റാണിക്ക് അഞ്ചാമതും ആണ്‍കുഞ്ഞ്‌

Posted on: 10 Jan 2013തൃശ്ശൂര്‍:ക്രിസ്മസ് ആഘോഷത്തിന് കൊണ്ടുവന്ന കുതിരയ്ക്ക് സുഖപ്രസവം. കിഴക്കുംപാട്ടുകര നിര്‍മ്മലഗാര്‍ഡന്‍സ് റസിഡന്‍സ് അസോസിയേഷന്‍ ആഘോഷങ്ങള്‍ക്കായി കൊണ്ടുവന്ന കുതിരയാണ് പ്രസവിച്ചത്.

കുഞ്ഞിന് പതിനഞ്ചുകിലോയോളം തൂക്കമുണ്ട്. പാലക്കാട് നിന്ന് കൊണ്ടുവന്ന 12 വയസ്സുള്ള റാണി എന്ന കുതിരയുടെ അഞ്ചാമത്തെ പ്രസവമാണിത്. ഇതിലുള്‍പ്പെടെ എല്ലാം ആണ്‍തരികള്‍.

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായ കരോളിനും കുട്ടികള്‍ക്കുള്ള കുതിരസവാരിക്കുമായാണ് നാലുകുതിരകളെ പാലക്കാട്ടുനിന്നും കൊണ്ടുവന്നത്. കാളത്തോട് സ്വദേശി നൂറുദ്ദീനാണ് ഇവയെ ഇവിടെ എത്തിച്ചത്.

23ന് കൊണ്ടുവന്ന കുതിരകളില്‍ റാണിയൊഴിച്ചുള്ളതിനെ ഒന്നാം തിയ്യതി തിരിച്ചുകൊണ്ടുപോയി. റാണി പൂര്‍ണ്ണഗര്‍ഭിണിയായിരുന്നതിനാല്‍ കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റാണിക്കുപരിചരണവും ഭക്ഷണവും നല്‍കി. സുഖപ്രസവം ആയിരുന്നെങ്കിലും പ്രസവത്തിനു മുമ്പ് വെറ്ററിനറി ഡോക്ടറും എത്തി. തവിട്ടുനിറമുള്ള അമ്മയും വെള്ളയും തവിട്ടും നിറത്തിലുള്ള കുഞ്ഞും സുഖമായിരിക്കുന്നു.


Stories in this Section