ക്ഷീരകര്‍ഷകര്‍ നാടന്‍ പശുക്കളിലേക്ക് പിന്‍വാങ്ങുന്നു

Posted on: 12 Dec 2012കാഞ്ഞിരപ്പള്ളി: പശുക്കളുടെ പരിപാലന ചെലവ് താങ്ങാവുന്നതിനപ്പുറമായതോടെ കര്‍ഷകര്‍ നാടന്‍ പശുക്കളിലേക്ക് പിന്‍വാങ്ങുന്നു. കാലിത്തീറ്റയിലും മറ്റുമുണ്ടായ വിലക്കയറ്റം ക്ഷീരകര്‍ഷകനെ പ്രതിസന്ധിയിലാക്കിയതോടെയാണിത്. സങ്കരയിനം പശുക്കളായ ജേഴ്‌സി, സ്വിസ്ബ്രൗണ്‍ തുടങ്ങിയവയുടെ പരിപാലനം ഏറെ ശ്രമകരവും നഷ്ടവുമാണെന്ന് കര്‍ഷകര്‍ പറയുന്നു.

കളനാശിനികളുടെ ഉപയോഗവും കളവെട്ടുയന്ത്രങ്ങളുടെ വരവും പുല്ലിന്റെ ലഭ്യതയില്‍ കുറവുണ്ടാക്കി. നിലവിലെ അവസ്ഥയില്‍ ക്ഷീരകര്‍ഷകരെ സംരക്ഷിക്കാന്‍ കാലിത്തീറ്റ 50 ശതമാനം സബ്‌സിഡിയില്‍ നല്‍കിയാലെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവൂ.

ഈ സാഹചര്യത്തിലാണ് നാടന്‍ ഇനങ്ങളായ ചെറുവള്ളി, കാസര്‍കോടന്‍ കുള്ളന്‍, ഹൈറേഞ്ച് കുള്ളന്‍, വെച്ചൂര്‍ എന്നിവയിലേക്ക് കര്‍ഷകര്‍ മാറാന്‍ തുടങ്ങിയത്.വീടുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പുല്ലും മാത്രം നല്‍കിയാല്‍ മതി ഇവയ്ക്ക്. ശരാശരി മൂന്നു ലിറ്റര്‍ പാല്‍ കിട്ടും. രോഗപ്രതിരോധ ശക്തി സങ്കരയിനങ്ങളെക്കാള്‍ ഏറെയാണ് എന്നുള്ളതും ഗുണകരമാണെന്ന് ക്ഷീരകര്‍ഷകനായ കോഴിമല ഷാജി പറയുന്നു.

ക്ഷീരകര്‍ഷകര്‍ നാടന്‍ പശുക്കളിലേക്ക് ചേക്കേറുന്നത് പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിനാണ് തിരിച്ചടിയാവുന്നത്. നാടന്‍ പശുക്കളിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാവില്ല.

ഗ്രാമീണ തൊഴിലുറപ്പുജോലിക്കായി പോകുന്നതാണ് പശുക്കളെ വളര്‍ത്തുന്നതിലും ഭേദമെന്നാണ് ക്ഷീരകര്‍ഷകരുടെ ഭാഷ്യം.


Stories in this Section