കര്‍ഷകരുടെ രക്ഷയ്ക്കായി പുതിയ മിനി മെതിയന്ത്രം

Posted on: 15 Dec 2012

ഉണ്ണി ശുകപുരംതൊഴിലാളിക്ഷാമം കാരണം പ്രയാസമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകി മിനി മെതിയന്ത്രം. മെതിക്കുന്നതോടൊപ്പം കാറ്റത്തിടലും കഴിച്ച് വൃത്തിയായ നെല്ല് ചാക്കില്‍ നിറയ്ക്കാന്‍ കഴിയുന്ന യന്ത്രത്തിന്റെ പരീക്ഷണം കാലടിത്തറ വയലില്‍ വിജയകരമായി നടന്നു.

തൃശ്ശൂരിലെ റെഡ്‌ലാന്‍ഡ്‌സില്‍ രൂപകല്പന ചെയ്ത ഡീസല്‍കൊണ്ട് പ്രവര്‍ത്തിക്കുന്ന ചെറുയന്ത്രംകൊണ്ട് രണ്ട്‌പേര്‍ക്ക് ഒരു മണിക്കൂറില്‍ ഒരേക്കറിലെ നെല്ല് മെതിച്ചെടുക്കാം. അരലിറ്റര്‍ ഡീസലാണ് ഇതിന് ഇന്ധനമായി വേണ്ടത്.

ഏതാനും മാസം മുന്‍പ് റെഡ്‌ലാന്‍ഡ്‌സിലെ സഞ്ജുകുമാരന്‍ ഡിസൈന്‍ ചെയ്ത യന്ത്രമാണ് ഇപ്പോള്‍ വിജയകരമായി വയലിലിറങ്ങിയത്. യന്ത്രത്തിന്റെ പിറകിലെ പാത്തിയില്‍ നെല്ലിന്‍കറ്റകള്‍ വെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഇതോടെ തലപ്പിലുള്ള കതിര്‍ക്കുലകള്‍ മുഴുവന്‍ യന്ത്രത്തിനകത്തുകയറി നെന്മണികള്‍ വേറെയാക്കി മറ്റൊരു ചാലിലൂടെ കടന്ന് മറുവശത്തുള്ള കുഴലിലൂടെ താഴെവെച്ച ചാക്കില്‍ നിറയും.

വൈക്കോല്‍തുരുമ്പും മറ്റ് കരടുകളുമെല്ലാം കാറ്റില്‍ പുറത്തേക്കു പോകും. വൃത്തിയായ നെല്ല് നേരേ ചാക്കിലാക്കിക്കിട്ടുന്നതിനാല്‍ കര്‍ഷകര്‍ക്ക് അധ്വാനം കൂടാതെതന്നെ മെതിക്കല്‍ പൂര്‍ത്തിയാക്കാം. 24,750 രൂപയാണ് യന്ത്രത്തിന്റെ വില. കൊയ്ത്ത്, നടീല്‍, ഗാര്‍ഡന്‍ ടില്ലര്‍ കാടുവെട്ടല്‍, വൈക്കോല്‍ കെട്ടല്‍ എന്നിവയ്ക്കുള്ള യന്ത്രങ്ങളും ഇവരുടെ ശേഖരത്തിലുണ്ട്. ഇതോടൊപ്പം കാടുവെട്ട് യന്ത്രംപോലെ ഒരാള്‍ക്ക് സ്വന്തം ദേഹത്ത് ഘടിപ്പിച്ച് നടന്ന് കൊയ്ത്ത് നടത്താവുന്ന യന്ത്രവും ഇപ്പോള്‍ ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്.


Stories in this Section