നെന്മണിത്തൂക്കം കൂട്ടാന്‍ ഉമിച്ചാരം

Posted on: 12 Jan 2013

വീണാറാണി. ആര്‍. കൃഷി ഓഫീസര്‍, കിനാനൂര്‍-കരിന്തളംനെല്ലിന്റെ വളര്‍ച്ചയ്ക്കാവശ്യമായ മൂലകങ്ങളില്‍ ഏറ്റവും കൂടിയ അളവില്‍ വേണ്ട പോഷകമാണ് സിലിക്കണ്‍. ഒരു ഹെക്ടര്‍ കൃഷിയില്‍ മാത്രം നെല്‍ച്ചെടികള്‍ വലിച്ചെടുക്കുന്നത് 1200 കിലോഗ്രാം സിലിക്കണ്‍. ചെടികളുടെ ആരോഗ്യം നശിക്കുകയും കീടരോഗബാധ പെരുകുകയും കൃഷി നഷ്ടമാവുകയുമാണ് സിലിക്കണ്‍ അഭാവത്തിന്റെ അനന്തരഫലം.

നെല്ലിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും തണ്ടിനും വേരിനും നല്ല ബലം നല്കുവാനും സിലിക്കണ്‍ ആവശ്യമാണ്. ഇലകളെ നിവര്‍ത്തിനിര്‍ത്തി പ്രകാശ സംശ്ലേഷണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും വരള്‍ച്ചയെ ചെറുക്കാനുമുള്ള കരുത്ത് നല്കുന്നതും സിലിക്കണ്‍ തന്നെ. ആവശ്യത്തിന് സിലിക്ക ലഭിച്ചാല്‍ ബാഹ്യമായ കട്ടിയുള്ള സിലിക്കാപാളി രൂപപ്പെടുന്നു- ഫലം ചെടികളുടെ കീടരോഗ പ്രതിരോധശേഷി കൂടും. അടിക്കണ നേരത്തേ ആക്കാനും കതിരില്‍ മണികളുടെ എണ്ണം കൂട്ടാനും ഈ മൂലകം തന്നെ വേണം.

സിലിക്കണ്‍ ലഭ്യമാക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് ഉമിച്ചാരം. ഉമിച്ചാരം ലഭ്യമല്ലാത്ത പക്ഷം ഫൈന്‍ സിലിക്കയോ സോഡിയം സിലിക്കേറ്റോ ഗ്ലാസ് ഫാക്ടറിയില്‍നിന്ന് പുറന്തള്ളുന്ന സിലിക്കപ്പൊടിയോ ഉപയോഗിക്കാം. ഞാറ്റടിയില്‍ ചതുരശ്രമീറ്ററിന് 100 ഗ്രാം എന്ന തോതില്‍ ഉമിച്ചാരം ചേര്‍ത്തുകൊടുക്കുന്നത് ഏറെ നന്ന്. നെല്‍പ്പാടത്ത് ഒരേക്കറിന് 200 കിലോഗ്രാം ഉമിച്ചാരമോ 100 കിലോഗ്രാം സോഡിയം സിലിക്കേറ്റോ 40 കിലോഗ്രാം ഫൈന്‍ സിലിക്കയോ ചേര്‍ക്കണം. ഇങ്ങനെ ഉമിച്ചാരം നല്കുമ്പോള്‍ കുമ്മായം ശുപാര്‍ശ ചെയ്തതിന്റെ നാലിലൊന്ന് മാത്രം നല്കിയാല്‍ മതി. ഉയര്‍ന്ന കൃഷിച്ചെലവും കുറഞ്ഞ ഉത്പാദനക്ഷമതയും മൂലം നെല്‍കൃഷി ഉപേക്ഷിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഉമിച്ചാരത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തിയേ മതിയാകൂ.

Stories in this Section