പരിസ്ഥിതിസൗഹൃദ നെല്‍കൃഷി പ്രചരിപ്പിക്കാന്‍ കര്‍ഷക ഫീല്‍ഡ് സ്‌കൂള്‍

Posted on: 21 Jan 2013


കണ്ണൂര്‍:പരിസ്ഥിതിസൗഹൃദ നെല്‍കൃഷി വ്യാപിപ്പിക്കാന്‍ കൃഷിവകുപ്പ് പദ്ധതി തയ്യാറാക്കുന്നു. കീടനാശിനി പരമാവധി ഒഴിവാക്കി നാട്ടറിവും പരമ്പരാഗത മാര്‍ഗങ്ങളും ആധുനിക സാങ്കേതിക വിദ്യകളും സംയോജിപ്പിച്ചാണ് കര്‍ഷക ഫീല്‍ഡ് സ്‌കൂള്‍ എന്ന പദ്ധതി നടപ്പാക്കുന്നത്.

കുറേ വര്‍ഷമായി രാസ കീടനാശിനിക്ക് പ്രാധാന്യം നല്‍കിയുള്ള കൃഷിസമ്പ്രദായമാണ് നടപ്പാക്കിയിരുന്നത്. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെയും സുരക്ഷിത ഭക്ഷണത്തിന്റെയും പ്രാധാന്യം മുന്‍നിര്‍ത്തിയാണ് പുതിയ സമ്പ്രദായം നടപ്പാക്കുന്നത്.

കണ്ടക്കൈ, വലിയന്നൂര്‍ പാടശേഖരങ്ങളിലാണ് ആദ്യഘട്ടം ഈ കൃഷിരീതി തുടങ്ങിയത്. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട 10 കൃഷിഭവനുകളാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ഓരോ പഞ്ചായത്തിലും തിരഞ്ഞെടുക്കപ്പെട്ട 25 കര്‍ഷകര്‍ക്ക് 14 മുതല്‍ 16 ആഴ്ച വരെ നീണ്ടുനില്‍ക്കുന്നതാണ് സംയോജിത കീട പരിപാലനത്തിന് പ്രായോഗിക പരിശീലനം നല്‍കുന്ന പദ്ധതി.

ആഴ്ചതോറും നിശ്ചിത ദിവസം കര്‍ഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പാടശേഖരത്തിലെത്തി പ്രാരംഭ ചര്‍ച്ചകള്‍ക്ക് ശേഷം വയലിലിറങ്ങും. കീടങ്ങളുടെ വംശവര്‍ധനയെ സ്വാധീനിക്കുന്ന കാര്‍ഷിക- പാരിസ്ഥിതിക ഘടകങ്ങളെക്കുറിച്ചുള്ള വിവരശേഖരണമാണ് ആദ്യഘട്ട പ്രവര്‍ത്തനം.

മഴ, വെയില്‍, ജലസാന്ദ്രത, വയലിലെ ജലനിരപ്പ്, നെല്‍ച്ചെടികളുടെ എണ്ണം, കളകള്‍ തുടങ്ങിയ, കീടങ്ങളുടെ വംശവര്‍ധനയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ കര്‍ഷകര്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കൈവശമുള്ള നോട്ടുപുസ്തകത്തില്‍ രേഖപ്പെടുത്തും. വല ഉപയോഗിച്ച് പാടത്തെ പ്രാണികളെ ശേഖരിക്കുകയും ഇവയെ കീടങ്ങള്‍, മിത്ര പ്രാണികള്‍, നിഷ്പക്ഷ പ്രാണികള്‍ എന്നിങ്ങനെ തരംതിരിച്ച് എണ്ണം കണക്കാക്കുകയും ചെയ്യും. കീടങ്ങളെ നശിപ്പിക്കാനാവശ്യമായ പ്രാണികള്‍ വയലിലുണ്ടോ എന്ന വിലയിരുത്തലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാലാവസ്ഥാ ഘടകങ്ങളെ വിലയിരുത്തി കീടബാധ രൂക്ഷമാകാന്‍ സാധ്യതയുണ്ടോ എന്നും വിലയിരുത്തുന്നു. കീടനിയന്ത്രണം ആവശ്യമാണെന്ന് കണ്ടാല്‍ കൂട്ടായ ചര്‍ച്ചയിലൂടെ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്തതും ലളിതവുമായ മാര്‍ഗങ്ങളുപയോഗിച്ച് ഇവ പരിഹരിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കും. വിത്തിടല്‍ മുതല്‍ കൊയ്ത്തു വരെയുള്ള കാലയളവില്‍ നെല്‍കൃഷിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാക്കും. ഇങ്ങനെ ഒരു ഫാം സ്‌കൂള്‍ കാലയളവു കഴിയുന്നതോടെ പരിസ്ഥിതി സൗഹൃദ കൃഷിയുടെ പുതിയ അറിവുകളുടെ പൂര്‍ണ രൂപം കര്‍ഷകര്‍ക്ക് ലഭിക്കും. അടുത്ത വര്‍ഷം പദ്ധതി കൂടുതല്‍ പാടശേഖരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.


Stories in this Section