'കാവേരിവാഴ'പ്പെരുമ

Posted on: 15 Dec 2012

എം.പി. അയ്യപ്പദാസ്‌
സ്വര്‍ണനിറത്തില്‍ പച്ചകലര്‍ന്ന ശോഭ, രണ്ടുകൈവിരല്‍ ചേര്‍ത്തു വെച്ചാലുള്ള വണ്ണം, പതിനഞ്ച് സെ. മീറ്ററോളം നീളം, ഹൃദ്യമായ നറുമണം. ആറുമാസത്തില്‍ കുലവന്ന് എട്ടാം മാസം വിളവെടുക്കാം. മറ്റ് വാഴപ്പഴങ്ങളേക്കാള്‍ കുറഞ്ഞ മധുരവും ചെറുപുളിരസവും ഇത്തരം പ്രത്യേകതകളാണ് കാവേരിയെ മറ്റുവാഴപ്പഴങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഒരു വാഴ നട്ടാല്‍ അതേ ചുവട്ടില്‍ നിന്നുതന്നെ ഒട്ടനവധി കുലകള്‍ കുറ്റിവാഴ കൃഷിയിലൂടെയും ആദായം നേടാം, അതുവഴി വീട്ടില്‍ നിത്യവും വാഴപ്പഴവും ലഭ്യമാക്കാം.

തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശിയും മികച്ച ജൈവകര്‍ഷകനും സംഘമൈത്രിയുടെ ചെയര്‍മാനുമായ ബാലചന്ദ്രന്‍ നായരാണ് പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് കാവേരി കൃഷി തുടങ്ങിയത്. തന്റെ കാര്‍ഷികപഠന പര്യടനത്തിനിടയില്‍ കര്‍ണാടകയിലെ കുടകില്‍ ആദിവാസി ഊരില്‍ നിന്നുമാണ് ഇത് കണ്ടെത്തിയത്. പാറക്കെട്ടിലെ അല്പമണ്ണില്‍ വളര്‍ന്നു നിന്ന വാഴക്കൂട്ടത്തില്‍ നിന്ന് ഒരു കുഞ്ഞുതൈ കൊണ്ടുവന്ന് വളര്‍ത്തിയത് ഇന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ഡല്‍ഹിയില്‍ നിന്നുപോലും ആളുകള്‍ വാങ്ങി കൃഷി വ്യാപകമാക്കിയിട്ടുണ്ട്.

വെള്ളക്കെട്ടില്ലാത്ത എല്ലാ പ്രദേശങ്ങളിലും വളരുന്ന ഇവ എട്ട് മാസത്തില്‍ കുലവെട്ടാം. കുറഞ്ഞ വീതിയും നീളം കൂടിയ ഇലകളുമാണ് ഇതിനുള്ളത്. അതുകൊണ്ട്തന്നെ മറ്റു വാഴയിലയെപ്പോലെ മറ്റാവശ്യങ്ങള്‍ക്ക് ഇത് ഉപയോഗപ്പെടുത്താനാവില്ല. ആദ്യാവസാനം അടിക്കുലകള്‍ പഴുത്ത് ഉണങ്ങുന്ന സ്വഭാവവും ഇതിനില്ല. ഒന്‍പത് മീറ്റര്‍ അകലത്തില്‍ വേണം കുഴികളെടുക്കാന്‍. രണ്ടര അടി ആഴവും ചതുരവും വേണം.

കുഴിയില്‍ ഒരുപിടി ചുണ്ണാമ്പുപൊടി വിതറി മണ്ണുമായി കലര്‍ത്തി പിള്ളക്കുഴിയെടുക്കാതെ കന്ന് നടണം, മറ്റ് വാഴക്കന്നുകള്‍ നടുമ്പോള്‍ ചെയ്യുന്നതുപോലെ കാവേരി കന്നിലെ വേരുകളുടെ ചുവടും തലപ്പും മുറിക്കാന്‍ പാടില്ല. ഇളക്കി അധിക ദിവസം വെക്കാതെ ഉടനെതന്നെ അതേപടി നടണം. കന്ന് നട്ട് മേല്‍മണ്ണിട്ട് മൂടി ചുവട് അമര്‍ത്തി മേലെ ചാണകപ്പൊടിയോ, കോഴിവളമോ ഇട്ട് പച്ചിലകളോ, കരിയിലകള്‍ കൊണ്ടോ പുതച്ച് ക്രമമായി നനയ്ക്കുകയും വേണം. ഒരു മാസം കഴിയുമ്പോള്‍ പുതിയ ഇലകള്‍ വന്നുതുടങ്ങും. രണ്ട് മാസത്തിലൊരിക്കല്‍ ജൈവവളങ്ങള്‍ നല്‍കി കരിയില പുതയിട്ട് ചുവട്ടിലെ മണ്ണ് അടുപ്പിച്ചുകൊടുക്കുകയും വേണം. ചാണകപ്പൊടി കിട്ടാന്‍ പ്രയാസമാണെങ്കില്‍ വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും ചേര്‍ത്ത് കൃഷിചെയ്യാം. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുമ്പോള്‍ നാടന്‍ വളങ്ങളോടൊപ്പം ഒന്നര മാസം ഇടവിട്ട് 18: 18: 18 രാസവള മിശ്രിതം ഓരോ കിലോ നല്‍കിയും വളര്‍ത്താം. ചുവട്ടിലെ മണ്ണ് കയറ്റികൊടുത്ത് ഈര്‍പ്പം ഉണ്ടാവാനും ശ്രദ്ധിക്കണം.

