ഇറച്ചിക്കോഴികളുടെ തീറ്റക്രമം

Posted on: 22 Dec 2012ബ്രോയിലര്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക് രണ്ടുതരത്തിലുള്ള തീറ്റയാണ് നല്‍കേണ്ടത്. ബ്രോയിലര്‍ സ്റ്റാര്‍ട്ടറും ബ്രോയിലര്‍ ഫിനിഷറും. ആദ്യത്തെ മൂന്നാഴ്ച സ്റ്റാര്‍ട്ടര്‍ റേഷന്‍ കൊടുക്കണം. ഇതില്‍ കൂടുതല്‍ മാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. മൂന്നാഴ്ചയ്ക്കുശേഷം ഫിനിഷര്‍ റേഷന്‍ നല്‍കുന്നു. ഇതില്‍ കൂടുതല്‍ അന്നജം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരതൂക്കം വര്‍ധിക്കുന്നതിന്ന് സഹായകരമാണ്. സസ്യജന്യമാംസ്യാഹാരങ്ങളായ കടലപ്പിണ്ണാക്ക്, എള്ളിന്‍ പിണ്ണാക്ക് എന്നിവമാത്രം ഉപയോഗിച്ചാല്‍ ലൈസിന്‍, മിത്തിയോണിന്‍ എന്നീ അമൈനോ അമ്ലങ്ങളുടെ കുറവ് നേരിടും. ഇത് നികത്താനായി ജന്തുജന്യമാംസ്യം ധാരാളമടങ്ങിയിട്ടുള്ള ഉപ്പില്ലാത്ത ഉണക്കമീനും ഉപയോഗിക്കാം. മഞ്ഞച്ചോളം, അരിത്തവിട്, ഗോതമ്പ് തവിട്, ഉണക്കക്കപ്പ എന്നിവയാണ് പ്രധാനപ്പെട്ട ഊര്‍ജദായകവസ്തുക്കള്‍.

ഓരോ 100 കിലോഗ്രാം തീറ്റമിശ്രിതത്തിലും 25 ഗ്രാമോളം വൈറ്റമിന്‍ മിശ്രിതവും 50 ഗ്രാം രക്താതിസാരത്തിനെതിരെയുള്ള മരുന്നും 500 ഗ്രാം ഉപ്പും ചേര്‍ക്കണം. പൂപ്പല്‍ ബാധയില്ലാത്തതും കലര്‍പ്പില്ലാത്തതുമായ തീറ്റസാധനങ്ങള്‍ വാങ്ങി വേണം തീറ്റമിശ്രിതം ഉണ്ടാക്കാന്‍. പഴക്കംചെന്ന തീറ്റമിശ്രിതം കോഴിക്കുഞ്ഞുങ്ങള്‍ക്ക് നല്‍കരുത്. കൂടുതല്‍ ദിവസങ്ങള്‍ സൂക്ഷിക്കുമ്പോള്‍ തീറ്റയിലെ ജീവകങ്ങള്‍ നഷ്ടപ്പെടാനും ഇടവരും.

ബ്രോയിലര്‍ കോഴികളുടെ തീറ്റപരിവര്‍ത്തനശേഷി ആശ്രയിച്ചാണ് അവയില്‍നിന്നുള്ള ആദായം കണക്കാക്കുന്നത്. ഒരു കിലോഗ്രാം ശരീരഭാരം വെക്കാന്‍ എത്രകിലോഗ്രാം തീറ്റവേണമെന്നുള്ളതിനാണ് തീറ്റപരിവര്‍ത്തനശേഷി എന്നുപറയുന്നത്. തീറ്റ പരിവര്‍ത്തനം 1:2 ആയിരിക്കുന്നത് നല്ലതാണ്.

ഡോ. പി.കെ. മുഹ്‌സിന്‍. ഫോണ്‍: 9447417336, 0495 2223343


Stories in this Section