ചെമ്പരത്തി പൂങ്കാവനം

Posted on: 15 Dec 2012

വി.ജെ.റാഫി
തൃശ്ശൂര്‍: മരോട്ടിച്ചാല്‍ മലയോരമേഖല കാര്‍ഷികവൃത്തിയുടെ ഈറ്റില്ലമാണ്. തോട്ടവിളകളും പച്ചക്കറിയുമൊക്കെ വിളയിച്ച ഹരിതഭൂമിയില്‍ ചെമ്പരത്തിപ്പൂ കൃഷിയുടെ വിജയഗാഥയുമായി ഒരമ്മയും മകനും.

മരോട്ടിച്ചാല്‍ വല്ലൂരിലെ ഒരേക്കര്‍ സ്ഥലത്ത് ചെമ്പരത്തിപ്പൂ കൃഷികൊണ്ടാണ് ഈ കുടുംബം ഉപജീവനം നടത്തുന്നത്. അരീക്കല്‍ വീട്ടില്‍ പരേതനായ മാണിക്യന്റെ ഭാര്യ ശാന്തയ്ക്കും മകന്‍ ഷിജുവിനും പ്രധാന വരുമാനമാര്‍ഗ്ഗം ഇതുതന്നെ. വീടിനോടു ചേര്‍ന്നുള്ള പറമ്പില്‍ നിറയെ ചെമ്പരത്തി വെച്ചുപിടിപ്പിച്ച് കാടുപോലെ വളര്‍ന്നു പന്തലിച്ചുനില്‍ക്കുകയാണ്.

കുടുംബനാഥന്റെ മരണത്തോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ വലയുമ്പോഴാണ് പറമ്പു നിറയെ ചെമ്പരത്തി നട്ടുവളര്‍ത്തിയത്. പല നിറങ്ങളിലുള്ള പൂക്കള്‍.

സ്വകാര്യ ബസ്സില്‍ ജീവനക്കാരനായിരുന്ന ഷിജു ആദ്യം താന്‍ പണിയെടുക്കുന്ന ബസ്സിലേക്ക് വേണ്ടി വെറുതെ ഒരു രസത്തിന് ഒരു മാലകെട്ടി. ഇത് ശീലമായി. മാലയുടെ ഭംഗികണ്ട് മറ്റ് ബസ്സുകാരും ആവശ്യപ്പെടാന്‍ തുടങ്ങി. ശാന്ത ആദ്യം മാല തയ്യാറാക്കിയത് സമീപത്തെ ഒരു ക്ഷേത്രത്തിലേക്ക് വേണ്ടിയായിരുന്നു. ഇപ്പോള്‍ ഇരുവരും ചേര്‍ന്ന് മാലകെട്ടല്‍ ജോലി സ്ഥിരമാക്കി.

പ്രത്യേകിച്ച് ഒരു സീസണ്‍ ചെമ്പരത്തിക്കില്ല. വളപ്രയോഗവും വേണ്ട. പക്ഷെ വെള്ളം ചെറിയ തോതിലെങ്കിലും വേണം. മഞ്ഞുകാലത്ത് ധാരാളം പൂക്കള്‍ ലഭിക്കും. വെള്ളത്തിന് ക്ഷാമമുള്ള പ്രദേശമായതിനാല്‍ സ്‌പ്രെയര്‍ കൊണ്ട് ചെടിയുടെ മുകളിലാണ് വെള്ളം തെളിച്ചുകൊടുക്കുക. ഇത് മുടങ്ങാതെ ചെയ്താല്‍ പൂക്കള്‍ നന്നായി ലഭിക്കും. ദിനംപ്രതി പതിനായിരം പൂക്കളെങ്കിലും പറിച്ചെടുക്കും. വിടരാന്‍ തയ്യാറായ മൊട്ടുകളാണ് ഞെട്ടോടുകൂടി പറിച്ചെടുക്കുക. പ്രത്യേകതരം നൂലുകൊണ്ട് കെട്ടും. ഇരുന്നൂറോളം പൂക്കള്‍ ഒരു മാലയിലുണ്ടാകും. 40 മുതല്‍ 50 വരെ മാലകള്‍ ഒരു ദിവസം തയ്യാറാക്കും. ഒന്നിന് മുപ്പതു രൂപയ്ക്കാണ് വില്ക്കുക. പ്രധാന ആവശ്യക്കാര്‍ ക്ഷേത്രങ്ങളും ബസുകാരുമാണ്. ഉച്ചയ്ക്കുശേഷം വിടരാറായ മൊട്ടുകള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ വൈകീട്ട് കെട്ടിത്തുടങ്ങും. ചിലപ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞാലും മാലകെട്ടല്‍ തീരില്ല. നേരം വെളുത്ത് ആറേകാല്‍ ആകുമ്പോഴേക്കും തൃശ്ശൂര്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡിലെത്തണം. പിന്നീട് ശക്തന്‍ സ്റ്റാന്‍ഡിലെത്തും.

ഷിജു കൊണ്ടുവരുന്ന മാലയ്ക്ക് സ്ഥിരം ആവശ്യക്കാരുള്ളതിനാല്‍ കാത്തിരുന്ന് വില്പന നടത്തേണ്ടതില്ല. ബാക്കി വരുമെന്ന ആശങ്കയുമില്ല. വെറുതെ കിടക്കുന്ന സ്ഥലത്തും ചെമ്പരത്തി തന്നെ വെച്ചുപിടിപ്പിച്ച് കൃഷി വിപുലമാക്കാനാണ് ഇവരുടെ തീരുമാനം. ആവശ്യമായ വെള്ളം ലഭ്യമാക്കാനും മറ്റും കൃഷിവകുപ്പിന്റെ സഹായം തേടാനുള്ള ശ്രമത്തിലാണ്. ഒരുതരത്തിലും നഷ്ടം ഇല്ലെന്നു മാത്രമല്ല മാന്യമായ തൊഴിലും വരുമാനവും കിട്ടുന്ന ഈ കൃഷി ദൃശ്യവിരുന്നുകൂടിയാണ്.Stories in this Section