നല്ലപുള്ളികളും കുഴപ്പക്കാരും

Posted on: 16 Jan 2013


കുട്ടികളുടെ സുഹൃത്തുക്കളായ നായ്ക്കളെ ആദ്യം പരിചയപ്പെടാം. ഇവരില്‍ ഒന്നാമന്‍ പൂഡില്‍ ആണ്. നമ്മുടെ നാട്ടില്‍ അത്രപരിചിതരല്ല ഇവര്‍. എല്ലാ പൂഡിലും ഈ ലിസ്റ്റില്‍പ്പെടില്ല. കെന്നല്‍ ക്ലബ് അംഗീകരിച്ച സ്റ്റാന്‍ഡേര്‍ഡ് പൂഡില്‍ മാത്രം. അപാരബുദ്ധിശക്തിയും ക്ഷമയും കാണിക്കുന്ന ഇവര്‍ കുട്ടികളുടെ ഉറ്റ ചങ്ങാതിമാരാണെന്നാണ് കണക്കാക്കുന്നത്. ചുറുചുറുക്കും പ്രസരിപ്പുമാണ് ഇവയുടെ മുഖമുദ്ര.

രണ്ടാംസ്ഥാനത്ത് വരുന്നത് ഗോള്‍ഡണ്‍ റിട്രീവറാണ്. പരിശീലകരെ അത്ഭുതപ്പെടുത്തുന്ന അത്രയും ബുദ്ധിമാന്മാരാണ് ഈ നായ്ക്കള്‍. പരിശീലകന്റെ 300 കല്‍പ്പനകള്‍ വരെ ഓര്‍മിച്ചെടുത്ത് ചെയ്യാന്‍ ഇവര്‍ക്ക് കഴിയും. അപാര കായികശേഷിയുള്ളവരാണ് റിട്രീവര്‍.

മൂന്നാംസ്ഥാനത്ത് വരുന്നത് ലാബ്രഡോറാണ്. പോലീസ് ഡോഗ് എന്ന് പേരെടുത്ത ഇവര്‍ നമുക്ക് സുപരിചിതരാണ്. ക്ഷമാശീലമാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. 'യജമാനന്‍ കിണറ്റിന് മുകളില്‍ കെട്ടിത്തൂക്കിയാല്‍' പോലും ഇവര്‍ ക്ഷമിച്ചെന്നിരിക്കും. തന്നെ സ്‌നേഹിക്കുന്നവരെ ജീവിതകാലം മുഴുവന്‍ സേവിക്കലും സ്‌നേഹിക്കലുമാണ് ഇവരുടെ ലക്ഷ്യം.സ്വന്തം നിലവിട്ട് പെരുമാറിയ ചരിത്രം ഈ നായ്ക്കള്‍ക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരിക്കലും, ഏതാപത്തിലും വേര്‍പിരിയാത്ത ചങ്ങാതി.

നാലാംസ്ഥാനത്ത് പഗ്ഗ് ആണ്. കുട്ടികളുടെ ആരാധനാപാത്രമാണ് ലോകപ്രശസ്തനായ പഗ്ഗ്. കളിക്കിടയില്‍ കുട്ടികളെ ഇവര്‍ തട്ടിവീഴ്ത്തുമെന്ന് പേടിവേണ്ട. ഇവരെ കുട്ടികള്‍ തട്ടിവീഴ്ത്തുമോയെന്ന് നോക്കിയാല്‍മതി. യജമാനന്‍ ചീത്തവിളിച്ചാലും പ്രശംസിച്ചാലും അതിനെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ എടുക്കുന്നവരാണ് പഗ്ഗ്. യജമാനന്റെ ശബ്ദത്തിലെ ചെറിയ ഭാവമാറ്റംപോലും ഇവരെ വല്ലാതെ അസ്വസ്ഥരാക്കും.

അഞ്ചാംസ്ഥാനത്തുള്ള ബീഗിളിനെ നമുക്കത്രപരിചയമില്ല. വേട്ടനായ്ക്കളാണെങ്കിലും കുട്ടികളുടെ കൂടെ കളിക്കാന്‍ ഇഷ്ടപ്പെടുന്ന കൂട്ടരാണിവര്‍. കുടുംബാംഗങ്ങളുടെ ഉറ്റചങ്ങാതിമാരായാണിവര്‍ അറിയപ്പെടുന്നത്. മുകളില്‍പറഞ്ഞ അഞ്ചുനായ്ക്കള്‍ക്കള്‍ക്ക് പുറമേ, സങ്കരയിനത്തില്‍പ്പെട്ട നായ്ക്കളെയും നല്ലപുള്ളികളുടെ കൂട്ടത്തില്‍പെടുത്തിയിട്ടുണ്ട്.

