മുറ്റത്തൊരു നെല്ലി

Posted on: 22 Dec 2012


നിത്യജീവിതത്തില്‍ ഭക്ഷണമായും മരുന്നായും സൗന്ദര്യ വര്‍ധക വസ്തുക്കളായും പല ചെടികളെയും നാം ഉപയോഗിച്ചുവരുന്നുണ്ട്. ഇതില്‍ പ്രഥമസ്ഥാനത്തുള്ള ചെടിയാണ് നെല്ലി. ഹിന്ദിയില്‍ 'ആമ്‌ല' എന്നും സംസ്‌കൃതത്തില്‍ 'അമൃതധാനി' എന്നും ഇംഗ്ലീഷില്‍ 'ഇന്ത്യന്‍ ഹൂസ്‌ബെറി'യെന്നും ഇത് അറിയപ്പെടുന്നു. വീടിന്റെ തെക്കുഭാഗത്ത് നെല്ലിമരം നട്ടാല്‍ ഐശ്വര്യം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

സാധാരണയായി ഉപയോഗിക്കുന്ന പഴങ്ങളില്‍ ജീവകം സി.യുടെ ഏറ്റവും വലിയ കലവറയാണ് നെല്ലിക്ക. ഓറഞ്ചിലുള്ളതിന്റെ ഇരുപതിരട്ടി ജീവകം സി. നെല്ലിക്കയിലുണ്ട്. കൂടാതെ ഇരുമ്പ്, കാല്‍സ്യം എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി ഉണ്ടാകുന്നതിനും വിളര്‍ച്ചമാറ്റി ഊര്‍ജസ്വലത ഉണ്ടാക്കുവാനും നെല്ലിക്കയ്ക്ക് കഴിയും. 100 ഗ്രാം ആപ്പിളില്‍ ഒരു മില്ലി ഗ്രാം ജീവകം സി.യാണ് അടങ്ങിയിട്ടുള്ളതെങ്കില്‍ നെല്ലിക്കയില്‍ 600 മില്ലിഗ്രാം ജീവകം സി. അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിലെ ജീവകം സി. മറ്റ്ഫലങ്ങളിലെപോലെ ഓക്‌സീകരണം മൂലം നഷ്ടപ്പെടുന്നില്ല.

ആയുര്‍വേദത്തില്‍ നെല്ലിക്കയ്ക്ക് പ്രഥമ സ്ഥാനമാണുള്ളത്. രക്തപിത്തം, പ്രമേഹം, മുടികൊഴിച്ചില്‍, ക്ഷീണം എന്നിവ അകറ്റാനും ദഹനം, കാഴ്ചശക്തി, നാഡീബലം എന്നിവയ്ക്കും നെല്ലിക്ക നല്ലതാണ്. ച്യവനപ്രാശത്തിലെ ഒരു പ്രധാന ഘടകം നെല്ലിക്കയാണ്.

വിത്തുപാകി മുളപ്പിച്ചുണ്ടാക്കുന്ന തൈകള്‍ നട്ടും ഒട്ടു തൈകള്‍ ഉപയോഗിച്ചും നെല്ലി കൃഷി ചെയ്യാം. തൈകള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനെക്കാള്‍ നല്ലത് ഒട്ടു തൈ ഉപയോഗിച്ച് കൃഷി ചെയ്യുന്നതാണ്. ഒട്ടു തൈ ഉപയോഗിച്ച് കൃഷിചെയ്താല്‍ വേഗത്തില്‍ മാതൃ വൃക്ഷത്തിന്റെ അതേഗുണത്തിലുള്ള വിളവ് ലഭിക്കും. നെല്ലിക്കയുടെ വിത്തിന് കട്ടിയുള്ള പുറന്തോടുള്ളതിനാല്‍ മുളച്ച് കിട്ടുവാന്‍ പ്രയാസമാണ്. കട്ടിയുള്ള പുറന്തോടില്‍നിന്നും വേര്‍പെടുത്തിയാല്‍ വിത്ത് വേഗത്തില്‍ മുളയ്ക്കും. വിത്ത് വേര്‍പെടുത്താന്‍ മൂത്ത നെല്ലിക്ക വിത്ത് പാറപ്പുറത്ത് നിരത്തി മൂന്നോ നാലോ ദിവസം വെയില് കൊള്ളിക്കുക. പുറന്തോട് പൊട്ടിവരുന്ന വിത്തുകള്‍ ശേഖരിച്ച് പാകിമുളപ്പിച്ച് തൈകളാക്കാം. ഒരു വര്‍ഷം പ്രായമായ തൈകളാണ് കൃഷി ചെയ്യുവാന്‍ ഉപയോഗിക്കുന്നത്. നടുന്ന സമയത്ത് പത്ത് കിലോ ചാണകപ്പൊടി, എല്ലുപൊടി, മേല്‍മണ്ണ് എന്നിവ ചേര്‍ത്ത് പരുവപ്പെടുത്തി ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 8ന്ദ8 മീറ്റര്‍ അകലത്തില്‍ കുഴികളെടുത്തുവേണം കൃഷി ചെയ്യാന്‍. ഒട്ടു തൈകളാണ് നടുന്നതെങ്കില്‍ ഒട്ടിച്ച ഭാഗം മണ്ണിനടിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ശിഖരങ്ങള്‍ ബലക്ഷയം മൂലം താഴുന്നത് തടയാനും ഒട്ടുതൈകള്‍ കാറ്റിലാടി ഇളക്കം തട്ടാതിരിക്കുവാനും താങ്ങുതടി കൊണ്ട് കെട്ടി നിര്‍ത്തുന്നത് നല്ലതാണ്. ചെടി തറനിരപ്പില്‍നിന്ന് ഒരു മീറ്റര്‍ വളര്‍ന്നാല്‍ ചെടിയുടെ മേലറ്റം നുള്ളിക്കളയണം. ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടായി ചെടി പന്തലിച്ചുവളരും. ഇത് വിളവെടുക്കുവാന്‍ ഏറെ സഹായകമാവും. അത്യുത്പാദനശേഷിയുള്ള ഇനങ്ങളായ ചമ്പക്കാട് ലാര്‍ജ്, ബനാറസി, കൃഷ്ണ, കാഞ്ചന എന്നിവയാണ് പ്രധാന ഇനങ്ങള്‍.

കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഭൂ പ്രകൃതിക്കും അനുയോജ്യമായതും ഏറെ വിപണന സാധ്യതയുള്ളതുമാണ് നെല്ലിക്ക. അധിക പരിചരണമില്ലാത്തതും കീടങ്ങളുടെ ഉപദ്രവം നന്നേ കുറഞ്ഞതും ധാരാളം വിളവുതരുന്നതുമായ നെല്ലി എല്ലാ വീട്ടിലും നട്ടുവളര്‍ത്താവുന്നതാണ്.


ടി. നാരായണന്‍,
കൃഷി അസിസ്റ്റന്റ്, കൃഷിഭവന്‍, കല്യാശ്ശേരി
ഫോണ്‍: 9605411671

Stories in this Section