വീട്ടിലെ മഴവില്ല്

Posted on: 02 Jan 2013

എസ്. ജെന്‍സി
വീട്ടിലെ സ്വീകരണമുറിയില്‍ മഴവില്ല് വിരിയുന്നു. വീട്ടുകാര്‍ക്കും അതിഥികള്‍ക്കും ആഹ്ലാദം. അലങ്കാരമത്സ്യ കൃഷി ഇപ്പോള്‍ സ്വീകരണമുറിയില്‍ നിന്ന് ഓഫീസ് മുറികളിലേക്കും ചെറുകിട-പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്കും കുടിയേറി. കണ്ണാടിക്കൂടിനെ മുത്തംവച്ച്, വര്‍ണച്ചിറക് വീശി, ജലകണികകളെ വകഞ്ഞുമാറ്റി പായുന്ന അലങ്കാര മത്സ്യങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിസ്മയമാണ്... അലങ്കാരച്ചെടികള്‍ക്കുള്ളില്‍ മുഖം മറച്ച് ജലനിരപ്പിന് മുകളില്‍ വന്നൊന്ന് എത്തിനോക്കി നീന്തിത്തുടിക്കുന്ന ഈ വര്‍ണമത്സ്യങ്ങള്‍ മനസ്സില്‍ സമ്മാനിക്കുന്നത് ഒരു കുളിര്‍മഴയും...

അതിഥികളെ ആകര്‍ഷിക്കാനും വീടുകള്‍ക്ക് മനോഹാരിത നല്‍കാനുമായിരുന്നു അലങ്കാരമത്സ്യങ്ങളെ വളര്‍ത്തിയിരുന്നതെങ്കില്‍ ഇന്നതൊരു വിനോദമായി മാറിയിരിക്കുകയാണ്. ഇത് കേരളത്തില്‍ അലങ്കാരമത്സ്യ വളര്‍ത്തല്‍ കൂടുതല്‍ പ്രചാരം നേടുന്നതിന് വഴിയൊരുക്കി.

അലങ്കാര മത്സ്യങ്ങള്‍ക്കായി ആദ്യ കാലഘട്ടത്തില്‍ അന്യസംസ്ഥാനങ്ങളെയായിരുന്നു കേരളം ആശ്രയിച്ചിരുന്നതെങ്കില്‍ ഇന്ന് ഇവിടെതന്നെ പലയിടത്തും അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്ന ചെറുതും വലുതുമായ കേന്ദ്രങ്ങള്‍ ഉണ്ട്. ഇതുവഴി കൂടുതല്‍ കര്‍ഷകര്‍ക്ക് ഈ രംഗത്തേക്ക് കടന്നുവരുന്നതിനും കൂടുതല്‍ വരുമാനം നേടുന്നതിനും സഹായകമായിട്ടുണ്ട്.

അധികം പണം മുടക്കില്ലാതെ ഒഴിവുസമയങ്ങള്‍ ഉപയോഗപ്പെടുത്തി വരുമാനം നേടാന്‍ കഴിയുന്ന ഒന്നായി മാറായിരിക്കുകയാണ് അലങ്കാരമത്സ്യ കൃഷി. നിരവധി വനിതകള്‍ വീടുകളിലെ അലങ്കാരമത്സ്യ കൃഷിയില്‍ ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ നടന്നിട്ടുള്ള അക്വാ ഷോകളിലൂടെ ശ്രീലങ്ക, മാലിദ്വീപ് മത്സ്യങ്ങള്‍ കാണികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി.

