കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടും

Posted on: 19 Dec 2012


ആലത്തൂര്‍: മഴക്കുറവും കനാല്‍വെള്ളത്തിന്റെ ദൗര്‍ലഭ്യവും രണ്ടാംവിള നെല്‍ക്കൃഷിയെ സാരമായി ബാധിക്കുമ്പോള്‍ കാലാവസ്ഥാവ്യതിയാനം മൂലമുള്ള കൃഷിനാശത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചു. ഏക്കറിന് 160 രൂപ പ്രീമിയം അടച്ചാല്‍ 8,000 രൂപ നഷ്ടപരിഹാരം ലഭിക്കും. കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയാണിത്.

നഷ്ടപരിഹാരം ലഭിക്കുന്നതിന്, കര്‍ഷകര്‍ കൃഷിനാശം വന്നതിന്റെ ഫോട്ടോയെടുത്ത് നല്‍കുകയോ അധികാരികള്‍ക്ക് സ്ഥലം കാട്ടിക്കൊടുക്കുകയോ വേണ്ട. ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക്, കൈവശരേഖ, പ്രീമിയം രസീത് എന്നിവമാത്രം മതിയാകും. കൃഷിയിറക്കാന്‍ പലിശരഹിതവായ്പയെടുത്തവര്‍ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. അവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും.

ഓരോ പ്രദേശത്തും കാലാവസ്ഥാമാറ്റം നിരീക്ഷിക്കുന്നതിന് ഓരോ റഫറന്‍സ് വെതര്‍‌സ്റ്റേഷന്‍ ഉണ്ടാകും. ഇവിടെ ശേഖരിക്കുന്ന വിവരങ്ങള്‍ യന്ത്രസംവിധാനത്തില്‍ കേന്ദ്രീകൃത കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിലെത്തും. താപനിലയിലെ ഏറ്റക്കുറച്ചില്‍, മഴയുടെ അളവ്, കാലംതെറ്റിയുള്ള മഴ, അതിവൃഷ്ടി, മഴക്കുറവ്, കാറ്റ്, രോഗകീടാക്രമണസാധ്യതയുള്ള കാലാവസ്ഥ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. ഇതുമൂലമുണ്ടാകുന്ന കൃഷിനഷ്ടത്തിന് ഓരോ പ്രദേശത്തിനും നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കും.

Stories in this Section