മട്ടുപ്പാവില്‍ ഹൈടെക് കൃഷി

Posted on: 15 Dec 2012നഗരപ്രദേശങ്ങളിലെ പച്ചക്കറി കൃഷി പദ്ധതിക്ക് തൃശ്ശൂരില്‍നിന്നാണ് ശുഭാരംഭം. ജില്ലയില്‍ സംസ്ഥാന വിത്ത് വികസന അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറികൃഷിയില്‍ തൃശ്ശൂരിനെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യം മാത്രമല്ല കേരള സംസ്ഥാന കൃഷിവകുപ്പിന്റെ പദ്ധതിക്കുള്ളത്. വിഷാംശമില്ലാത്ത പച്ചക്കറികള്‍ സ്വയം ഉത്പാദിപ്പിക്കുകയെന്ന സദുദ്ദേശ്യവും ഇതിലുണ്ട്. അത്യുത്പാദനശേഷിയുള്ള വെണ്ട, ചീര, പയര്‍, മുളക്, തക്കാളി മുതലായ തൈകളാണ് വിതരണം ചെയ്യുന്നത്. തൃശ്ശൂര്‍, കൊല്ലം ജില്ലകളിലാണ് പദ്ധതി ഈ വര്‍ഷം നടപ്പാക്കുന്നത്.

പദ്ധതിപ്രകാരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന 13250 വീടുകളില്‍ മട്ടുപ്പാവിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും. ഒരു വീടിന് 25 തൈകളാണ് നല്‍കുക. ജില്ലയിലെ ആറ് മുനിസിപ്പാലിറ്റികളായ ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാവക്കാട്, ഗുരുവായൂര്‍, കുന്നംകുളം എന്നീ പ്രദേശങ്ങളില്‍ 1330 വീടുകള്‍ വീതം പദ്ധതികള്‍ നടപ്പാക്കും. ഓരോ യൂണിറ്റിലും 25 ഗ്രോബാഗുകളില്‍ 5 ഇനം പച്ചക്കറി വിളകളുടെ തൈകള്‍ നട്ടാണ് വിതരണം ചെയ്യുന്നത്. ഗ്രോബാഗില്‍ വളവും ആറ് കിലോ മണലും കലര്‍ത്തിയ മിശ്രിതത്തിലാണ് തൈകള്‍ മുളപ്പിക്കുന്നത്. വിത്ത് വികസന അതോറിറ്റിയുടെ മണ്ണുത്തിയിലെ സര്‍ക്കാര്‍ കൃഷിത്തോട്ടത്തില്‍ മൂവായിരത്തോളം വെണ്ട, മുളക്, തക്കാളി എന്നിവയുടെ തൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരാണ് നടീലിനും മറ്റും മേല്‍നോട്ടം നിര്‍വ്വഹിക്കുന്നത്.

തിരഞ്ഞെടുക്കുന്ന റസിഡന്റ്‌സ് അസോസിയേഷന്‍, ക്ലബ്ബുകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷകള്‍ നല്‍കുന്ന മുന്‍ഗണനപ്രകാരമാണ് ലഭിക്കുന്നത്. 2000 രൂപ മൊത്തം ചെലവ് വരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സബ്‌സീഡി കിഴിച്ച് 500 രൂപ മാത്രമേ ആവശ്യക്കാര്‍ കൃഷിഭവനില്‍ അടയ്‌ക്കേണ്ടതുള്ളൂ. താത്പര്യമുള്ള കര്‍ഷകര്‍ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിയിലുള്ള കൃഷിഭവനുമായി ബന്ധപ്പെട്ട് അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കണം.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് അയ്യന്തോള്‍ അടിസ്ഥാനമാക്കി ക്ലസ്റ്റര്‍ രൂപവത്കരിക്കുമെന്ന് കേരള സ്റ്റേറ്റ് വിത്ത് വികസന അതോറിറ്റിയിലെ കൃഷി ജോയിന്റ് ഡയറക്ടര്‍ അശോക്കുമാര്‍ തെക്കന്‍ വിശദീകരിച്ചു. കേരളത്തിലെ അഞ്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പച്ചക്കറി കൃഷിചെയ്യും. പ്രോജക്ടിന്റെ നടത്തിപ്പിനായി 12 കോടിയാണ് സര്‍ക്കാര്‍ വകവെച്ചിട്ടുള്ളത്. വിതരണം ചെയ്യുന്ന സങ്കരയിനം പച്ചക്കറികളുടെ വിത്തുകളില്‍ വെണ്ട, ചീര തുടങ്ങിയവ 45 ദിവസത്തിനുള്ളില്‍ തന്നെ കായ്ക്കും. നനച്ചുകൊടുക്കുക എന്ന ധര്‍മ്മം മാത്രമാണ് വീട്ടുകാര്‍ പാലിക്കേണ്ടത്. പരാതികളോ തൈകള്‍ മാറ്റിവെയ്‌ക്കേണ്ടതിന്റെ ആവശ്യമോ ഉണ്ടായാല്‍ സ്‌റ്റേറ്റ് വിത്ത് വികസന അതോറിറ്റി ഉത്തരവാദിത്വം ഏറ്റെടുക്കും.

ടെറസ്സില്‍ തന്നെ കൃഷിചെയ്യണമെന്ന് നിര്‍ബന്ധമില്ല. നന്നായി വെളിച്ചം കിട്ടുന്ന ഇടമായിരിക്കണമെന്നു മാത്രം. പച്ചക്കറിത്തൈകളുടെ പരിചരണത്തിന് കൃഷി വകുപ്പ്, വിത്ത് അതോറിറ്റി എന്നിവിടങ്ങളില്‍നിന്നുള്ള സംഘം വീടുകളില്‍ പരിശോധനയ്‌ക്കെത്തും. കൃഷി വിഷയമായി പഠനം പൂര്‍ത്തിയാക്കിയ വൊക്കേഷണല്‍ വിദ്യാര്‍ത്ഥികളെ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് നിയമിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജെസ്സി പി. ജേക്കബ്ബ് പറഞ്ഞു. ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുക. കൃഷിയില്‍ വിജയം നേടുന്ന മികച്ച കോര്‍പ്പറേഷന് സംസ്ഥാനതലത്തില്‍ അവാര്‍ഡ് നല്‍കും.പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.Stories in this Section