സമുദ്രമത്സ്യ കൃഷിയുമായി'കുഫോസ് '

അലങ്കാരമത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല ഒരുകോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. തീരദേശ മത്സ്യത്തൊഴിലാളികളുടെ സാമ്പത്തികവും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

സര്‍വകലാശാലയുടെ പുതുവൈപ്പിനിലുള്ള ഫിഷറീസ് സ്റ്റേഷനില്‍ ആരംഭിക്കുന്ന പദ്ധതിക്കായി ഭൗമശാസ്ത്ര മന്ത്രാലയം ഒരുകോടി രൂപ അനുവദിച്ചുകഴിഞ്ഞു. തീരദേശത്തെ വനിതകള്‍ക്ക് ജോലി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വച്ചിരിക്കുന്നതെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മധുസൂദന കുറുപ്പ് പറഞ്ഞു.കൃഷിക്കാവശ്യമായ പരിശീലനവും സാങ്കേതിക സഹായവും 'കുഫോസ്' നല്‍കും. ശുദ്ധജല മത്സ്യങ്ങളെക്കാള്‍ സമുദ്രജല മത്സ്യങ്ങള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ സാദ്ധ്യത. അതിനാല്‍, ഈ മേഖലയെ മെച്ചപ്പെടുത്തുകയാണ് കുഫോസ്.

'കാവില്‍' - പുതിയ സംരംഭം

അലങ്കാരമത്സ്യ കയറ്റുമതി രംഗത്ത് ആലുവ കടുങ്ങല്ലൂരില്‍ ആരംഭിച്ച പൊതു-സ്വകാര്യ സംരംഭമാണ് 'കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (കാവില്‍)'. അലങ്കാരമത്സ്യ ഉത്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കാവില്‍' പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും കണ്ണൂര്‍ ഇരിട്ടിയിലുള്ള ഫാമുകളില്‍ നിന്നുമാണ് കാവിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ എത്തിക്കുന്നത്. ഈ കുഞ്ഞുങ്ങളെ കാവില്‍ നേതൃത്വം നല്‍കുന്ന ഹോം സ്റ്റഡുകളില്‍ വളര്‍ത്താന്‍ നല്‍കുകയാണ് ചെയ്യുന്നത്.

വീടുകളില്‍ ഇത്തരത്തില്‍ അലങ്കാരമത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുകയാണ് കാവില്‍. അഞ്ഞൂറിലധികം യൂണിറ്റുകള്‍ കാവിലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിത്ത് ഉത്പാദിപ്പിക്കുകയും വിത്ത് വാങ്ങി വളര്‍ത്തി നല്‍കുകയും ചെയ്യുന്ന യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതോടൊപ്പം യൂണിറ്റ് അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. മത്സ്യങ്ങളുടെ ഗുണമേന്മയും പരിശോധനാ കേന്ദ്രവും ആറ് എക്‌സ്‌പോര്‍ട്ട് ഹബ്ബുകളുമാണ് കാവില്‍ ഉള്ളത്.

കയറ്റുമതിക്ക് ആവശ്യമായ അലങ്കാര മത്സ്യങ്ങളെ സംഭരിച്ച്, കണ്ടീഷന്‍ ചെയ്ത് പായ്ക്ക് ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യവും യൂണിറ്റിലുണ്ട്. കാവില്‍, മത്സ്യകൃഷി ഉത്പാദകര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹകരണങ്ങള്‍ നല്‍കി അവരെ ഈരംഗത്ത് പ്രോത്സാഹിപ്പിക്കുകയാണ്.

വിനോദത്തോടൊപ്പം വരുമാനം

പ്രത്യേക സമയം കണ്ടെത്താതെ തന്നെ ചെയ്യാവുന്ന, വീട്ടിലെ അലങ്കാരമത്സ്യ കൃഷി വിനോദത്തോടൊപ്പം നല്ലൊരു വരുമാനവും കൂടിയാണ്. കാഞ്ഞിരമറ്റം സ്വദേശിനി മേരി തോമസ് അലങ്കാരമത്സ്യ കൃഷി ആരംഭിച്ചിട്ട് അഞ്ച് വര്‍ഷത്തോളമായി. ഇപ്പോള്‍ മാസം പതിനയ്യായിരം രൂപയ്ക്കുമേല്‍ മേരി തോമസ് വരുമാനം നേടുന്നുണ്ട്. വീട്ടു ജോലികള്‍ കഴിഞ്ഞുള്ള സമയം അലങ്കാരമത്സ്യങ്ങളുടെ പരിചരണത്തിനായി നീക്കിവെയ്ക്കുന്നു. ഫൈബര്‍ ടാങ്കിലും ഒമ്പത് കോണ്‍ക്രീറ്റ് ടാങ്കിലുമായാണ് മേരി തോമസ് അലങ്കാരമത്സ്യങ്ങള്‍ കൃഷി ചെയ്യുന്നത്.

