പക്ഷികളുടെ 'സ്വന്തം' ഡോക്ടര്‍

Posted on: 10 Jan 2013ആലപ്പുഴ: വെളിയനാട്ടെ 'സബര്‍മതി' രണ്ടര പതിറ്റാണ്ടായി ആഗോള പക്ഷിസങ്കേതമാണ്. ഇവിടെ മൂന്നുനിലകളില്‍ പണിത നൂറിലധികം കൂടുകളുള്ള കിളിവീട്ടിലെ താമസക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പക്ഷികള്‍. ഇവയെ സ്‌നേഹിച്ചുപോറ്റുന്നത് ഒരുഡോക്ടറും. ആതുരസേവനത്തിനിടയിലും കര്‍ഷകമനസ്സുള്ള ഹോമിയോ ഡോക്ടര്‍ പി.പി. ഷാജിക്ക് പക്ഷികളെ ജീവനാണ്.

കുട്ടിക്കാലത്തേ പക്ഷിസ്‌നേഹിയായിരുന്ന ഡോ. ഷാജി ചെറിയരീതിയില്‍ തുടങ്ങിയ പക്ഷിവളര്‍ത്തലാണ് ഇന്ന് വിശാലമായത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള പ്രാവുകള്‍, തത്തകള്‍, അലങ്കാര കിളികള്‍, പിഞ്ചസുകള്‍, കോക്കോടെയില്‍, ഫെസന്റുകള്‍, കോഴികള്‍ തുടങ്ങിയ വന്‍ പക്ഷികളുടെ വളര്‍ത്തല്‍ വിപണനകേന്ദ്രത്തിന്റെ ഉടമയാണ് ഇദ്ദേഹം. പക്ഷിവളര്‍ത്തലില്‍നിന്ന് മാസംതോറും ശരാശരി ഒരുലക്ഷം രൂപ വരെ വരുമാനമുണ്ട്.

ഗോള്‍ഡിയന്‍, കട്ട്‌ക്രോട്ട്, ലോങ്‌ടെയില്‍, സ്റ്റാര്‍, ബംഗാളി ബ്ലാക്ക്ചീക്ക്, ഷോപിഞ്ച് എന്നീ വിഭാഗത്തില്‍പ്പെട്ട പിഞ്ചസുകളും സണ്‍കോന്നൂര്‍, കക്കാരക്കി ആഫ്രിക്കന്‍ ലൗ ബേര്‍ഡ്‌സ്, തലയില്‍ തൊപ്പിയുള്ള കോക്കോടെയില്‍ തുടങ്ങിയ തത്ത ഇനത്തില്‍പ്പെട്ട പക്ഷികളും ഡ്രൈമണ്ട് ഡൗ, കേപ്പ് ഡൗ, കിങ്, ഷോട്ട് ഫെയസ്, ടംപ്ലര്‍, ബൊക്കാറോ, മാഗ്ടി പൗഡര്‍, ഫാന്‍ ടെയില്‍, നണ്‍സ്, കൊമ്മണ്ണൂര്‍ ടംപ്ലര്‍, നെക്ക് ഷെയിക്കര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട പ്രാവിനങ്ങളും വിവിധയിനം ഫെസന്റുകളും പോളിഷ് ക്വാപ്പ്‌ഗോള്‍ഡന്‍, സില്‍വര്‍, ബ്ലൂകൊച്ചിന്‍, സെബ്രറ്റ് ബാന്റം, അമേരിക്കന്‍ ബാന്റം, ഹാംബര്‍ഗ്, മില്ലി ഫ്ലവേഴ്‌സ് ഗോള്‍ഡന്‍ ലെയ്‌സ്, സുല്‍ത്താന്‍, സിനിക്‌സ്, സില്‍ക്കീസ് ഗോള്‍ഡന്‍, ബ്ലാക്ക്, വൈറ്റ് എന്നീ കോഴി ഇനങ്ങളുടെയും വന്‍ശേഖരം ഡോക്ടറുടെ ഫാമിലുണ്ട്. വീടിനോടുചേര്‍ന്നുള്ള ഇരുപത് സെന്റ് സ്ഥലത്താണ് മനോഹരമായ കിളിവീട്.

ഡോക്ടറുടെ കുടുംബത്തിന്റെ ദിനചര്യയുടെ ഭാഗമാണ് പക്ഷികള്‍ക്ക് തീറ്റ നല്‍കലും പരിപാലനവും. കോഴിത്തീറ്റ, ഗോതമ്പ്, ചോളം, പയറുവര്‍ഗങ്ങള്‍ എന്നിവ തീറ്റയായി നല്‍കും.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ഏജന്‍സികളാണ് ഡോക്ടറില്‍നിന്ന് പക്ഷികളെ വാങ്ങാനെത്തുന്നത്. പക്ഷികള്‍ക്ക് രോഗമുണ്ടായാല്‍ ഡോക്ടര്‍ സ്വന്തമായി തയ്യാറാക്കുന്ന മരുന്നുകള്‍ നല്‍കും. വീടിനുസമീപത്തെ രണ്ടര ഏക്കര്‍ നെല്‍പ്പാടത്ത് 'ഒരു മീനും നെല്ലും' പദ്ധതി പ്രകാരം ഡോക്ടര്‍ കൃഷി ചെയ്യുന്നുമുണ്ട്. കട്‌ല, രോഹു, കൊഞ്ച് എന്നിവയെ വളര്‍ത്തി കഴിഞ്ഞതവണ മൂന്നുലക്ഷം രൂപയിലധികം ഡോക്ടര്‍ നേടി. സമ്മിശ്ര കൃഷിയില്‍ വിജയഗാഥ കൈവരിച്ച ഡോ. പി.പി. ഷാജിയുടെ ഫോണ്‍ നമ്പര്‍: 9745575636.

പി.കെ. രഞ്ജിത്‌


Stories in this Section