നമുക്കും ആവാം തണ്ണിമത്തന്‍

Posted on: 15 Dec 2012

വീണാറാണി. ആര്‍, കൃഷി ഓഫീസര്‍, കിനാനൂര്‍-കരിന്തളം
വേനല്‍ക്കാല മാര്‍ക്കറ്റിലെ താരമാണ് തണ്ണിമത്തന്‍. നമ്മുടെ കാലാവസ്ഥയില്‍ വിജയകരമായി കൃഷി ചെയ്യാമെങ്കിലും വിപണിയിലെ 100 ശതമാനം തണ്ണിമത്തനും നമ്മുടെ അയല്‍ സംസ്ഥാനക്കാരുടെ സംഭാവനയാണ്. വിപണിയിലെ സ്വീകാര്യതതന്നെയാണ് നീലേശ്വരം തൈക്കടപ്പുറത്തെ ശശിയെ തണ്ണിമത്തന്‍ കൃഷിയിലേക്ക് നയിച്ചത്. അഞ്ച്‌വര്‍ഷം മുന്‍പ്'സാമ്പിള്‍' നോക്കാനായി ഒരു വയലില്‍ തണ്ണിമത്തന്‍ വിതച്ച ശശിയുടെ മുഴുവന്‍ വയലിലും ഇന്ന് ഐശ്വര്യം വിതയ്ക്കുന്നത് ഈ വേനല്‍ക്കാല പഴരാജാവാണ്.

ഒന്നാം വിള നെല്ലും പിന്നീടുള്ള സീസണില്‍ പച്ചക്കറിയും തണ്ണിമത്തനും ഇതാണ് പെയിന്റിങ് മേസ്ത്രിയായ ശശിയുടെ വിളമുറ. നവംബര്‍ അവസാനത്തോടുകൂടി പച്ചക്കറിയിനത്തില്‍പ്പെട്ട പയര്‍ മുഴുവന്‍ പറിച്ചെടുത്ത് ജൈവാവശിഷ്ടങ്ങള്‍ ട്രാക്ടറടിച്ച് മണ്ണിലിറക്കുന്നതോടെ തണ്ണിമത്തന്‍കൃഷിക്ക് തിരിതെളിയും. രണ്ട് മീറ്റര്‍ അകലത്തിലായെടുക്കുന്ന കുഴികളില്‍ വിത്ത് വിതയ്ക്കാം. ഒരടി താഴ്ചയുള്ള കുഴിയില്‍ 10 കിലോഗ്രാം ചാണകവളവും ഒരു കിലോഗ്രാം വേപ്പിന്‍പിണ്ണാക്കും മേല്‍മണ്ണും ചേര്‍ത്താല്‍ തണ്ണിമത്തനുള്ള അടിവളമായി. ഹൈബ്രിഡ് വിത്തായ 'രവി'യോടാണ് ശശിക്ക് പ്രിയം. അരയേക്കറിലേക്ക് കാല്‍ കിലോ വിത്ത് മതിയാകും. രണ്ടടി വ്യാസത്തിലെടുക്കുന്ന കുഴിയില്‍ അഞ്ച് വിത്ത് വരെ പാകാം.

വള്ളി വീശിത്തുടങ്ങുമ്പോള്‍തന്നെ വയലില്‍ തെങ്ങോല വിരിച്ചുകൊടുക്കുന്നതിനാല്‍ ശശിയുടെ തണ്ണിമത്തന് കീടാക്രമണം കുറവാണ്. മേല്‍വളം തീര്‍ത്തും 'ശശിസ്റ്റൈലില്‍' തന്നെ. ഇതിനായി ഒരു മീറ്റര്‍ ആഴമുള്ള കുഴിയെടുത്ത് കടപ്പുറത്തെ മീന്‍ വേസ്റ്റും ചാണകവും അട്ടിയിടുന്നു. ഒരു മാസം അഴുകാനുള്ള സമയമാണ്. തണ്ണിമത്തന്‍കൃഷിയിറക്കുന്നതിന് മുന്‍പ്തന്നെയാണ് മേല്‍വളത്തിനുള്ള മുന്നൊരുക്കം. നട്ട് 25 ദിവസമാകുമ്പോള്‍കൂട്ടുവളം ചേര്‍ത്ത് മണ്ണണയ്ക്കും. പൂക്കുന്നതിന് തൊട്ടുമുന്‍പ് പച്ചച്ചാണകം കടലപ്പിണ്ണാക്ക് മിശ്രിതം പുളിപ്പിച്ച് ഒഴിച്ചുകൊടുക്കുന്നത് വിള വര്‍ധിപ്പിക്കുന്നതായി ശശി പറയുന്നു. പൂവിട്ട് കഴിഞ്ഞാല്‍ നന നിര്‍ബന്ധമാണ്.

കായ ചീയല്‍ ഒഴിവാക്കാന്‍ സ്യൂഡോമോണസ് സ്‌പ്രേ ചെയ്യുന്നു. രാവിലെയും വൈകുന്നേരവുമുള്ള ഇടവേളകള്‍ തണ്ണിമത്തന്‍കൃഷിക്കായി ചെലവഴിക്കുന്ന ശശിക്ക് ഏറ്റവും ആകര്‍ഷകമായി തോന്നിയത് വിപണിയാണ്. ഒരു സെന്റില്‍നിന്ന് കുറഞ്ഞത് 110 കിലോഗ്രാം തണ്ണിമത്തന്‍ വിളവെടുക്കാം.

കിലോഗ്രാമിന് 20 രൂപാ നിരക്കില്‍ നേരിട്ടുള്ള വിപണനം-ഇതാണ് ശശിയുടെ വിപണനരീതി. പോയവര്‍ഷം പത്തായിരം രൂപയുടെ തണ്ണിമത്തന്‍ വിറ്റഴിക്കാന്‍ ശശിക്ക് ഒരു മണിക്കൂര്‍ മാത്രമേ വേണ്ടിവന്നുള്ളൂ. (കൂടുതല്‍ വിവരങ്ങള്‍ക്ക് 9895212290)Stories in this Section