പനവ്യവസായം മുകളിലോട്ട്

Posted on: 02 Jan 2013


തിരുവനന്തപുരം:പനയും പനകയറ്റവും കുറഞ്ഞെങ്കിലും പന അനുബന്ധമായ വ്യവസായം തളരുന്നില്ല. പനമ്പട്ടയില്‍ നിന്നുള്ള കൗതുക വസ്തുക്കള്‍ മുതല്‍ പനംകരിക്ക് വരെ വിപണിയില്‍ സുലഭം. അതിര്‍ത്തിയില്‍ മൂവായിരത്തോളം തൊഴിലാളികള്‍ക്ക് നേരിട്ടും ആറായിരത്തോളം പേര്‍ക്ക് പരോക്ഷമായും ഈ മേഖല വരുമാനം നല്‍കുന്നു. കെല്‍പ്പാമിന്റെ നേതൃത്വത്തിലാണ് പനവ്യവസായം പുതുജീവന്‍ നേടുന്നത്.

പാറശ്ശാല, കുളത്തൂര്‍ മേഖലയിലാണ് കരിമ്പന അധികമുള്ളത്. പനകയറ്റക്കാര്‍ കുറഞ്ഞതോടെ സ്ത്രീകളുള്‍പ്പെടെ വന്‍സമൂഹം പനയില്‍ നിന്നുള്ള മറ്റ് വ്യവസായങ്ങളില്‍ ശ്രദ്ധയൂന്നി. 40 ഇനം കരകൗശല ഉത്പന്നങ്ങളും, വട്ടി, മുറം തുടങ്ങിയ സാധനങ്ങളും ഇവിടെ നിര്‍മിക്കുന്നുണ്ട് . പനംകരിക്ക്, അക്കാനി, പനംകര്‍ക്കണ്ട്, കരുപ്പുകട്ടി എന്നിവയും പത്തിനം ശീതള പാനിയങ്ങളും കൊറ്റാമത്തെ കെല്‍പ്പാം ഫെസിലിറ്റി സെന്ററില്‍ തയാറാക്കുന്നു. തലസ്ഥാനത്തെ പത്ത് ബങ്കുകളിലൂടെ ചില്ലറ വില്പന മേഖലയില്‍ ഇവ എത്തിക്കുന്നു. ഔഷധ ഗുണമുള്ള പനംകരിക്ക് ഇപ്പോള്‍ സാധാരണക്കാരന് കണ്‍മുന്നിലെ ആസ്വാദ്യവിഭവമാണ്.

ഇന്ത്യയില്‍ എട്ടുകോടി പനകളുണ്ടെന്നാണ് കണക്ക്. ഇവയില്‍ ആറുകോടിയും തമിഴ് നാട്ടിലാണ്. എന്നാല്‍ അവിടെ പനവ്യവസായം പുഷ്ടി പ്രാപിക്കുന്നില്ല. അതിര്‍ത്തി പഞ്ചായത്തുകളില്‍ പനകള്‍ വ്യാപകമായി മുറിച്ച് മാറ്റി. പനയുടെ ഗുണത്തെക്കുറിച്ചുള്ള പ്രചാരണത്തിനൊപ്പം അതിര്‍ത്തിയിലും തരിശുഭൂമിയിലും പന വളര്‍ത്താനുള്ള ശ്രമവും നടത്തുന്നതായി കെല്‍പ്പാം ചെയര്‍മാന്‍ അഡ്വ. കെ. വിശ്വനാഥന്‍ പറഞ്ഞു. പനംവിത്ത് കിട്ടാനും പ്രയാസം നേരിടുന്നു. കോയമ്പത്തൂരില്‍ നിന്ന് ഹൈബ്രിഡ് ഇനം പനം തൈ കൊണ്ടു വരാനും ഉദ്ദേശിക്കുന്നുണ്ട്. ഒന്നേകാല്‍ കോടി രൂപയുടെ വിറ്റുവരവ് കെല്‍പ്പാമിന് ഇപ്പോഴുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ പൊതുമേഖലയില്‍ ഏറ്റവുമധികം വളര്‍ച്ചാ നിരക്ക് നേടുന്ന സ്ഥാപനമായി കെല്‍പ്പാം മാറും. പനവ്യവസായ രംഗത്തെ തൊഴിലാളികള്‍ക്കും അതിന്റെ നേട്ടം ലഭിക്കും.

ടി. രാമാനന്ദകുമാര്‍


Stories in this Section