ആറാം മാസം കുലവരുന്ന ഇവ ഒന്നുരണ്ട് മാസം കഴിയുമ്പോള്‍ വെട്ടാറാകും. തായ്കുല വെട്ടുംമുമ്പേതന്നെ പിള്ളക്കന്നുകളിലും കുല വന്നു തുടങ്ങും. ചുവട്ടിലെ കന്നുകള്‍ നശിപ്പിക്കാതിരുന്നാല്‍ ഒരു ചുവട്ടില്‍ 10 മുതല്‍ 20 വരെ കന്നുകള്‍ ഉണ്ടാവും. ഇപ്രകാരം 15 വര്‍ഷം വരെ ഒരേ കൃഷിയിടത്തില്‍ നിന്ന് ആവര്‍ത്തന കൃഷിയില്ലാതെ വളം മാത്രം നല്‍കിയാല്‍ ഒട്ടേറെ കുലവെട്ടാം. ചില സ്ഥങ്ങളില്‍ ഒറ്റപ്പെട്ടുവളരുന്ന കാവേരി വാഴയ്ക്കുചുറ്റും എഴുപതോളം വാഴകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ബാലചന്ദ്രന്‍ നായര്‍ പറഞ്ഞു. സ്ഥലപരിമിതി ഉള്ളവര്‍ക്ക് വലിയ ചാക്കുകളിലോ സിമന്റ് തൊട്ടിയിലോ നട്ട് ടെറസിലും കൃഷി ചെയ്യാം. നല്ല സൂര്യപ്രകാശം കിട്ടണമെന്ന് മാത്രം.

മറ്റ് വാഴപ്പഴങ്ങളേക്കാള്‍ ഇതിന് 25% മധുരം കുറവുള്ളതിനാല്‍ 'ഷുഗര്‍ ഫ്രീ' ബനാന എന്നു വിളിക്കുന്നുണ്ട്. കാവേരി പോഷക സമൃദ്ധമാണ്. ഇരുമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം, ജീവകങ്ങള്‍ എന്നിവ ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ ഇത് കഴിച്ചാല്‍ വിളര്‍ച്ച മാറി ഓജസ് വീണ്ടെടുക്കാം.

വാഴകള്‍ക്കുണ്ടാകുന്ന കുറുനാമ്പ്, പിണ്ടിപ്പുഴു, കോക്കന്‍ രോഗം, പനമവാട്ടം, ഇലപ്പുള്ളി രോഗം ഇവയൊന്നും കാവേരിയെ ബാധിക്കാറില്ല. രാവിലെ കുലവെട്ടുന്നതാണ് ഉത്തമം. കായ്കളില്‍ മുറിവും ചതവും ഉരച്ചിലും ഉണ്ടാകാതെ ശ്രദ്ധിക്കണം. മൂപ്പെത്തിയ കുല ഒരു ദിവസം പുകകൊള്ളിച്ച് പുറത്തെടുത്താല്‍ പിറ്റേ ദിവസം പഴമായിത്തുടങ്ങും. എന്നാല്‍, അധികം പഴുത്താല്‍ പടലയില്‍ നിന്ന് ഉതിര്‍ന്നുപോകുന്ന സ്വഭാവം ഇതിന്റെ പോരായ്മയാണ്.

വാണിജ്യാടിസ്ഥാനത്തില്‍ 15,000 കാവേരി വാഴകളാണ് നിത്യവും കുലവെട്ടാന്‍ പാകത്തില്‍ ബാലചന്ദ്രന്‍ നായര്‍ കൃഷിചെയ്തിരിക്കുന്നത്.

വിവരങ്ങള്‍ക്ക്: 9497009168
Stories in this Section