കുഞ്ഞാലന്‍കുട്ടിയുടെ തോട്ടത്തില്‍ അത്ഭുതങ്ങള്‍

Posted on: 19 Dec 2012


തിരൂരങ്ങാടി(മലപ്പുറം):കൊച്ചുകുട്ടികള്‍ക്ക് പോലും കൈയെത്തുന്ന ഉയരത്തില്‍ കായ്ച്ചുനില്‍ക്കുന്ന കരിക്കിന്‍കുലകള്‍, കാലം നോക്കാതെ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മാവ്, കരുത്തുറ്റ കുലകളുമായി മൈസൂര്‍ പൂവനും റോബസ്റ്റയും. മരങ്ങളിലും ചെടികളിലുമായി അദ്ഭുതങ്ങള്‍ വേറെയുമുണ്ട്. ഒമ്പതേക്കറോളം വരുന്ന തോട്ടത്തില്‍ രാസവളവും കീടനാശിനിയുമൊന്നും ഉപയോഗിക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ അതിശയം.

മാലിന്യം വളമാക്കി മണ്ണില്‍ പൊന്നുവിളയിക്കാമെന്ന് 10 വര്‍ഷത്തിലധികമായി തെളിയിച്ചുകൊണ്ടിരിക്കുകയാണ് തിരൂരങ്ങാടി ചന്തപ്പടിയിലെ മൊയ്തീന്‍കാന്റകത്ത് കുഞ്ഞാലന്‍കുട്ടി (66). പാടവും പറമ്പും അതിരിടുന്ന വെഞ്ചാലി നൂറ്റുത്തുരുത്തിലുള്ള ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ നെല്ലും തെങ്ങും വാഴയും ഇടതൂര്‍ന്ന് വളരുന്നു.

ചെമ്മാട് മാര്‍ക്കറ്റിലെ അറവ് മാലിന്യങ്ങളും മീന്‍ അവശിഷ്ടങ്ങളുമായി ദിവസവും ഇവിടേക്ക് വണ്ടികളെത്തും. ചെമ്മാട്, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ബേക്കറികളിലെയും പഴം-പച്ചക്കറി കടകളിലെയും അവശിഷ്ടങ്ങളും എത്തിക്കുന്നു. എല്ലാം വെവ്വേറെ കമ്പോസ്റ്റ് കുഴികളില്‍ വളമായി മാറും. ഇതിനായി മൂന്ന് വലിയ കുഴികളുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒട്ടുമില്ലാതെയാണ് അവശിഷ്ടങ്ങള്‍ കുഴിയിലാക്കുക. മണ്ണിര ചാകാന്‍ സാധ്യതയുള്ളതിനാല്‍ അമ്ലഗുണമുള്ള ചെറുനാരങ്ങ, തക്കാളി എന്നിവയും പച്ചമുളക്, ഇഞ്ചി എന്നിവയുടെ അവശിഷ്ടങ്ങളും ഒഴിവാക്കും.

പറമ്പിലെ ആവശ്യങ്ങള്‍ക്കായി വലിയ കിണറും വെഞ്ചാലിയില്‍ നിന്നുള്ള കനാലും ഉപയോഗപ്പെടുത്തുന്നു. ഇതിന് പുറമെ വലിയ കിടങ്ങുകള്‍ കീറി അതിലും വെള്ളം നിര്‍ത്തുന്നു. വാഴയ്‌ക്കൊപ്പം ഇടവിളായി ചേന, ചേമ്പ് എന്നിവയും കൃഷിയുണ്ട്. ജാതി, ചാമ്പ, കവുങ്ങ്, തേക്ക് എന്നിങ്ങനെ മരങ്ങള്‍ വേറെയും. 16 വര്‍ഷം അബുദാബിയില്‍ ജോലിചെയ്ത കുഞ്ഞാലന്‍കുട്ടി പ്രവാസം മതിയാക്കിയപ്പോഴാണ് കൃഷിയിലേക്ക് തിരിഞ്ഞത്. കൃഷിയിടത്തില്‍ ഒരുതരത്തിലുള്ള രാസവളവും കീടനാശിനിയും പ്രയോഗിക്കുന്നില്ല. അത്യാവശ്യഘട്ടങ്ങളില്‍ വേപ്പെണ്ണയും വെളുത്തുള്ളിയും ചേര്‍ന്ന മിശ്രിതം പ്രയോഗിച്ച് കീടങ്ങളെ തുരത്തും.

തോട്ടത്തില്‍നിന്നുള്ള വരുമാനം കൊണ്ടാണ് തന്റെ കുടുംബം കഴിയുന്നതെന്ന് കുഞ്ഞാലന്‍കുട്ടി പറഞ്ഞു. രാവിലെ ആറരയോടെ ജോലിക്കായി പറമ്പിലേക്കിറങ്ങും. വൈകുന്നേരമാകും തിരിച്ച് കയറാന്‍. സഹായത്തിന് ഇളയ മകന്‍ സമീറുമുണ്ട്. നോട്ടം നന്നായാല്‍ തോട്ടം നന്നാവുമെന്നാണ് കുഞ്ഞാലന്‍കുട്ടിയുടെ അഭിപ്രായം.

സി.കെ. ഷിജിത്ത്‌


Stories in this Section