മൃഗാശുപത്രികളില്‍ മരുന്നില്ല; ക്ഷീരകര്‍ഷകര്‍ക്ക് ഇരുട്ടടി

Posted on: 22 Dec 2012


ആലപ്പുഴ: കാലിത്തീറ്റ വിലവര്‍ധന മൂലം നട്ടംതിരിയുന്ന ക്ഷീരകര്‍ഷകര്‍ക്ക് മൃഗാശുപത്രികളിലെ മരുന്ന് ക്ഷാമം ഇരുട്ടടിയായി. സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന മരുന്ന് പുറത്തുനിന്ന് കൂടിയവിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ് ക്ഷീരകര്‍ഷകര്‍. അകിടുവീക്കം, വയറിളക്കരോഗങ്ങള്‍, വിരബാധ, ത്വഗ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള അവശ്യമരുന്നുകള്‍ക്കാണ് പ്രധാനമായും ക്ഷാമം. സംസ്ഥാനതലത്തില്‍ മൃഗസംരക്ഷണ വകുപ്പില്‍ മരുന്ന് വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികളാകാത്തതാണ് പ്രശ്‌നത്തിന് കാരണം.

പശുക്കള്‍ക്കും കിടാങ്ങള്‍ക്കുമുള്ള വിരബാധ തടയുന്നതിനുള്ള ആല്‍ബന്റസോള്‍ ജില്ലയിലെ ഒരു മൃഗാശുപത്രിയില്‍പ്പോലുമില്ല. പനി, പകര്‍ച്ചവ്യാധി എന്നിവ തടയുന്നതിനുള്ള ആന്റിബയോട്ടിക്കുകള്‍ക്കും ക്ഷാമമാണ്. സ്‌ട്രെപ്‌സോ പെന്‍സിലിന്‍, ജെന്‍ഡാമൈസിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ കിട്ടാനില്ല. മൃഗങ്ങളിലെ ത്വഗ്രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബോറിക്കാസിഡ്, സള്‍ഫര്‍ എന്നിവയ്ക്കും കടുത്ത ക്ഷാമമുണ്ട്. ജില്ലയില്‍ 78 മൃഗാശുപത്രികളാണുള്ളത്. ഇവിടങ്ങളില്‍ എത്തുന്ന ക്ഷീരകര്‍ഷകര്‍ക്ക് മരുന്ന് പുറത്തേക്ക് കുറിച്ചുനല്‍കുകയാണ്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. പുറത്തേക്ക് മരുന്ന് കുറിക്കുന്നതിനാല്‍ വിരബാധയും അകിടുവീക്കവുമൊക്കെയുള്ള പശുവിന്റെ ചികിത്സയ്ക്ക് 100 മുതല്‍ 200രൂപ വരെ ക്ഷീരകര്‍ഷകന് ചെലവാകുന്നുണ്ട്.

കാലിത്തീറ്റയ്ക്ക് അടുത്തിടെ 200 മുതല്‍ 350 രൂപവരെ വില ഉയര്‍ന്നിരുന്നു. 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 850 രൂപയോളമാണ് വില. ഇതിനിടയിലാണ് പശുക്കള്‍ക്കും കിടാങ്ങള്‍ക്കുമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി വന്‍തുക മുടക്കേണ്ടിവരുന്നത്. മരുന്നില്ലാത്ത വിവരം മൃഗഡോക്ടര്‍മാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. അതേസമയം കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പുകള്‍ ഡിസംബര്‍ 27 മുതല്‍ ആരംഭിക്കാന്‍ നടപടിയായിട്ടുണ്ട്.


Stories in this Section