കൂവ ആരോഗ്യത്തിനും ആദായത്തിനും

Posted on: 08 Dec 2012മികച്ച ഔഷധസസ്യമായ കൂവ കൃഷിചെയ്ത് കൂവപ്പൊടി വിവിധരീതിയില്‍ ഉപയോഗിക്കുന്നത് ആരോഗ്യം വര്‍ധിപ്പിക്കുമെന്നും നല്ല ആദായം നേടാമെന്നും കോഴിക്കോട് ജില്ലയില്‍ മങ്ങാട് റഹ്മത്ത് പറമ്പില്‍ ആര്‍.പി. നാസര്‍ പറയുന്നു. വ്യാവസായിക അടിസ്ഥാനത്തില്‍ അന്നജം ഉത്പാദിപ്പിക്കുന്നത് ഈ സസ്യത്തില്‍ നിന്നാണ്.തെങ്ങിന്‍ തോപ്പില്‍ ഇടവിളയായാണ് നാസറിന്റെ കൂവകൃഷി. അതിനാല്‍ സ്ഥലപരിമിതി മറികടക്കാനും പരമാവധി സ്ഥലം പ്രയോജനപ്പെടുത്താനും സഹായകരമാകുന്നു. മെയ് മാസത്തിലാണ് നടേണ്ടത്. വിളവെടുപ്പ് സമയത്ത് കിഴങ്ങ് വേര്‍തിരിച്ച ചെടി ഭാഗം തന്നെ നടീല്‍ വസ്തുവായി ഉപയോഗിച്ചാല്‍ വിത്തിന് വേണ്ടി കിഴങ്ങ് ഉപയോഗിക്കുന്നതുമൂലമുള്ള നഷ്ടം ഒഴിവാക്കാം. കിഴങ്ങ് മുറിച്ച് ചെറുതാക്കിയും നടീല്‍ വസ്തു തയ്യാറാക്കാവുന്നതാണ്.ഒരടി ഉയരവും ഒരു മീറ്റര്‍ വീതിയും ആവശ്യത്തിന് നീളവുമുള്ള ചതുരാകൃതിയുള്ള വാരമെടുത്ത് അതില്‍ ചെറുകുഴിയെടുത്താണ് നടുന്നത്. വാരത്തില്‍ മൂന്നിഞ്ച് ആഴമുള്ള കുഴികളിലാണ് നടുന്നത്. ചെടികള്‍ തമ്മില്‍ ഒരടി വീതം അകലം പാലിക്കണം. പ്രത്യേകിച്ച് വളപ്രയോഗം ഒന്നും തന്നെ ആവശ്യമില്ലാത്ത വിളയെങ്കിലും ചാരം, ചാണകം, പച്ചിലവളം അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായകമാണ്. രാസവളം തീരെ ഇല്ല. പ്രത്യേകിച്ച് രോഗമോ കീടങ്ങളോ ആക്രമിക്കുന്നില്ല എന്നത് ഈ വിളയുടെ നേട്ടമാണ്.

ജനവരി, ഫിബ്രവരി മാസത്തിലാണ് വിളവെടുപ്പ് . മണ്ണ് കിളച്ച് ഉപയോഗ യോഗ്യമായ കൂവക്കിഴങ്ങ് വേര്‍തിരിച്ചെടുക്കണം. തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കിയ കിഴങ്ങ് ഉരലില്‍ ഇടിച്ച് കുഴമ്പാക്കി മാറ്റും. ഒരു പാത്രത്തിന്റെ വായ്ഭാഗം നേര്‍ത്ത തുണികൊണ്ട് പൊതിഞ്ഞ് തുണിയെക്കാള്‍ ഉയരത്തില്‍ വെള്ളം നിറച്ച് അതില്‍ കൂവക്കുഴമ്പ് കഴുകുമ്പോള്‍ വെളുത്ത നൂറ് വേര്‍തിരിഞ്ഞ് വെള്ളത്തില്‍ ലയിച്ച് ചേരും. വെള്ളത്തില്‍ ലയിച്ച നൂറ് പെട്ടെന്ന് തന്നെ അടിയുന്നതിനാല്‍ മുകളിലുള്ള അഴുക്ക് നിറഞ്ഞ വെള്ളം കളയാം. നൂറ് വീണ്ടും വെള്ളത്തില്‍ കഴുകിഅടിയാന്‍ അനുവദിക്കുകയും വെള്ളം കളയുകയും വേണം. മൂന്ന് നാല് തവണ ഇങ്ങനെ ആവര്‍ത്തിച്ചാല്‍ ശുദ്ധമായ നൂറ് ലഭിക്കും. ഇത് സൂര്യപ്രകാശത്തില്‍ ഉണക്കിയെടുത്താല്‍ കിട്ടുന്ന കൂവപ്പൊടി ദീര്‍ഘകാലം സൂക്ഷിക്കാം.രോഗികള്‍ക്കും വൃദ്ധര്‍ക്കും കുട്ടികള്‍ക്കും ഊര്‍ജം പകരുന്ന പാനീയമാണ് കൂവവെള്ളം. കൂവപ്പൊടി ലയിപ്പിച്ച വെള്ളത്തില്‍ തേങ്ങാപ്പാലും മധുരത്തിന് പഞ്ചസാരയോ ശര്‍ക്കരയോ ഏതെങ്കിലുമൊന്നും ചേര്‍ത്ത് തിളപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്. കൂവപ്പത്തിരി, അലീസ, മധുരപലഹാരങ്ങള്‍, കൂവവെരുകിയത് എന്നിങ്ങനെ വിവിധ വിഭവങ്ങള്‍ ഇതുപയോഗിച്ച് തയ്യാറാക്കാം. ദഹനശേഷി വര്‍ധിപ്പിക്കുന്നതാണ് കൂവപ്പൊടിയുടെ പ്രത്യേകത. ചില ആയുര്‍വേദ ഔഷധങ്ങളിലെ കൂട്ടായും പൊടി ഉപയോഗിക്കുന്നു.

സിറാജുദ്ധീന്‍ പന്നിക്കോട്ടൂര്‍
Stories in this Section