സൗഹൃദം പൂക്കുന്ന കൃഷിയിടം

Posted on: 22 Dec 2012ആലപ്പുഴ: ഒരേക്കര്‍ കൃഷിയിടം. അതില്‍ 2000 ചുവട് പയര്‍ച്ചെടികള്‍, തക്കാളി, ചീര, വെണ്ട, കപ്പ എന്നിവ വേറെയും. തുറവൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തുറവൂര്‍ മഹാക്ഷേത്രത്തിന് എതിര്‍ഭാഗത്ത് തെന്നാട്ട് ഇല്ലത്തെ കൃഷ്ണശര്‍മ (കണ്ണന്‍)യുടെ വീടിനോട് ചേര്‍ന്ന കൃഷിയിടമാണിത്.

റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ കണ്ണന്‍ കൃഷിയോടുള്ള കമ്പംകൊണ്ടാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. സുഹൃത്തുക്കളായ ശരത്ചന്ദ്രന്‍, സുദര്‍ശനന്‍, വിമല്‍കുമാര്‍ എന്നിവര്‍കൂടി സഹായത്തിനെത്തിയതോടെ കാര്‍ഷികവൃത്തിയില്‍ സജീവമായി.

രണ്ടാഴ്ചയിലേറെയായി പയര്‍ വിളവെടുക്കാന്‍ തുടങ്ങിട്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ 90 കിലോ പയര്‍ വീതമാണ് ലഭിക്കുന്നത്. തുറവൂരിലെ തന്നെ ചില്ലറ വില്പനക്കാര്‍ പയര്‍ വാങ്ങാനെത്തുന്നുണ്ട്. 40 രൂപയാണ് ഒരുകിലോ പയറിന് വില. വില്പനയിലൂടെ ഒരാഴ്ച കൈയില്‍ വരുന്ന വരുമാനം പതിനായിരത്തിലേറെ രൂപയും.

വളക്കൂറില്ലാത്ത മണ്ണിനെ പൊന്നുവിളയിക്കാന്‍ പാകമാക്കിയെടുത്തതാണ് കണ്ണന്റെയും കൂട്ടുകാരുടെയും വിജയം. മണ്ണൂത്തിയിലെ കമ്പനിയില്‍നിന്ന് വരുത്തിയ ജൈവവളം ഉപയോഗിച്ച് മണ്ണിനെ വളക്കൂറുള്ളതാക്കിമാറ്റി. പിന്നീട് അത്യുത്പാദനശേഷിയുള്ള പാകി കിളിര്‍പ്പിച്ച പയര്‍ ച്ചെടികള്‍ പറിച്ചുനട്ടു.

ഒരോ തടത്തിലും അരികിലായി പ്രത്യേക സംവിധാനത്തില്‍ പൈപ്പുകള്‍ സ്ഥാപിച്ചു. ഒന്നിടവിട്ട ദിവസങ്ങളില്‍ നനയ്ക്കും. 10 ദിവസം കൂടുമ്പോഴാണ് വളം പ്രയോഗിക്കുന്നത്.

തക്കാളി- 200 ചുവട്, ചീര-500, വെണ്ട- 300 എന്നിവ പാകി കിളിര്‍പ്പിച്ചുനടാന്‍ പാകമാക്കിയിട്ടുണ്ട്.
തുറവൂര്‍ കൃഷിഓഫീസര്‍ ജഗന്നാഥ്, ഗിരീഷ് കര്‍ത്ത എന്നിവരുടെ വിദഗ്ധ ഉപദേശം കൂടിയായതോടെ കണ്ണന്റെ കൃഷിയിടം പൊന്നുവിളയുന്ന മണ്ണായി. വരുമാനം വര്‍ധിച്ചതോടെ കണ്ണന്‍ കൃഷിക്കായി കൂടുതല്‍ സമയം നീക്കിവച്ചിരിക്കുകയാണ്.

- ബിനീഷ്പുരുഷോത്തമന്‍


Stories in this Section