വടകരപ്പതിയിലെ കൃഷി വിശേഷങ്ങള്‍

Posted on: 08 Dec 2012


വടകരപ്പതി പഞ്ചായത്തിലിപ്പോള്‍ തക്കാളിക്കാലം. തക്കാളി വിളവെടുപ്പ് തകൃതിയായി നടക്കുന്നു. വില്‍ക്കാന്‍ തൊട്ടടുത്തുതന്നെ വേലന്താവളം ചന്ത. ദിവസവും ചന്ത നടക്കുന്നു. ഉച്ചയ്ക്ക് 1.30 മുതല്‍ മൂന്നു മണി വരെ. ഒന്നര മണിക്കൂര്‍ നേരംകൊണ്ട് ലക്ഷങ്ങളുടെ കച്ചവടം.ചെറുഗ്രാമങ്ങളില്‍ നിന്നും ടെമ്പോകള്‍, ചെറുവണ്ടികള്‍ മറ്റെങ്ങും ഇപ്പോള്‍ കാണാന്‍ കഴിയാത്ത കാളവണ്ടികള്‍, സൈക്കിളുകള്‍ തുടങ്ങി തലച്ചുമടായി വരെ തക്കാളിക്കൂടകള്‍ എത്തുന്നു.

പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കിലാണ് വടകരപ്പതി പഞ്ചായത്ത്. പഞ്ചായത്തിന്റെ ഒരു അതിര്‍ത്തി തമിഴ്‌നാടാണ്. അതിര്‍ത്തിയിലാണ് വേലന്താവളം ചന്ത. ഒരു പാലം കടന്നാല്‍ തമിഴ്‌നാടായി. കേരളത്തിലെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റാണ് വേലന്താവളം ചന്ത. നമ്മുടെ എല്ലാ ജില്ലകളിലെക്കും വേലന്താവളത്തുനിന്നും തക്കാളി എത്തുന്നു.

ഇത്തവണ വേലന്താവളം ചന്തയില്‍ എത്തുന്ന തക്കാളി കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഇരട്ടിയാണ്. വടകരപ്പതി ഹൈടെക് കൃഷിയിലേക്കു തിരിഞ്ഞതാണ് ഉത്പാദന വര്‍ധനയ്ക്ക് കാരണം.

മുരുകേശ് എന്ന കര്‍ഷകന്‍ പറയുന്നത് തങ്ങള്‍ ഉത്പാദിപ്പിക്കുന്ന തക്കാളിക്ക് തീരെ വില കിട്ടുന്നില്ല എന്നാണ്. 15 കിലോവരുന്ന ഒരു കൂട തക്കാളിക്ക് 60 രൂപ മുതല്‍ 100 രൂപ വരെയാണ് ശരാശരി വില. ഈ നഷ്ടം മറികടക്കാന്‍ ഹൈടെക് കൃഷി തുണയായി. സാധാരണ രീതിയില്‍ ഒരേക്കര്‍ തക്കാളി കൃഷിചെയ്താല്‍ 10-15 ടണ്‍ വരെയാണ് ഉത്പാദനം. ഹൈടെക് രീതിയിലായപ്പോള്‍ 30-50 ടണ്‍ വരെ ഉത്പാദിപ്പിക്കാനായി. അതിനാല്‍ വിലക്കുറവ് ഉത്പാദന വര്‍ധനയിലൂടെ നേരിടാന്‍ കഴിയുന്നുണ്ടെന്ന് മുരുകേശനും കൂട്ടുകൃഷിക്കാരും പറയുന്നു.

കേരളത്തിലെ ആദ്യ പ്രിസിഷന്‍ ഗ്രാമമായ പെരുമാട്ടിയുടെ മാതൃക പിന്തുടര്‍ന്നാണ് തൊട്ടടുത്ത പഞ്ചായത്തായ വടകരപ്പതിയിലും ഹൈടെക് കൃഷി ആരംഭിച്ചത്. പെരുമാട്ടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും മുന്‍ ചിറ്റൂര്‍ എം.എല്‍.എ.യുമായ കെ. കൃഷ്ണന്‍ കുട്ടി എന്ന കര്‍ഷക നേതാവാണ് പ്രസിഷന്‍ കൃഷി സമ്പ്രദായം കേരളത്തില്‍ എത്തിച്ചത്. അവരുടെ വിജയകഥ കണ്ടറിഞ്ഞാണ് വടകരപ്പതിയിലെ ഹൈടെക് കൃഷിയും. ഹൈടെക് രീതിയലേക്കുമാറിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ കാര്‍ഷിക ഉത്പാദനം നാലിരട്ടിയിലും മേലേയായി.

