റബ്ബര്‍വില താഴോട്ട്; സാധനവില കുതിക്കുന്നു: മലയോരകര്‍ഷകര്‍ ആശങ്കയില്‍

Posted on: 19 Dec 2012


കോട്ടയം:നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുകയറുകയും റബ്ബര്‍വില കീഴോട്ടുവരികയും ചെയ്യുന്നത് മലയോരമേഖലയെ ആശങ്കയിലാക്കുന്നു. മഴക്കാലം പിന്നിട്ട് മഞ്ഞുകാലം വന്നതോടെ ടാപ്പിങ് കാര്യമായി നടക്കുന്നുണ്ടെങ്കിലും വിലത്തകര്‍ച്ച എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി.

കഴിഞ്ഞ ഡിസംബറില്‍ 200 രൂപ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 157 രൂപയായി ഇടിഞ്ഞത്. ഒരു കിലോഗ്രാമിന് 45 രൂപയോളമാണ് വിലത്തകര്‍ച്ച. ഈ സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ റബ്ബര്‍വില 192 മുതല്‍ 180 വരെ ആയിരുന്നു.

കോട്ടയം ജില്ലയില്‍ 90 ശതമാനത്തോളം കര്‍ഷകരും റബ്ബറിനെ ആശ്രയിക്കുന്നവരാണ്. പ്രത്യേകിച്ച് മലയോരമേഖലയില്‍ മറ്റൊരു കൃഷിയുമില്ല. കറിവേപ്പിലപോലും ചന്തയില്‍നിന്ന് വാങ്ങുന്നവരാണേറെയും. റബ്ബറിന് വില കുത്തനെ ഇടിയുകയും മറ്റെല്ലാറ്റിനും വില വാണംപോലെ കുതിച്ചുയരുകയും ചെയ്യുമ്പോള്‍ വല്ലാത്ത അനിശ്ചിതത്വത്തിലാണ് കാര്‍ഷികമേഖല.കാലാവസ്ഥാവ്യതിയാനം കാര്യമായി ബാധിച്ച മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഴ കുറവായത് ഉല്പാദനത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി തോട്ടങ്ങളില്‍ ഉല്പാദനം ക്രമമായി കുറഞ്ഞുവരുന്നതായാണ് കര്‍ഷകരുടെ അനുഭവം.

കഴഞ്ഞ വര്‍ഷത്തേക്കാള്‍ ടാപ്പിങ് ദിവസത്തില്‍ 30 ശതമാനം വര്‍ദ്ധന ഉണ്ടായിരുന്നെങ്കിലും അതിന് ആനുപാതികമായി ഉല്പാദനം വര്‍ദ്ധിച്ചിട്ടില്ലെന്ന് റബ്ബര്‍ ബോര്‍ഡ് കണക്കുകളും വ്യക്തമാക്കുന്നു.

മഴക്കുറവ് ചെറുകിട, വന്‍കിട റബ്ബര്‍ത്തോട്ടങ്ങളില്‍പാലുല്പാദനത്തില്‍ 40 മുതല്‍ 50 ശതമാനത്തോളം കുറവുണ്ടാക്കിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, റബ്ബര്‍പ്പാലിലെ റബ്ബറിന്റെ അളവ് (ഡി.ആര്‍.സി.) മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കൂടിയിട്ടുണ്ടെന്നും പഠനം തെളിയിക്കുന്നു. മണ്ണില്‍ ഈര്‍പ്പം ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേതിലും 100 സെന്റീമീറ്റര്‍ മഴ കുറവാണ് ഇത്തവണ ലഭിച്ചത്.


Stories in this Section