തോട്ടംനിറയെ വിദേശ പഴങ്ങള്‍

Posted on: 12 Jan 2013

രാജേഷ് കാരാപ്പള്ളില്‍, ഫോണ്‍: 9495234232വിദേശരാജ്യങ്ങളില്‍ വളരുന്നതും നാട്ടിലെ കാലാവസ്ഥയ്ക്ക് യോജിച്ചതുമായ ഫലസസ്യങ്ങളെല്ലാം സ്വന്തംതോട്ടത്തില്‍ വളര്‍ത്തുകയാണ് കൊല്ലം, ചെന്താപ്പൂര് സ്വദേശി ശിവന്‍പിള്ള. റംബുട്ടാന്‍, ഓറഞ്ച്, മുസംബി, അമ്പഴം തുടങ്ങി 60 സെന്റ് സ്ഥലത്ത് ഇല്ലാത്ത പഴച്ചെടികളില്ല. റംബുട്ടാന്റെ പത്തിനങ്ങള്‍, പതിനഞ്ച് തരം പേര, മധുരിക്കുന്ന പുളി, അത്തി തുടങ്ങിയവ എത്തിയത് മലേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്.

അന്‍പതിലധികം പഴച്ചെടികള്‍ കൃഷിചെയ്യുന്ന ശിവന്‍പിള്ള വലിയ മരങ്ങള്‍ക്ക് ഇടവിളയായി തണല്‍ ആവശ്യമുള്ള ചാമ്പ, പേര തുടങ്ങിയ സസ്യങ്ങളും വളര്‍ത്തുന്നുണ്ട്.

സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുത്ത് അരമീറ്റര്‍ താഴ്ചയുള്ള കുഴികളെടുത്ത് ചാണകം അടിസ്ഥാനമായി നല്‍കി തടംമൂടി മുകളില്‍ ചെറുകുഴി തുറന്ന് തൈകള്‍ മഴക്കാലാരംഭത്തോടെ നടുന്നു. തുടര്‍ന്ന്, ജലസേചനവും വളപ്രയോഗവുമായി കായ്പിടിക്കുന്നതുവരെ ശിവന്‍പിള്ള ഇവയ്ക്ക് കൂട്ടായി ഉണ്ടാകും. നൂറുമേനി വിളഞ്ഞ് ചെടികള്‍ ഈ സ്‌നേഹം മടക്കി നല്‍കുന്നു.

പുതിയ ചെടികള്‍ തേടി യാത്രകള്‍ ചെയ്യുന്ന ഇദ്ദേഹം എപ്പോഴും തിരക്കിലാണ്. രാധാസ് സ്റ്റോര്‍ എന്ന തന്റെ കടയില്‍ എത്തുന്ന സുഹൃത്തുക്കള്‍ക്ക് പഴങ്ങള്‍ സൗജന്യമായി നല്‍കാറുമുണ്ട്. മാവും നാരകവും കായ്ക്കുന്നത് വേനലിലാണെങ്കില്‍ വിദേശ ചെടികള്‍ കായ്ക്കുന്നത് മഴക്കാലത്താണ്. അതിനാല്‍, തൊടിയില്‍ പഴങ്ങളുടെ നിറസമൃദ്ധിയാണ് എപ്പോഴും. കൃഷിയിടത്തിലും കടയിലും എത്തുന്നവര്‍ക്ക് ചെടികളെപ്പറ്റി പറഞ്ഞുകൊടുക്കുകയും യുവാക്കളെ കൃഷി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.നാട്ടില്‍നിന്ന് അന്യമായ നാടന്‍ വാഴകളും വിദേശ ഇനങ്ങളും ഉള്‍പ്പെടെ ഇരുപതിലധികം വാഴയിനങ്ങളും ഇവിടെയുണ്ട്. കര്‍പ്പൂരവള്ളി, കാവേരി, ഡ്വാര്‍ഫ് കാവന്‍ഡിഷ്, പിസാംഗ്‌ലിനി തുടങ്ങിയവയുടെ വിത്തുകള്‍ അന്വേഷിച്ചെത്തുന്നവര്‍ക്ക് അവ നല്‍കാറുമുണ്ട്.

ദിവസേന രാവിലെ ജലസേചനവും തോട്ടം വൃത്തിയാക്കലുമായി ഒരു മണിക്കൂര്‍ തൊടിയില്‍ ചെലവഴിച്ചിട്ടേ ശിവന്‍പിള്ള കടയില്‍ പോകാറുള്ളൂ. പഴങ്ങള്‍ക്ക് പുറമെ ചുവന്ന ചോളം, കപ്പ എന്നിവയും നിറഞ്ഞുനില്‍ക്കുന്ന തോട്ടം കാണാനെത്തുന്നവരുടെ മനം നിറയും. ഒരു വീട്ടിലേക്കാവശ്യമുള്ള പച്ചക്കറിയും തോട്ടത്തില്‍ ജൈവരീതിയില്‍ വളര്‍ത്തുന്നു. സഹായവുമായി ഭാര്യ വിജി, മക്കളായ ഹരികൃഷ്ണന്‍, ജയകൃഷ്ണന്‍, ശ്രീലക്ഷ്മി എന്നിവരുമുണ്ട്. (ഫോണ്‍: ശിവന്‍പിള്ള: 9747405406.)


Stories in this Section