പ്രവചനാതീതമായ സ്വഭാവക്കാരെയാണ് ക്രിമിനല്‍ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്. ചൗചൗ എന്ന വിദ്വാനാണ് ലിസ്റ്റിലെ ഒന്നാമന്‍. പോമറേനിയനെപ്പോലെ കുഞ്ഞുനായയാണെങ്കിലും ഭയങ്കരദേഷ്യക്കാരനാണ് കക്ഷി. അതുകൊണ്ടുതന്നെ കൊച്ചുകുട്ടികള്‍ക്കൊക്കെ ഇവന്‍ അപകടകാരിയാണ്. ലേശം ഒന്ന് തെറ്റിയാല്‍ കടി ഉറപ്പ്.

റോട്ട്‌വീലറാണ് രണ്ടാംസ്ഥാനത്ത്. കാരിരുമ്പിന്റെ ശക്തിയുള്ള ഇവര്‍ സ്‌നേഹസമ്പന്നരാണെങ്കിലും ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരുന്നവരാണ്. പ്രവചനാതീതമായ സ്വഭാവവും മാരകമായ കടിയുമാണ് ഇവരെ കുപ്രസിദ്ധരാക്കിയത്. ഇവരെ വളര്‍ത്തുന്നവര്‍ നന്നെ ചെറുപ്പത്തില്‍കൊണ്ടുവന്ന് പരിശീലനം തുടങ്ങിയില്ലെങ്കില്‍ ആകെപ്രശ്‌നമാകും.

നമുക്ക് അത്ര പരിചിതരല്ലാത്ത പിറ്റ്ബുള്‍ ആണ് മൂന്നാമത്.'കടിക്കുന്നെങ്കില്‍ കഴുത്തിന്' എന്നതാണ് ഇവരുടെ രീതി. കൊച്ചുകുട്ടികളുമായി കളിക്കുമ്പോഴൊക്കെ ചെറിയൊരു അഭിപ്രായവ്യത്യാസം മതി കടിവീഴാന്‍. കടി കഴുത്തിനുംകൂടിയാകുമ്പോള്‍ കുട്ടികളുടെ കഥ പറയാനുണ്ടോ? റോട്ടിനും പിറ്റ്ബുളിനും സ്വഭാവംപോലെ തന്നെ ഒരു മയവുമില്ലാത്ത മുഖപ്രകൃതമാണ്.

ലോകത്തിലെ ഏറ്റവും ചെറിയ നായ 'ഷിവാവ'യാണ് ലിസ്റ്റില്‍ നാലാമന്‍.'ആപ്പിള്‍തലയന്മാര്‍' എന്നുവിളിക്കുന്ന ഇവര്‍ കണ്ടാല്‍ നിഷ്‌കളങ്കരാണെങ്കിലും കുഴപ്പക്കാരാണെന്നാണ് അഭിപ്രായം. ദേഷ്യംതന്നെ പ്രശ്‌നം. വീട്ടില്‍ ഇവര്‍ സ്ഥിരം പെരുമാറുന്ന സ്ഥലം ആരെങ്കിലും കയ്യേറിയാല്‍ കടിയായിരിക്കും ഫലം.ലോകപ്രശസ്തരായ ഡാല്‍മേഷ്യനാണ് അഞ്ചാംസ്ഥാനത്ത്. കൊച്ചുകുട്ടികള്‍ക്ക് ഏറ്റവും അപകടം വരുത്തിവെക്കുന്നവരാണിവര്‍ എന്നാണ് അഭിപ്രായം. ഏറ്റവും അനുസരണശീലമുള്ള ഡാല്‍മേഷ്യനില്‍നിന്നുപോലും അപ്രതീക്ഷിതമായി ആക്രമണമുണ്ടാകാം. കേള്‍വിക്കുറവ് ഡാല്‍മേഷ്യന്റെ ഒരുപൊതുവായ തകരാറാണ്. ഒരുപക്ഷേ, ഈപ്രശ്‌നമാകാം ഇവരെ കുഴപ്പത്തില്‍ ചാടിക്കുന്നത്.മുകളില്‍ കൊടുത്ത ലിസ്റ്റ് നായ്ക്കളുടെ ഒരു സ്വഭാവസര്‍ട്ടിഫിക്കറ്റ് അല്ലെന്ന് ഒന്നുകൂടെ ഓര്‍മിപ്പിക്കുന്നു. നായ്ക്കളുടെ സ്വഭാവത്തെ നിരീക്ഷിക്കാനുള്ള ഒരു പ്രോത്‌സാഹനമായിമാത്രം ഇതിനെ കണ്ടാല്‍മതി.

ടി.വി.രവി


Stories in this Section