നമ്മുടെ മാവും പൂക്കും
Posted on: 06 Jan 2013
ശാസ്ത്രീയ രീതിയില്‍ വളപ്രയോഗം നടത്തിയാല്‍ ഒന്നരാടം മാത്രം
മാവ് പൂക്കുന്ന പ്രശ്നത്തിന് പരിഹാരം കാണാം
നന്നായി വളര്‍ന്നിട്ടും പൂക്കാത്ത മാവ് മുറ്റത്തുണ്ടോ? അതോ ഒന്നരാടമാണോ പൂക്കുന്നത്?
സാധാരണയായി മൂത്ത കൊമ്പുകളുടെ അഗ്രഭാഗത്താണ് പൂങ്കുലകള്‍ ഉണ്ടാകുന്നത്. പത്ത് മാസത്തെ മൂപ്പെങ്കിലുമുള്ള ശിഖരങ്ങളിലേ പൂക്കളുണ്ടാകൂ. ഒരു വര്‍ഷം നന്നായി പൂത്തെങ്കില്‍ അടുത്ത വര്‍ഷം പൂക്കാന്‍ ഇളംകൊമ്പുകള്‍ കാര്യമായി ഉണ്ടാകില്ല. പൂക്കുന്ന വേളയില്‍ വളരെയധികം പോഷകമൂല്യങ്ങള്‍ ഉപയോഗിക്കുന്നതിനാലാണിങ്ങനെ സംഭവിക്കുന്നത്. ഇത്തരം മാവുകള്‍ അടുത്ത വര്‍ഷം തടിയില്‍ ശേഖരിച്ചിട്ടുള്ള പോഷകമൂലകങ്ങള്‍ ഇളം കൊമ്പുകളുടെ വളര്‍ച്ചയ്ക്കായി വകമാറ്റുന്നു.
ശാസ്ത്രീയമായ രീതിയില്‍ വളപ്രയോഗം നടത്തിയാല്‍ ഒന്നരാടം പൂക്കുന്ന പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാം. നട്ട് ഒന്നാം വര്‍ഷം മാവൊന്നിന് 10 കിലോഗ്രാം കാലിവളം നല്‍കണം. ഓരോ വയസ്സ് കൂടുന്തോറും 10 കിലോഗ്രാം കാലിവളമെന്ന നിരക്കില്‍ കൂട്ടി നല്‍കാം. നട്ട് എട്ടാം വര്‍ഷമാകുമ്പോള്‍ 80 മുതല്‍ 100 കിലോഗ്രാം കാലിവളവും 25 കിലോഗ്രാം പച്ചിലവളവും ചേര്‍ത്ത് കൊടുക്കണം. മാവിന്റെ ഇലപ്പരപ്പിന് ചുവട്ടില്‍ ചാലുകീറി വേണം വളം ചേര്‍ക്കാന്‍. വളര്‍ച്ചയെത്തിയ മരത്തിന് ചുറ്റും രണ്ടര മീറ്റര്‍ അകലത്തില്‍ ഒരടി താഴ്ചയുള്ള ചാലുകളെടുക്കുന്നതാണ് ഉത്തമം.
ഒന്നാം ഘട്ട രാസവളമായി ഒരു കിലോ യൂറിയയും മുക്കാല്‍ കിലോ എല്ലുപൊടിയും ഒരു കിലോ പൊട്ടാഷും മെയ്-ജൂണ്‍ മാസങ്ങളില്‍ നല്‍കണം. ഇത്രതന്നെ വളം ആഗസ്ത്-സപ്തംബര്‍ മാസങ്ങളില്‍ ആവര്‍ത്തിക്കാം. നട്ട് നാലഞ്ച് വര്‍ഷം വരെ വേനല്‍ക്കാലത്ത് ആഴ്ചയില്‍ രണ്ട് പ്രാവശ്യം നനയ്ക്കണം. കായ പൊഴിച്ചില്‍ തടയുന്നതിനും ഉത്പാദനം കൂട്ടുന്നതിനും കായ പിടിച്ചുതുടങ്ങിയ ശേഷം ആഴ്ചയിലൊരിക്കല്‍ നനയ്ക്കണം.
നല്ല സൂര്യപ്രകാശം ലഭിക്കാത്ത മാവുകളാണ് പലപ്പോഴും നമ്മുടെ പ്രതീക്ഷ കെടുത്തുന്നത്. ഉഷ്ണമേഖലാ ഫലവൃക്ഷമായ മാവ് നന്നായി പൂക്കണമെങ്കില്‍ മറ്റ് മരങ്ങളുണ്ടാക്കുന്ന തണല്‍ ഒഴിവാക്കണം. അടുത്ത പ്രശ്നമായ കൊമ്പുണക്കം തടയാന്‍ കേടുവന്ന ഭാഗം വെട്ടിമാറ്റി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിച്ചുകൊടുക്കാം. ഡിസംബര്‍ ജനവരി മാസങ്ങളില്‍ ചവറ് മാവിന്റെ ചുവട്ടിലിട്ട് പുകയ്ക്കുന്നത് പൂക്കാന്‍ പ്രേരണ നല്‍കും. പുകയില്‍ അടങ്ങിയിട്ടുള്ള 'എത്തലിന്‍' ആണ് പ്രേരണശക്തിയായി പ്രവര്‍ത്തിക്കുന്നത്. തുള്ളനുള്പ്പടെയുള്ള പ്രാണികളെ നിയന്ത്രിക്കാനും പുക സഹായിക്കും.
സ്യൂഡോമോണസ് ഫ്ലൂറന്‍സ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി പൂക്കുന്നതിനും തളിരിടുന്നതിനും തൊട്ടുമുമ്പ് തളിച്ചുകൊടുക്കണം. പൂ കരിച്ചില്‍ ഒഴിവാക്കാനും രോഗബാധ തടയാനും സ്യൂഡോമോണസ് അത്യുത്തമം. മാമ്പഴത്തിലെ പുഴുവിനെ തടയാനും മാര്‍ഗങ്ങളുണ്ട്. മാമ്പഴയീച്ചയുടെ ആക്രമണമുണ്ടായ പഴങ്ങള്‍ ശേഖരിച്ച് നശിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഗുണമേന്മയുള്ള വേപ്പിന് പിണ്ണാക്ക് അഞ്ച് കിലോഗ്രാം എന്ന തോതില്‍ നവംബര്‍ മാസത്തില്‍ തടത്തില്‍ ചേര്‍ക്കുന്നതും ഗുണപ്രദംതന്നെ. മീതൈല്‍ യൂജിനോന് കെണി മരത്തില്‍ തൂക്കിയിടുന്നത് മാമ്പഴയീച്ചയെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ പറ്റിയ മാര്‍ഗമാണ്. കൃഷി വകുപ്പിന്റെ തൃശ്ശൂരിലെ ബയോകണ്ട്രോള് ലാബിലും കാര്‍ഷിക സര്‍വകലാശാലയുടെ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രങ്ങളിലും ഇത്തരം കെണികള്‍ ലഭിക്കും.
വീണാ റാണി ആര്.
കൃഷി ഓഫീസര്‍, കിനാനൂര്‍-കരിന്തളം
veena4raghavanPgmail.com