പൈതൃക വിത്തുസംരക്ഷണത്തിന് ഗോത്രമാതൃകയുമായി ചെറുവയല്‍ രാമന്‍

Posted on: 06 Jan 2013


കല്പറ്റ: കാര്‍ഷികപ്പെരുമയുടെ ഓര്‍മകള്‍ സൂക്ഷിക്കുന്നതുപോലെ പോയകാലത്തിന്റെ നെല്‍വിത്തുകളാണ് മാനന്തവാടിയിലെ ചെറുവയല്‍ രാമനെന്ന ആദിവാസികര്‍ഷകന്റെ സമ്പാദ്യം.

ചാണകംമെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുള്ള തന്റെ വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാര്‍ഷികപ്പെരുമയറിയാന്‍ എത്തുന്നവര്‍ക്കെല്ലാം തന്റെ കാര്‍ഷികജീവിതംകൊണ്ട് ഉത്തരം പറയാന്‍ രാമനുണ്ട്. തെണ്ടിയും ചോവാലയും തുടങ്ങി വയനാട്ടില്‍ അന്യമായ നൂറ്റമ്പതില്‍പ്പരം നെല്‍വിത്തുകളില്‍ ഇരുപത്തഞ്ചോളം ആറു പതിറ്റാണ്ടിലധികമായി ഈ കര്‍ഷകന്‍ നിധിപോലെ സൂക്ഷിക്കുന്നു. നാടിന്റെ നന്മയും നാട്ടുരുചിയുമുള്ള തനത് ഭക്ഷണരീതികളും പാരമ്പര്യ അറിവുകളുമെല്ലാം ചേര്‍ന്ന് ചെറുവയല്‍ കുറിച്യ തറവാട് വരച്ചിടുന്നത് പോയകാല വയല്‍നാടിന്റെ സമൃദ്ധിയാണ്.

നെല്‍കൃഷി നഷ്ടമാണ് എന്ന് ആവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ലാഭനഷ്ടക്കണക്കുകളൊന്നുമില്ലാതെ നെല്‍കൃഷിയുടെ പെരുമമാത്രമാണ് ഈ മാതൃകാകര്‍ഷകന് പറയാനുള്ളത്. 'കൃഷി വ്യവസായമല്ല ജീവിതമാണ്' എന്നാണ് വരവുചെലവ് കണക്കുകളെക്കുറിച്ച് ചോദിച്ചാല്‍ രാമന്‍ ഉത്തരം പറയുക.

രാവിലെമുതല്‍ അന്തിയാവുന്നതുവരെ കുടുംബത്തോടൊപ്പം കൃഷിയിടത്തില്‍ ചെലവിടുന്ന രാമന് കാലാവസ്ഥയെക്കുറിച്ചാണ് വേവലാതി. 'പണ്ടൊക്കെ മഴയ്ക്കു മഴ വെയിലിന് വെയില്‍ എന്ന നിലയില്‍നിന്ന് വയനാടും മാറി.'

വിശാലമായ നെല്‍വയലുകളും തിമിര്‍ത്തുപെയ്യുന്ന മഴയും കൊടുംതണുപ്പും മഞ്ഞുമായിരുന്നു വയനാടിന്റെ ചിത്രം. കാര്‍ഷികജീവിതത്തിന്റെ ആരവങ്ങള്‍ നിലയ്ക്കാത്ത ഗ്രാമങ്ങള്‍ മുതിര്‍ന്നവരുടെ ഓര്‍മകളില്‍ ഇപ്പോഴുമുണ്ട്. വൃശ്ചികം കഴിയുന്നതിനുമുമ്പ് കര്‍ഷകത്തറവാട്ടിലെ ധാന്യപ്പുരകള്‍ സമൃദ്ധമാവും. പഞ്ചായത്തിലെ അറകളില്‍ തൊണ്ടി, വെളിയന്‍, ഗന്ധകശാല, ചോമാല തുടങ്ങി വേറെവേറെ നെല്ലുകള്‍ ഒരുവര്‍ഷത്തെ ആവശ്യത്തിനായി മുന്‍തലമുറ ശേഖരിച്ചുവെക്കും. ഭക്ഷ്യ സ്വയംപര്യാപ്തതയുടെ ഈ സമ്പാദ്യമായിരുന്നു കര്‍ഷകരുടെയെല്ലാം ലക്ഷ്യം. കൃഷിനടത്താന്‍ പണിയാളും ധാരാളമുണ്ട്. കന്നുകാലികളും കര്‍ഷകഭവനങ്ങളില്‍ യഥേഷ്ടമുണ്ട്. ജൈവരീതിയിലുള്ള കൃഷി നടത്താന്‍ ഇതൊക്കെ ധാരാളമായി.

