രാജ്യത്തെ ആദ്യ നാളികേര ജൈവോദ്യാനം കുറ്റിയാടിയില്‍

Posted on: 12 Jan 2013കോഴിക്കോട്: രാജ്യത്തെ ആദ്യ നാളികേര ജൈവോദ്യാനം കുറ്റിയാടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നാളികേര വികസനബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് അറിയിച്ചു.

നാളികേരവികസനബോര്‍ഡും കൃഷിവകുപ്പും കാര്‍ഷികസര്‍വകലാശാലയും വ്യവസായവികസന കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച കേരസംരംഭക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളികേരാധിഷ്ഠിത ഉത്പന്നങ്ങളുടെ വികസനത്തിനായി ദേശീയതലത്തില്‍ പ്രതിവര്‍ഷം 200 കേന്ദ്രങ്ങള്‍ തുടങ്ങും. കേരകര്‍ഷകരുടെ രക്ഷയ്ക്കായി വൈവവിധ്യമാര്‍ന്ന ഉത്പന്നനിര്‍മാണമാണ് ലക്ഷ്യമിടുന്നത്. വെര്‍ജിന്‍ വെളിച്ചെണ്ണ അല്‍ഷിമേഴ്‌സിന് പ്രതിവിധിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ജോസ് പറഞ്ഞു. കേരഫെഡ് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍, നാളികേര വികസന ബോര്‍ഡ് ചീഫ് ഡെവലപ്‌മെന്‍റ് ഓഫീസര്‍ സുഗതഘോഷ്, കെ.എസ്.ഐ.ഡി.സി. എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ടി.പി. തോമസ്‌കുട്ടി, ജില്ലാ ചെറുകിടവ്യവസായ അസോസിയേഷന്‍ പ്രസിഡന്‍റ് അഹ്ദുറഹ്മാന്‍, കാലിക്കറ്റ് മാനേജ്‌മെന്‍റ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് നാരായണദാസ്, കാലിക്കറ്റ് ചേംബര്‍ പ്രതിനിധി ശ്രീറാം തുടങ്ങിയവര്‍ സംസാരിച്ചു.

നാളികേരാധിഷ്ഠിത ഉത്പന്നങ്ങളെപ്പറ്റിയും കയര്‍ മേഖലയിലെ പുതിയ ഉത്പന്നങ്ങളെപ്പറ്റിയും ഉത്പന്ന നിര്‍മാണത്തിലെ സാങ്കേതികതകളെക്കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നാളികേര സംസ്‌കരണമേഖലയിലെ സംരംഭകര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

സംരംഭകര്‍ക്ക് മികച്ച സൗകര്യങ്ങള്‍

കുറ്റിയാടിയില്‍ ആരംഭിക്കുന്ന നാളികേര ജൈവോദ്യാനത്തിനായി സംസ്ഥാന ചെറുകിടവ്യവസായ വികസനകോര്‍പ്പറേഷന്‍ ഒരുക്കുന്നത് മികച്ച സൗകര്യങ്ങള്‍. 135 ഏക്കര്‍ സ്ഥലമാണ് ഇതിനായി ഏറ്റെടുത്തത്. കേരാധിഷ്ഠിതവ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്ഥലം നല്‍കും.

സംരംഭകരെ സഹായിക്കാന്‍ കോമണ്‍ ഫെസിലിറ്റി സെന്‍റര്‍ ഏര്‍പ്പെടുത്തും. വ്യവസായസംരംഭങ്ങള്‍ പരിചയപ്പെടുത്തുന്നതിന് പ്രത്യേകകേന്ദ്രവും ഉണ്ടാകും. നാളികേരാധിഷ്ഠിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിലും വിപണനത്തിലും ഗുണനിലവാരം ഉറപ്പാക്കും.

വെര്‍ജിന്‍ വെളിച്ചെണ്ണ, നാളികേരപൗഡര്‍, കയര്‍ ഉത്പന്നങ്ങള്‍ തുടങ്ങി തെങ്ങിന്റെ സര്‍വസാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമായി സ്ഥാപിക്കുന്ന മൂന്ന് ബയോപാര്‍ക്കുകളില്‍ ഒന്നാണ് കുറ്റിയാടിയിലേത്. കേരള കാര്‍ഷിക സര്‍വകലാശാല, കയര്‍ ബോര്‍ഡ്, മൈസൂര്‍ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയവ സംരംഭകര്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. കുറ്റിയാടി പുഴയില്‍നിന്നാണ് പദ്ധതിക്കുവേണ്ട വെള്ളം എത്തിക്കുക. വൈദ്യുതി കുറ്റിയാടി പദ്ധതിയില്‍നിന്ന് ലഭ്യമാക്കും.
Stories in this Section