പാറമണ്ണില്‍ വിളയുന്നത് ഹൈബ്രിഡ് കക്കിരി

Posted on: 27 Dec 2012
കാഞ്ഞങ്ങാട്: വിശാലമായ പാറമണ്ണിലെ പച്ചപ്പില്‍ വിളയുന്നത് നൂറുകണക്കിന് ഹൈബ്രിഡ് കക്കിരി. ചായ്യോത്തെ പാറപ്പുറത്താണ് സാധാരണ കക്കിരിയേക്കാള്‍ രുചിയും ഭംഗിയുമുള്ള ടണ്‍കണക്കിന് കക്കിരി വിളഞ്ഞത്. അതിന് പിന്നില്‍ കാര്‍ഷിക ബിരുദാനന്തര ബിരുദമുള്ള ഒരു ചെറുപ്പക്കാരനും സുഹൃത്തും! ഡല്‍ഹിയിലെ ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് എം.എസ്‌സി. പാസായ അനീഷ് രാജാണ് ഹൈബ്രിഡ് കക്കിരി വന്‍തോതില്‍ കൃഷി ചെയ്യുന്നത്. ഒപ്പം സഹായിക്കാന്‍ സുഹൃത്ത് സനോജുമുണ്ട്.തമിഴ്‌നാട്ടില്‍നിന്നാണ് അത്യുത്പാദനശേഷിയുള്ള തൈകള്‍ കൊണ്ടുവന്നത്. ജൈവവളം മാത്രം ഉപയോഗിച്ച് ആയിരം ഗ്രോ ബാഗുകളില്‍ നട്ടുവളര്‍ത്തുന്നു. പന്ത്രണ്ടോളം ഇലകളുണ്ടാവും. ഓരോ ഇലഞെട്ടിലും പൂക്കളുണ്ട്. ഇവയില്‍ കക്കിരിയും.

സാധാരണ കക്കിരിയേക്കാള്‍ രുചിയുണ്ടിതിന്. നീളം കൂടും. കാണാന്‍ ഭംഗിയുമുണ്ട്. ഒരു ഹെക്ടറില്‍ 15 ടണ്ണോളം വിളവ് ലഭിക്കും. നട്ട് 40 ദിവസത്തിനകം വിളവെടുത്തു. ആദ്യവിളവെടുപ്പില്‍ തന്നെ ഇവര്‍ക്ക് അമ്പത് കിലോ കിട്ടി. നടീല്‍ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ എസ്.ശിവപ്രസാദാണ് നിര്‍വഹിച്ചത്. കിനാനൂര്‍-കരിന്തളം കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു.
Stories in this Section