ പഠനം നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.

സംസ്ഥാനത്തെ മറ്റ് കാര്‍ഷിക കോളേജില്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ കാസര്‍കോടുള്ള കോളേജിനോട് അവഗണന കാട്ടുകയാണെന്ന് ആക്ഷേപമുണ്ട്. അധ്യാപക നിയമനം കാര്യക്ഷമമാക്കി വിദ്യാര്‍ഥികളുടെ ആശങ്ക അകറ്റണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. ഇതുസംബന്ധിച്ച് കൃഷിമന്ത്രിക്കും എം.എല്‍.എ.മാര്‍ക്കും നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥിസമരങ്ങളും ഫലം കണ്ടില്ല. .


Stories in this Section