വേലന്താവളം ചന്തയില്‍ ലേലം ചെയ്താണ് വില്പന നടക്കുന്നത്. വടകരപ്പതി പച്ചക്കറി ക്ലസ്റ്റര്‍ പ്രസിഡന്റും വാര്‍ഡു മെംബറുമായ ശശികുമാറിനാണ് ചന്തയില്‍ ലേലച്ചുമതല. പ്രിസിഷന്‍ കൃഷി ആരംഭിക്കും മുമ്പ് ലേലം വളരെ ദുഷ്‌കരമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കര്‍ഷകര്‍ക്ക് നല്ല വില നല്‍കുകയും ഒപ്പം കച്ചവടക്കാര്‍ക്കു ആദായകരമായി കിട്ടുകയും ചെയ്യുന്ന റോളാണ് ലേലക്കാരന്. സ്വയംകൃഷിക്കാരനായതിനാല്‍ വില താഴ്ത്താന്‍ വിഷമമുണ്ട്. കച്ചവടക്കാര്‍ക്ക് ആദായകരമല്ലെങ്കില്‍ അവര്‍ ചന്ത ഉപേക്ഷിക്കും.

ഏതുതരം കൃഷിയും തുറന്ന പ്രിസിഷന്‍ രീതിയില്‍ ചെയ്യാം. പാവലും പടവലവും പയറും വെള്ളരിയും കുമ്പളവും തക്കാളിയും ചീരയും ചേനയും ചേമ്പും വാഴയും തെങ്ങുവരെ വടകരപ്പതിയില്‍ ഹൈടെക് സമ്പ്രദായത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു.
ഇസ്രായേല്‍ കൃഷിരീതിയാണ് പ്രിസിഷന്‍, രണ്ടു തരത്തില്‍ ഇതു ചെയ്തുവരുന്നു. പോളിഹൗസ് എന്ന കൂടാര കൃഷിയും തുറന്ന പ്രിസിഷനും.

കൂടാര കൃഷി അഥവാ പോളിഹൗസ് കൃഷിക്ക് പ്രാരംഭ ചെലവ് ഏറെയുണ്ട്. 1000 ചതുരശ്ര അടികൂടാരമൊരുക്കാന്‍ 10 ലക്ഷം രൂപ വേണ്ടിവരും. ഇത്തരം കൂടാരത്തില്‍ പക്ഷേ, എല്ലാ കൃഷികളും പറ്റില്ല. പ്രാണികള്‍, തേനീച്ചകള്‍ എന്നിവയാല്‍ പരാഗണം നടത്തേണ്ട പാവല്‍, പടവലം, പയര്‍, വെള്ളരി, കുമ്പളം തുടങ്ങി നമ്മുടെ പ്രധാനപ്പെട്ട ഒരു പച്ചക്കറികളും പോളിഹൗസില്‍ സാധ്യമല്ല.

കേരളീയ സാഹചര്യത്തില്‍ ഹൈടെക് ഓപ്പണ്‍ പ്രിസിഷനാണ് അനുയോജ്യവും ലാഭകരവും. ചുരുങ്ങിയ മുതല്‍മുടക്കില്‍ ഏതു വിളയും കൃഷി ചെയ്യാം. വെള്ളം കുറച്ചുമതി, തൊഴിലാളികള്‍ കുറച്ചുമതി തുടങ്ങിയ മെച്ചങ്ങള്‍ ഏറെയുണ്ട്.

നീലഗിരി കുന്നിന്റെ താഴ്‌വാരമാണ് വടകരപ്പതി, ഒരു മഴനിഴല്‍ പ്രദേശം. വല്ലപ്പോഴുമാണ് ഒരു മഴ കിട്ടുക. കുടിവെള്ളത്തിന് സര്‍ക്കാര്‍ കുടിവെള്ള ലോറി എത്തണം. അതിനാല്‍ ഓരോ തുള്ളി വെള്ളവും വടകരപ്പതിക്കാര്‍ക്ക് അമൂല്യമാണ്. വെള്ളം ഏറ്റവും കുറച്ച് വിനിയോഗനഷ്ടം കൂടാതെ ചെടിച്ചുവട്ടിലെ വേരുപടലങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന ജലസേചന സമ്പ്രദായമാണ് പ്രിസിഷനില്‍, ജലത്തോടൊപ്പം തന്നെ വളവും നല്‍കാം. ഫെര്‍ട്ടിഗേഷന്‍ എന്നാണിതിനു പറയുക.

പുതുതലമുറ വളങ്ങളാണ് പ്രിസിഷനില്‍ പ്രയോഗിക്കുക. അവയൊക്കെ കൃത്യസമയത്ത് കൃത്യഅളവില്‍ കൊടുക്കേണ്ടതുണ്ട്. അതിന് ഒരു കൃഷി വിദഗ്ധന്റെ സേവനം വേണ്ടിവരും.

ബന്ധപ്പെടേണ്ട ഫോണ്‍: 9447288809


അഭിലാഷ് കരിമുളയ്ക്കല്‍, കൃഷി ഓഫീസര്‍, തഴക്കര.


Stories in this Section