പച്ചക്കറിത്തോട്ടമൊരുക്കി പ്രവാസികുടുംബം

Posted on: 19 Dec 2012


കൊച്ചി: ഒരു വീട്ടിലേക്കാവശ്യമായ പഴവര്‍ഗങ്ങളും പച്ചക്കറികളും ടെറസിന്റെ മുകളില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ഒരു പ്രവാസി കുടുംബം. കാക്കനാട് കളക്ടറേറ്റിനു സമീപം സുരഭി നഗറില്‍ താമസിക്കുന്ന കൂട്ടുമ്മേല്‍ തോമസും കുടുംബവുമാണ് മട്ടുപ്പാവില്‍ ലഭ്യമായ സ്ഥലത്ത് അടുക്കളയിലേക്കു വേണ്ട വിളവൊരുക്കുന്നത്.

പഴവര്‍ഗങ്ങളില്‍ മുന്തിരിയും പച്ചക്കറികളില്‍ കൂര്‍ക്കയുമാണ് തോമസിന്റെ ടെറസ് കൃഷിത്തോട്ടത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. കൂടാതെ മാങ്ങ, പേരക്ക, വെണ്ടയ്ക്ക, വഴുതനങ്ങ, കോവല്‍, പച്ചമുളക്, പയര്‍, തക്കാളി തുടങ്ങി നീണ്ട നിരതന്നെയുണ്ട് മട്ടുപ്പാവിലെ തോട്ടത്തില്‍. എന്നാല്‍ വെറും ഇരുനൂറ്റമ്പത് ചതുരശ്രയടി ടെറസിലുള്ള സ്ഥലത്താണ് ഇത്രയധികം വിഭവങ്ങള്‍ ചട്ടിയില്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ തോമസും ഭാര്യ ട്രീസയും 35 വര്‍ഷംകുവൈത്തിലായിരുന്നു. അവിടെ നിന്ന് തിരിച്ചെത്തുന്നതിനു മുന്‍പ് തന്നെ കാക്കനാട്ട് ജിസിഡിഎ നിര്‍മിച്ച സുരഭി നഗറിലെ വീട് ഇദ്ദേഹം വാങ്ങിയിരുന്നു. ബാക്കിയുള്ള കാലം നാട്ടിലെത്തി കൃഷി ചെയ്യണമെന്നായിരുന്നു തോമസിന്റെ ആഗ്രഹങ്ങളിലൊന്ന്. ഇവിടെ എത്തിയപ്പോഴോ നാലേകാല്‍ സെന്റ് സ്ഥലത്ത് മുഴുവന്‍ വീടു നിര്‍മിച്ചിരിക്കുന്നതിനാല്‍ കൃഷി ചെയ്യുന്നതിനുള്ള സ്ഥലം ഇല്ലാതെയായി.

വീടിന്റെ ടെറസില്‍ ഒട്ടുമിക്ക സ്ഥലവും ട്രസ് വര്‍ക്കും മറ്റും ചെയ്തിരുന്നതിനാല്‍ കൃഷിത്തോട്ടത്തിനായി ഇത്തിരി സ്ഥലം മാത്രമാണ് ഒടുവില്‍ ലഭ്യമായത്. അഞ്ച് വര്‍ഷം മുന്‍പ് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ 'നഗരത്തിലൊരു നാട്ടിന്‍പുറം' പദ്ധതിയിലൂടെയാണ് മട്ടുപ്പാവ് നിത്യഹരിത തോട്ടമാക്കി മാറ്റിയതെന്ന് തോമസ് പറഞ്ഞു. തുടക്കത്തിലെ 30 ചട്ടിയിലാണു കൃഷിക്കു തുടക്കം കുറിച്ചത്. പിന്നീട് ഭാര്യ ട്രീസയുടെ സഹായത്തോടെ ടെറസിന്റെ പല ഭാഗങ്ങളിലേക്കായി ചട്ടി നിര നീണ്ടു. പാവയ്ക്ക, കോവല്‍, പടവലം മുതലായവയ്ക്ക് ടെറസില്‍ പന്തല്‍ വിരിച്ചു. ഒരു പച്ചക്കറിയുടെ വിളവെടുപ്പ് കാലം കഴിഞ്ഞാല്‍ തല്‍സ്ഥാനത്ത് അടുത്തത് നട്ടിരിക്കും.

പലര്‍ക്കും ചട്ടിയില്‍ കൂര്‍ക്ക വളരുമോ എന്ന കാര്യത്തില്‍ സംശയമാണ് ഉള്ളതെന്ന് തോമസ് പറയുന്നു. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് മാതൃക കാട്ടാനാണ് കൂര്‍ക്ക കൂടുതലായി നട്ടിരിക്കുന്നത്. ഒരു ചട്ടിയില്‍ നിന്നു മാത്രം മുക്കാല്‍ കിലോയോളം വിളവാണു കിട്ടുന്നത്. പഴവര്‍ഗങ്ങളും പച്ചക്കറിയും മാത്രമല്ല മട്ടുപ്പാവിലുള്ളത്. ഒരു ഭാഗത്ത് 75 ചതുരശ്രയടി സ്ഥലം ഗ്രില്‍ കൊണ്ട് വേര്‍തിരിച്ച് അതിനുള്ളില്‍ കോഴി വളര്‍ത്തലുമുണ്ട്. ഗിരിരാജന്‍, ഗ്രാമപ്രിയ എന്നി കോഴികളാണ് ഉള്ളത്.

ഒരു ദിവസം 30 ഓളം മുട്ടകളാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. നാടന്‍ മുട്ടയെന്ന നിലയില്‍ സുരഭി നഗര്‍ കോളനി നിവാസികള്‍ക്കിടയില്‍ തന്നെ ആവശ്യക്കാര്‍ ഏറെയാണെന്ന് തോമസ് പറയുന്നു. കോഴിവളര്‍ത്തുന്നതില്‍ നിന്നുള്ള അവശിഷ്ടങ്ങളാണു പച്ചക്കറികള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്ന വളം. മറ്റ് വീട്ടുകാരേയും ഇത്തരത്തില്‍ മട്ടുപ്പാവ് കൃഷിയിലേക്ക് തിരിച്ച് സുരഭി നഗര്‍ കോളനിയെ നിത്യഹരിതമാക്കി മാറ്റണമെന്നാണ് തോമസിന്റെ മറ്റൊരു സ്വപ്നം.


Stories in this Section