കന്നുകാലികളിലെ ക്ഷയരോഗം

Posted on: 12 Jan 2013

ഡോ. പി.കെ. മുഹ്‌സിന്‍, താമരശ്ശേരിമനുഷ്യരിലെന്നപോലെ കന്നുകാലികള്‍, പന്നി, കോലാടുകള്‍, നായ, പൂച്ച എന്നീ മൃഗങ്ങളിലും കോഴികളിലും ക്ഷയരോഗം കണ്ടുവരുന്നു.മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും തിരിച്ചും ഇത് പകരും. തൊഴുത്തുകളില്‍ സദാസമയവും കെട്ടിയിട്ട് വളര്‍ത്തുന്ന കാലികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. പശുക്കളേക്കാള്‍ കൂടുതല്‍ രോഗം എരുമകളില്‍ കണ്ടുവരുന്നു. ആന, ഒട്ടകം, മാന്‍, കാട്ടുപോത്ത് എന്നിവയിലും ക്ഷയരോഗം കണ്ടുവരുന്നു. പ്രായംകൂടിയ പശുക്കളിലാണ് രോഗബാധ കൂടുതല്‍.

മൈക്കോബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയയാണ് കന്നുകാലികളില്‍ രോഗമുണ്ടാക്കുന്നത്. ചൂടിനെ ചെറുത്തുനില്‍ക്കുമെങ്കിലും സൂര്യരശ്മിക്ക് ഇവയെ നശിപ്പിക്കാന്‍ കഴിവുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ ഉച്ഛ്വാസവായു, കഫം, മലമൂത്ര വിസര്‍ജ്യങ്ങള്‍, പാല്‍ എന്നിവയിലൂടെ രോഗാണുക്കള്‍ പുറത്തുകടക്കും. ശ്വാസകോശക്ഷയരോഗം ബാധിച്ച മൃഗം ചുമയ്ക്കുമ്പോള്‍ ചുറ്റുമുള്ള ചുമരിലും തറയിലും വീഴുന്ന കഫത്തില്‍ രോഗാണുക്കള്‍ ഉണ്ടാകും. അടുത്ത് സമ്പര്‍ക്കമുള്ള മൃഗങ്ങളില്‍ നിന്ന് ഉച്ഛ്വാസവായു വഴിയും രോഗം പകരുന്നു. ക്ഷയരോഗം ബാധിച്ച മൃഗം വെള്ളം കുടിച്ച കുളത്തില്‍ പതിനെട്ട് ദിവസം വരെ രോഗാണുക്കള്‍ തങ്ങിനില്‍ക്കും. രോഗം ബാധിച്ച മൃഗത്തിന്റെ ചാണകത്തിലും അത് വീണ സ്ഥലത്തും ആഴ്ചകളോളം രോഗാണുക്കള്‍ ഉണ്ടാകും.

മുലക്കണ്ണിലെ സുഷിരങ്ങളിലൂടെ അകിടിലേക്ക് രോഗാണുക്കള്‍ കടക്കുന്നു. രോഗബാധയേറ്റ പശുവിന്റെ പാല്‍ കുടിക്കുക വഴി മനുഷ്യരിലേക്കും കന്നുകുട്ടികളിലേക്കും രോഗം പകരും. പശുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് പ്രധാനമായും രോഗമുള്ളവയുടെ പാല്‍കുടിക്കുന്നത് മൂലമാണ്.

രോഗലക്ഷണങ്ങള്‍


ശരീരം ദിനംപ്രതി ക്ഷയിച്ചുവരുന്നതാണ് പ്രധാനലക്ഷണം. നല്ല തീറ്റകൊടുത്താലും പ്രയോജനം കാണില്ല. ക്രമം തെറ്റിയ വിശപ്പും ഏറ്റക്കുറച്ചിലുള്ള ശരീരോഷ്മാവും രോഗത്തിന്റെ പ്രത്യേകതയാണ്. രോമാവൃതമായ ശരീരം പരുക്കനായിത്തീരുന്നു. തൊലി ശരീരത്തോട് ഒട്ടിച്ചേര്‍ന്ന് മൃഗം എല്ലുംതോലുമാവുന്നു.ശ്വാസകോശ സംബന്ധമായ ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണം ശക്തമായ ചുമയാണ്. ദേഹാധ്വാനം ചെയ്യിക്കുകയോ തൊണ്ടഭാഗത്ത് അമര്‍ത്തുകയോ ചെയ്താല്‍ ചുമ വര്‍ധിക്കും. ക്രമേണ ശ്വാസംമുട്ടലും ഉണ്ടാവും.

