അപൂര്‍വ സഹോദരങ്ങള്‍

Posted on: 12 Dec 2012


മൂവാറ്റുപുഴ: ഇന്നത്തെക്കാലത്ത് കണ്ടുമുട്ടാന്‍ പ്രയാസമുള്ള രണ്ട് ചെറുപ്പക്കാരുണ്ട് മൂവാറ്റുപുഴ വാളകത്ത്. വാളകം കുന്നയ്ക്കാല്‍ പാലനാട്ടില്‍ കുര്യന്റെയും നിമ്മി കുര്യന്റെയും മക്കള്‍ നവീന്‍ കുര്യനും നിതിന്‍ കുര്യനും. ജീവിതത്തെ സാധാരണ ചെറുപ്പക്കാരെപ്പോലെ 'ഈസി ഗോയിങ്' ആയി കാണാനും 'വെള്ളക്കോളര്‍' ജോലിയുടെ പളപളപ്പില്‍ മയങ്ങാനുമൊന്നും ഇവരെ കിട്ടില്ല. മുന്‍പില്‍ സുഖലോലുപതയുടെ വഴികള്‍ തുറന്നു കിടപ്പുണ്ടെങ്കിലും ഒന്നുമാറി നടക്കാനാണ് ഇവരുടെ പ്ലാന്‍. അതും വ്യത്യസ്തമായ രണ്ട് വഴികള്‍ 'കേക്കുകളുടെ പാചകവഴിയും പാലൊഴുകും പശുക്കളുടെ ലോകവും'.

ഭുവനേശ്വര്‍ ഐ.എച്ച്.എം.എല്ലില്‍ നിന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഹോസ്പിറ്റാലിറ്റിയില്‍ ബി.എസ്.സി. ബിരുദവും സ്വിറ്റ്‌സര്‍ലന്റില്‍നിന്ന് കിച്ചണ്‍ മാനേജ്‌മെന്റില്‍ നേടിയ പോസ്റ്റ് ഗ്രാജ്വേഷന്‍ ഡിപ്ലോമയും ലുസേക്ക് സ്‌പോര്‍ട്ടിങ് ഹോട്ടലിലെ പ്രവര്‍ത്തനമികവും ഒക്കെയുള്ള നവീന്റെ മനസ്സില്‍ കേക്കുകളുടെ രുചിലോകമാണ്. കൊല്‍ക്കത്ത ഗ്രാന്റ് ഒബറോയിലെ ഷെഫ് ജോലി വേണ്ടെന്നു വച്ച്, തന്റെ കേക്കുകളുടെയും ചോക്‌ലേറ്റുകളുടെയും ലോകത്തേക്കിറങ്ങിക്കഴിഞ്ഞു നവീന്‍. ഇതിനായി കുന്നയ്ക്കാലിലെ തറവാട്ടുവീടിനു സമീപം സംവിധാനങ്ങളൊരുക്കി ഷെഫ്‌സ് ചോയ്‌സ് എന്ന പേരില്‍ സ്വന്തം ബ്രാന്റ് തുടങ്ങിക്കഴിഞ്ഞു നവീന്‍.