വൈക്കത്ത് നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിക്കൊണ്ടായിരുന്നു ഇവര്‍ മത്സ്യ കൃഷി ആരംഭിച്ചത്. പിന്നീട്, ആലുവ കടുങ്ങല്ലൂരിലുള്ള കാവിലിന്റെ സഹകരണത്തോടെ അലങ്കാരമത്സ്യ കൃഷി വിപുലപ്പെടുത്തിയിരിക്കുകയാണ്. ഗൗരാമി, റെഡ് സ്വോര്‍ട്ട് എന്നിവയാണ് മേരി തോമസ് പ്രധാനമായും വളര്‍ത്തുന്നത്. കാവില്‍ നിന്ന് മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനരീതിയില്‍ പരിശീലനം നേടി. ഇപ്രകാരം മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച്, ആവശ്യക്കാര്‍ക്ക് വളര്‍ത്തി നല്‍കുകയും ചെയ്യുന്നു. കാവിലിന്റെ എട്ട് യൂണിറ്റാണ് മേരി തോമസ് എടുത്തിരിക്കുന്നത്.

അലങ്കാര മത്സ്യങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ് എടവനക്കാട് സ്വദേശിനി ലീന ജോഷി തന്റെ വീട്ടുമുറ്റം. സിമന്റ് ടാങ്കുകളിലും അക്വേറിയങ്ങളിലുമായി വിപുലമായ രീതിയിലാണ് ലീന മത്സ്യകൃഷി നടത്തുന്നത്. ഗപ്പി, ഗോള്‍ഡ് ഫിഷ്, ഫൈറ്റര്‍, റെഡ് സ്വോര്‍ട്ട്, സക്കര്‍ എന്നിങ്ങനെ വിവിധ ഇനങ്ങളിലുള്ള അലങ്കാര മത്സ്യങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നുണ്ട് ഇവിടെ.

ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ കാവിലും പുറത്ത് മൊത്തവ്യാപാര യൂണിറ്റുകളിലുമായാണ് നല്‍കുന്നതെന്ന് ലീനയുടെ മകന്‍ ജ്യോതിഷ് പറഞ്ഞു. ഫൈറ്ററുകളില്‍ വെള്ള നിറത്തിലുള്ള മില്‍ക്കി ഫൈറ്റര്‍ അലങ്കാരമത്സ്യക്കൂട്ടങ്ങളില്‍ വ്യത്യസ്തനാവുകയാണ്. കാവില്‍ നല്‍കുന്ന സാമ്പത്തിക സഹായവും ലീനയ്ക്ക് ലഭിച്ചിരുന്നു.

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും ജ്യോതിഷ് അലങ്കാരമത്സ്യ കൃഷിയില്‍ പ്രയോജനപ്പെടുത്തുകയാണ്. ഫൈറ്റര്‍ വിഭാഗത്തില്‍ പെട്ട മത്സ്യങ്ങള്‍ അക്രമകാരികളായതിനാല്‍ ഓരോ മത്സ്യത്തെയും മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട്. ഇവയെ പ്ലാസ്റ്റിക് കുപ്പികളുടെ മുകള്‍ഭാഗം വെട്ടിമാറ്റി തയ്യാറാക്കുന്ന കുപ്പികളിലാണ് ജ്യോതിഷ് വളര്‍ത്തുന്നത്. ഇതിനുവേണ്ടി ചെറായി ബീച്ചില്‍ നിന്നും മറ്റും ജ്യോതിഷ് ഉപയോഗശൂന്യമായ കുപ്പികള്‍ ശേഖരിച്ചെടുത്ത് ഉപയോഗപ്പെടുത്തുകയാണ്.


Stories in this Section