കടംകൊടുത്തും തിരിച്ചുവാങ്ങിയും 'നെല്ല്' എന്ന സമ്പാദ്യത്തെ ജീവിതത്തിലേക്ക് കൂട്ടിയിണക്കിയായിരുന്നു. ഗ്രാമങ്ങള്‍തോറും ജന്മികള്‍ കടംകൊടുക്കാനും കൊടുത്തത് തിരികെ വാങ്ങിവെക്കാനും കൂറ്റന്‍ അറപ്പുരകള്‍ സ്ഥാപിച്ചിരുന്നു. വയലിന്റെ നടുക്ക് കന്നുകാലികളെ പരിപാലിക്കാനായി കൂറ്റന്‍ പിടാവുകള്‍ കാണാമായിരുന്നു. അന്‍പതും നൂറും കന്നുകാലികളെ ഒരു വേലിക്കെട്ടിനകത്ത് രാത്രികാലങ്ങളില്‍ സൂക്ഷിക്കുന്ന സമ്പ്രദായമായിരുന്നു ഇത്. കുടുംബത്തിലെ അംഗങ്ങളെല്ലാം കൃഷി തൊഴിലാക്കിയവരാണ്. കൊയ്‌തൊഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ പച്ചക്കറിയും മുടങ്ങാതെ നടക്കുന്നു. നെല്‍ക്കളങ്ങളും അഭിവൃദ്ധിയുടെ പെരുമയായി മാറി. ഇതൊക്കെയും എവിടെപ്പോയി. പുല്ലുമേഞ്ഞ പുരകള്‍വരെ ആഢംബരത്തിന്റെ ആധുനികതതേടി വഴിമാറി. ഇതിനെല്ലാം ഒരു തിരുത്തായി ചെറുവയല്‍ രാമന്റെ വീടിനെ ചൂണ്ടിക്കാണിക്കാം. ലളിതജീവിതപാഠങ്ങളുമായി പോയകാലത്തിന്റെ കാര്‍ഷികചരിത്രമൊക്കെ രാമന്‍ വിശദീകരിക്കുമ്പോള്‍ പുതിയ തലമുറകള്‍ അമ്പരപ്പോടെ നില്‍ക്കും.

വയനാട്ടിലെ കുറിച്യകുടുംബങ്ങളിലെല്ലാം കൃഷിയിടങ്ങള്‍ ഏക്കര്‍കണക്കിനുണ്ട്. സ്വത്ത് ഭാഗംവെക്കാതെ കൂട്ടുകുടുംബത്തിന്റെ ആകെ സ്വത്തായി ഇന്നും ഇവ പരിഗണിക്കപ്പെടുന്നു. ചെറുവയല്‍ തറവാടിനും 22 ഏക്കര്‍ വയലും 18 ഏക്കറോളം കരയുമുണ്ട്. കൃഷിപ്പണി ഈ തറവാടിന്റെ നിഷ്ഠയാണ്. നെല്ല് വിളയേണ്ട പാടം തരിശിടാന്‍ കാരണവന്മാര്‍ അനുവദിക്കില്ല. ചെറുപ്പക്കാരായ പുതുതലമുറയോടും ഈ ചിട്ടകള്‍ പറഞ്ഞുനല്‍കാന്‍ രാമനെപ്പോലുള്ള കര്‍ഷകരും പരിശ്രമിക്കുന്നു.

പൈതൃകവിത്തുസംരക്ഷകനായ രാമനെ മറുനാട്ടിലുള്ളവര്‍ക്കും അറിയാം. കേരളത്തിലും പുറത്തുമായി വിവിധ ഏജന്‍സികളും കൃഷിവകുപ്പും സര്‍ക്കാറുമൊക്കെ സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയില്‍ ചെറുവയല്‍ രാമന്റെ സാന്നിധ്യമുണ്ട്. തന്റെ കൈവശമുള്ള കണ്ണിചെന്നല്ല്, ചേറ്റുവെളിയന്‍, മരത്തൊണ്ടി, ചെന്നാല്‍തൊണ്ടി, ഞവര, ഓക്കന്‍ പുഞ്ച, ജീരകശാല തുടങ്ങിയ നിരവധി വിത്തുകള്‍ നിരത്തിവെച്ച് രാമന്‍ ബോധവത്കരണം നടത്തും. മാറുന്ന കൃഷിരീതിയില്‍ മണ്‍മറയുന്ന ഈ പൈതൃകവിത്ത് സംരക്ഷിക്കാനാണ് ഈ കര്‍ഷകന്റെ പരിശ്രമം. പാടത്ത് പണിയെടുക്കുന്നതിന്റെ ഇടവേളകള്‍ മുഴുവനും ഇതിനായി നീക്കിവെക്കുന്നു.

കൃഷിഗവേഷണം നടത്തുന്നവരും എന്‍ജിനീയറിങ്, കാലാവസ്ഥ എന്നിവയെക്കുറിച്ച് പഠിക്കുന്നവരും തുടങ്ങി നിയമസഭയുടെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിവരെ രാമന്റെ കൃഷിപരീക്ഷണങ്ങള്‍ നേരിട്ടറിയാന്‍ ചെറുവയലിലെത്തി. ഒരു ഗവേഷകന്റെ പരിചയ സമ്പന്നതയോടെയാണ് ഈ കര്‍ഷകന്‍ തന്റെ കൃഷി അറിവുകളെ ഇവര്‍ക്കുമുമ്പില്‍ അവതരിപ്പിച്ചത്.

ചെളിയിലും ചേറിലുമൊക്കെ പണിയെടുക്കാന്‍ ആളില്ലാത്ത കാലത്ത് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രുയൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍വരെ കമ്മനയില്‍ കൃഷി പഠിക്കാനെത്തുന്നു. വീണ്ടെടുക്കാന്‍ കഴിയുന്ന കാര്‍ഷികപ്രതാപങ്ങളെ പാടത്ത് ഉപേക്ഷിക്കരുത്. ഇതാണ് രാമന്‍ നല്‍കുന്ന ഉപദേശം. വി.പി. തമ്പി അവാര്‍ഡടക്കം മികച്ച കര്‍ഷകനുള്ള നിരവധി പുരസ്‌കാരങ്ങള്‍ സ്വീകരിക്കുമ്പോഴും രാമനിലെ കര്‍ഷകന്‍ അടങ്ങിയിരിക്കുന്നില്ല. അടുത്തവര്‍ഷത്തേക്കുള്ള കൃഷിക്കായി നെല്ല് സംഭരിച്ചുവെക്കുന്ന തിരക്കിലാണ് അദ്ദേഹം.


Stories in this Section