ദഹനേന്ദ്രിയ സംബന്ധമായ രോഗമുണ്ടാകുമ്പോള്‍ ശക്തമായ വയറിളക്കം കാണാം. തീറ്റ വിഴുങ്ങുമ്പോള്‍ വേദനയും അനുഭവപ്പെടും. അകിട്, തലച്ചോറ്, സുഷുമ്‌ന, അസ്ഥിവ്യൂഹം, ത്വക്ക് എന്നിവയെയും ക്ഷയരോഗം ബാധിക്കാറുണ്ട്.നായ, പൂച്ച എന്നിവയിലും ക്ഷയരോഗം സാധാരണയാണ്. രോഗാണുക്കള്‍ കലര്‍ന്ന പാല്‍, കഫം, മലം എന്നിവയിലൂടെയാണ് രോഗം പകരുന്നത്. നായകളും പൂച്ചകളും മനുഷ്യരിലേക്ക് പ്രത്യേകിച്ച് കുട്ടികളിലേക്ക് രോഗം പരത്തുന്നു. ഇവയിലും ക്രമംതെറ്റിയ വിശപ്പ്, ക്ഷീണം, ഇടവിട്ടുള്ള പനി, ചുമ എന്നിവയാണ് പ്രധാനരോഗലക്ഷണങ്ങള്‍. ശക്തമായ ചുമയെത്തുടര്‍ന്ന് മൂക്കിലൂടെയും വായിലൂടെയും മഞ്ഞ നിറത്തില്‍ കൊഴുത്ത ഒരു ദ്രാവകം പുറത്തുവരും.

കോഴി, ടര്‍ക്കിക്കോഴി, ഗിനിക്കോഴി എന്നിവയില്‍ രോഗം ഉണ്ടാക്കുന്നത് മൈക്കോബാക്ടീരിയം ഏവിയ ആണ്. ഇതും മനുഷ്യരെ ബാധിക്കാവുന്നതാണ്.

ചികിത്സ


വലിയ മൃഗങ്ങളില്‍ ക്ഷയരോഗ ചികിത്സ ഭാരിച്ച ചെലവുള്ളതാണ്. പരിസരശുചീകരണവും ശാസ്ത്രീയ മൃഗപരിപാലനവും വഴി രോഗം നിയന്ത്രിക്കാം.

തീറ്റപ്പാത്രവും വെള്ളപ്പാത്രവും നന്നായി വൃത്തിയാക്കണം. ഒരേ പാത്രത്തില്‍ ഒട്ടേറെ എണ്ണത്തിന് തീറ്റയും വെള്ളവും കൊടുക്കുന്നത് ആരോഗ്യകരമല്ല. കന്നുകാലികളെ പരിപാലിക്കുന്നവരും കറവക്കാരും ക്ഷയരോഗമില്ലാത്തവരാണെന്ന് ഉറപ്പുവരുത്തണം. ബി.സി.ജി., വാക്‌സിനേഷന്‍ രോഗപ്രതിരോധത്തിന് ഫലപ്രദമാണ്. പാല്‍ പാസ്ചറൈസേഷന്‍ നടത്തുക വഴി രോഗാണുക്കള്‍ നശിച്ചുപോകും. ക്ഷയരോഗം ബാധിച്ച കന്നുകാലികളുടെ മാംസം ഭക്ഷ്യയോഗ്യമല്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക വഴി ക്ഷയരോഗബാധ നിയന്ത്രണ വിധേയമാക്കാം.
Stories in this Section