കയറ്റുമതിയില്‍ പ്രതീക്ഷ; ജനവരിയില്‍ റബ്ബര്‍വില ഉയര്‍ന്നേക്കും

Posted on: 12 Dec 2012

ആശാ ബാബുരാജ്‌കോട്ടയം: റബ്ബര്‍ വിപണിയില്‍ തുടരുന്നവിലയിടിവിന് തടയിടാന്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ശ്രമം. 'ഇന്ത്യന്‍ നാച്ച്വറല്‍ റബ്ബറി'ന്റെ കയറ്റുമതി വര്‍ദ്ധിപ്പിക്കാനാണ് റബ്ബര്‍ ബോര്‍ഡിന്റെ നീക്കം. കയറ്റുമതി കൂട്ടിയാല്‍ ജനവരിയോടെ വിലയില്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

രാജ്യത്തെ മൊത്തം കയറ്റുമതിയുടെ 50 ശതമാനത്തിലേറെയും റബ്ബര്‍ ബോര്‍ഡിന്റെ ബ്രാന്‍ഡഡ് ഉത്പന്നമായ ഇന്ത്യന്‍ നാച്ച്വറല്‍ റബ്ബര്‍ ആയതിനാല്‍ കയറ്റുമതിയില്‍ താല്പര്യമുള്ള കൂടുതല്‍ പേര്‍ ഇതിനായി റബ്ബര്‍ ബോര്‍ഡിനെ സമീപിച്ചിട്ടുണ്ട്. 9178 മെട്രിക് ടണ്‍ റബ്ബറാണ് ഇക്കൊല്ലം കയറ്റുമതി ചെയ്തത്. ഇതില്‍ 5000 മെട്രിക് ടണ്ണോളവും ഇന്ത്യന്‍ നാച്ച്വല്‍ റബ്ബറാണ്. 2010 മുതലാണ് ബ്രാന്‍ഡഡ് റബ്ബര്‍ കയറ്റുമതി ആരംഭിച്ചത്. റബ്ബര്‍ ഉത്പാദക സഹകരണസംഘങ്ങള്‍ വഴിയും രജിസ്റ്റേര്‍ഡ് കയറ്റുമതിക്കാര്‍ വഴിയും എത്തുന്ന റബ്ബറാണ് ഗുണമേന്മ മുദ്രയുള്ള ഉത്പന്നമാക്കിമാറ്റുന്നത്.

ഇത്തരത്തില്‍ കയറ്റുമതി ചെയ്യുന്ന റബ്ബര്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ക്കറ്റ് ലിങ്കഡ് ഫോക്കസ് പ്രോഡക്ട് സ്‌കീമില്‍ ഉള്‍പ്പെട്ടതായതിനാല്‍ കയറ്റുമതിക്കാര്‍ക്ക് രണ്ട് ശതമാനം ഇന്‍സന്‍റീവും ലഭിക്കും. ഏഷ്യന്‍ , യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ റബ്ബര്‍ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ജര്‍മ്മനി, ബള്‍ഗേറിയ, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ ഈ റബ്ബറിന് ആവശ്യമേറെയുണ്ട്. 2010-2011ല്‍ 776 മെട്രിക് ടണ്‍ കയറ്റുമതിചെയ്തിരുന്നു. 2011-2012ല്‍ ഇത് 4537 മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. ഈ വര്‍ഷവും കയറ്റുമതി ഉയര്‍ന്നുതന്നെ.

കഴിഞ്ഞ ആഴ്ച അവസാനിക്കുമ്പോള്‍ അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തര റബ്ബര്‍ വില താഴ്ന്നത് കര്‍ഷകരെ ആശങ്കപ്പെടുത്തിയിരുന്നു. വിദേശവിപണിയിലെ വിലക്കുറവ് ഉപയോഗപ്പെടുത്തി ടയര്‍കമ്പനികള്‍ റബ്ബര്‍ ഇറക്കുമതി ചെയ്തതോടെ ആഭ്യന്തര റബ്ബര്‍ വിപണി പ്രതിസന്ധിയിലാകുകയായിരുന്നു.

റബ്ബര്‍ ഉത്പാദനം ഏറ്റവും കൂടുതലുള്ള നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിലക്കുറവ് സ്വാഭാവികമാണെന്ന് റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ചൂട് കൂടുതലായതിനാലും മഴയുടെ തോത് കുറവായതിനാലും റബ്ബര്‍ ഉത്പാദനം ഫിബ്രവരിയോടെ ഗണ്യമായി കുറയാന്‍ സാധ്യതയുണ്ട്. കയറ്റുമതിയിലെ വര്‍ധനകൊണ്ട് റബ്ബര്‍വില ജനവരിയോടെ ഉയര്‍ത്താനാകും. ആഭ്യന്തര ഉത്പാദനം കുറയുകകൂടി ചെയ്യുന്നതോടെ കര്‍ഷകന് മികച്ച വില വീണ്ടും കിട്ടിത്തുടങ്ങുമെന്നാണ് സൂചന.Stories in this Section