ലാഭം നല്‍കും നിലക്കടല

Posted on: 15 Dec 2012

റവ. ജോര്‍ജ് മാത്യു പുതുപ്പള്ളി, 9847481080ഏറ്റവും കുറഞ്ഞ മുതല്‍മുടക്കില്‍ ഏറെ ലാഭമുണ്ടാക്കാവുന്ന ഒന്നാണ് നിലക്കടല കൃഷി. കേരളത്തിലെ മണ്ണ് നിലക്കടല കൃഷിക്ക് അനുയോജ്യമാണ്. സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ നിലക്കടല കൃഷി നടത്തുന്ന ധാരാളം കര്‍ഷകരുണ്ട്.

ത്രിപുരയിലെ കര്‍ഷകര്‍ നിലക്കടല കൃഷി ചെയ്ത് ലാഭമുണ്ടാക്കുന്നത് അത്ഭുതത്തോടുകൂടിയേ കാണാന്‍ കഴിയൂ. അവിടത്തെ ഏറ്റവും വലിയ എണ്ണക്കുരു നിലക്കടലയാണ്. 'ടില്ലകള്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഉയര്‍ന്ന സ്ഥലങ്ങളിലാണ് അവര്‍ നിലക്കടല കൃഷി ചെയ്യുന്നത്. കൃഷിസ്ഥലങ്ങളില്‍ അറുപത് ശതമാനം ഇത്തരം ടില്ലകള്‍തന്നെയായിരിക്കും. ഈ സ്ഥലങ്ങളോടനുബന്ധിച്ചുതന്നെയാണ് ആദിവാസികളായ കര്‍ഷകരും ജീവിക്കുന്നത്. ഏകദേശം രണ്ടര ഹെക്ടര്‍ ഭൂപരിധിക്കുള്ളിലാണ് അവരുടെ താമസം. കൃഷിക്കായി മറ്റുള്ളവര്‍ക്ക് സ്ഥലം പാട്ടത്തിന് നല്‍കുന്ന പരിപാടി അവിടെയില്ല.ഓരോരുത്തരും അവരവരുടെ ഭൂമിയില്‍ രാപകലില്ലാതെ കഠിനമായി അധ്വാനിക്കുന്നു.

ശരിയായ രീതിയില്‍ കൃഷി ചെയ്താല്‍ നല്ല ലാഭമുണ്ടാക്കാമെന്ന് ത്രിപുരയിലെ നിലക്കടല കര്‍ഷകര്‍ പറയുന്നു. കൃഷിക്കുവേണ്ടതായ ആധുനിക മാര്‍ഗങ്ങളും വളങ്ങളും കര്‍ഷകര്‍ കൃത്യമായി സ്വീകരിക്കണമെന്നുമാത്രം. ഒരു യന്ത്രസഹായവും കൂടാതെ ചെയ്യുന്ന കൃഷികളില്‍ ഒന്നാണിത്. അല്പം ഭൂമിയുള്ള ആര്‍ക്കും നിലക്കടല കൃഷി ചെയ്യാം. കേരളത്തില്‍ കര്‍ഷകര്‍ തങ്ങളുടെ കപ്പത്തോട്ടത്തിനുള്ളില്‍ ധാരാളമായി നിലക്കടല കൃഷി ചെയ്യുന്നത് കണ്ടിട്ടുണ്ട്. തമിഴ്‌നാട്ടിലും നിലക്കടല കൃഷിക്കാര്‍ ധാരാളമുണ്ട്.


Stories in this Section