ചെറു ഇനം വാഴകള്‍ക്ക് കീടനാശിനി വേണ്ടെന്ന് പഠനം

Posted on: 27 Dec 2012


കാസര്‍കോട്: കേരളത്തിലെ കര്‍ഷകര്‍ കൈയൊഴിഞ്ഞ ചെറു ഇനം വാഴകള്‍ക്ക് കീടനാശിനി വേണ്ടെന്നും രോഗപ്രതിരോധ ശേഷി കൂടുതലെന്നും പഠനം.

പ്രതിരോധശേഷി കൂടുതലായതിനാല്‍ തടതുരപ്പന്‍ പോലുള്ള കീടബാധ ഏല്‍ക്കില്ല. ഒപ്പം മറ്റുതരം വാഴകളില്‍ ഇല്ലാത്ത പ്രത്യേക മണം, സ്വാദ്, ഔഷധ ഗുണം, വരള്‍ച്ചയെ നേരിടാനുള്ള കഴിവ് എന്നിവയും ഇവയ്ക്കുണ്ട്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ഡി.എ.ഇവാന്‍സാണ് ഈ കണ്ടെത്തലിന് പിന്നില്‍. കാസര്‍കോട് ഗവ. കോളേജ് സുവോളജി വകുപ്പ് നടത്തിയ ദേശീയസെമിനാറിലാണ് ഡോ. ഡി.എ.ഇവാന്‍സ് ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്.

തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ പഞ്ചായത്തിലെ വാഴകളെക്കുറിച്ചുള്ള പഠനത്തില്‍ 21 ഇനം വാഴകളെ ഇദ്ദേഹം കണ്ടെത്തിയിരുന്നു. ഇവയില്‍ നാലിനം വാഴകള്‍ ഒഴികെ മറ്റൊന്നും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവയല്ല. നെല്‍പ്പാടങ്ങളില്‍ കര്‍ഷകര്‍ ധാരാളമായി കൃഷി ചെയ്യുന്നത് ഏത്തന്‍, പാളയന്‍കോടന്‍, കപ്പ(ചുവന്ന പൂവന്‍), ഞാലിപ്പൂവന്‍, റോബസ്റ്റ എന്നിവയാണ്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ വിളവെടുപ്പ് നടത്താന്‍ കഴിയുമെന്നതും വലിപ്പമുള്ള വാഴക്കുല ഉത്പാദിപ്പിക്കും എന്നതുമാണ് ഈ ഇനങ്ങളിലേക്ക് മാത്രം കര്‍ഷക ശ്രദ്ധ തിരിയാന്‍ കാരണം. എന്നാല്‍ ഇവയ്ക്ക് രോഗപ്രതിരോധ ശേഷി കുറവാണ്. മാത്രമല്ല കീടങ്ങളുടെ ആക്രമണവും ഏറും.

അതുകൊണ്ട് തന്നെ തടതുരപ്പന്‍ പോലുള്ള കീടബാധ ചെറുക്കാനായി വേര്‍തിരിവില്ലാതെ പലതരത്തിലുള്ള കീടനാശിനി തളിക്കേണ്ടിവരുമെന്നും ഡോ. ഇവാന്‍സ് പറയുന്നു. കീടനാശിനികള്‍ തളിച്ച പഴം അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കെത്തുന്നത് വിഷക്കായയായിട്ടാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.


Stories in this Section