ഇതിലും വ്യത്യസ്തനാണ് അനിയന്‍ നിതിന്‍ കുര്യന്‍. 100 പശുക്കളുള്ള വലിയ ഡയറിഫാമും ആയിരക്കണക്കിനു കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ചിക്കന്‍ ഷെല്‍റ്ററും മുന്തിയ ഇനങ്ങളുള്ള കെന്നല്‍ക്ലബ്ബും ആണ് ഈ 21 കാരന്റെ മനസ്സില്‍. നന്നെ ചെറുപ്പത്തില്‍ സ്‌കൂള്‍ വിട്ടുവരുമ്പോള്‍ സഞ്ചി നിലത്തുവച്ചിട്ട് വീണുകിടക്കുന്ന തേങ്ങ പെറുക്കിക്കൊണ്ടുവന്നിരുന്ന, പക്ഷികളെയും മൃഗങ്ങളെയും വല്ലാതെ സ്‌നേഹിച്ചുപോയ നിതിന് ഇതല്ലാതെ മറ്റൊന്നാവാനാവില്ല. +2 കഴിഞ്ഞ് ഊട്ടിയിലെ ഷോലൈ സ്‌കൂളില്‍നിന്നും 3 മാസംമുന്‍പ് ഓര്‍ഗാനിക് ഫാമിങ്ങില്‍ പഠനം പൂര്‍ത്തിയാക്കിയ നിതിന്‍ കുര്യന്‍ ഒരു ജേഴ്‌സി കിടാവിനെ വാങ്ങി തന്റെ പദ്ധതിക്കു തുടക്കം കുറിച്ചുകഴിഞ്ഞു. ഫാമിലെ ചാണകവും മൂത്രവുമുപയോഗിച്ച് ജൈവ വാതക പ്ലാ ന്റ് സ്ഥാപിച്ച് ചേട്ടന്റെ കേക്ക് യൂണിറ്റിനാവശ്യമായ ഇന്ധനം നല്‍കുക, പാലും പാലുത്പന്നങ്ങളും ഉത്പാദിപ്പിച്ച് വിറ്റഴിക്കുക, ചേട്ടന്റെ ബേക്കറി ഉല്പന്നങ്ങള്‍ക്കാവശ്യമായ പാലും നെയ്യും മറ്റും നല്‍കുക തുടങ്ങി നിതിന്റെ സ്വപ്നങ്ങള്‍ക്ക് കൃത്യമായ തീര്‍ച്ചകളുണ്ട്. നല്ല പാല്‍ സ്റ്റെര്‍ലൈസ് ചെയ്ത് കുപ്പികളിലാക്കി ഓരോവീട്ടിലും എത്തിക്കാനുള്ള പദ്ധതിയും നിതിന്റെ മനസ്സിലുണ്ട്.

ഈ ക്രിസ്മസ് കാലം ഹോംമെയ്ഡ് കേക്കുകളുടെ രുചികള്‍ ജനങ്ങളിലെത്തിക്കാനുള്ളതാണെന്ന് നവീന്‍ പറയുന്നു. 10 വിവിധതരം പ്ലംകേക്കുകള്‍, വാം, ഗനാപ്പ് ഐസിങ്, റാസ്ബറി വൈറ്റ് ചോക്‌ലേറ്റ് കേക്കുകള്‍, പുത്തന്‍ രുചി പകരുന്ന സോണറ്റുകള്‍, ഓറഞ്ച്-ജിഞ്ചര്‍-വൈന്‍ കേക്ക്, നെല്ലിക്കയുടേയും, നാരങ്ങയുടേയും, കറുവപ്പട്ടയുടേയും, ബ്ലുബെറിയുടെയും സ്വതസിദ്ധമായ രുചിയും ഗുണവും പകരുന്ന കേക്കുകള്‍... ഇങ്ങനെ പോകുന്നു നവീന്റെ ലോകം. മൂവാറ്റുപുഴ പെപ്പര്‍ സോള്‍ട്ട് ഷോപ്പിലാണ് ഇപ്പോള്‍ നവീന്റെ കേക്ക് വില്പന... വീട്ടില്‍ത്തന്നെ മികച്ച കേക്ക്-ചോക്‌ലേറ്റ് യൂണിറ്റ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് നവീന്‍ കുര്യന്‍.

24-ാം വയസ്സില്‍ കേക്കിന്റെ സ്വന്തം രുചിക്കൂട്ടുകളിലേക്കിറങ്ങുന്ന നവീനും 21-ാം വയസ്സില്‍ പശുക്കളെയും കൊണ്ട് പുതിയ മാര്‍ഗം തുറക്കാനൊരുങ്ങുന്ന നിതിനും കുന്നയ്ക്കാലിലെ പാലനാട്ടില്‍ വീട്ടില്‍ ഒരുമിച്ചാണ് പദ്ധതികള്‍ മെനയുന്നത്. ഒപ്പം ധൈര്യം പകര്‍ന്ന് സഹായത്തിന് അപ്പനും അമ്മയും സദാ തയ്യാര്‍. 6 ഏക്കറോളം വരുന്ന വീട്ടുവളപ്പില്‍ പൊന്നുവിളയിക്കാന്‍ ഇവര്‍ക്കാകുമെന്ന് യാതൊരു സംശയവുമില്ലാതെ സമ്മതിക്കും കുര്യനും നിമ്മിയും. മക്കളുടെ ആവേശം കാര്‍ഷിക ഗ്രാമീണ ജീവിതത്തിന്റെ വീണ്ടെടുപ്പായും ഇവര്‍ കാണുന്നു.

പി.എസ്. രാജേഷ്‌


Stories in this Section